കണ്ണിമാങ്ങാ (കഥ) - ജോഷി പുച്ചന്താലില്‍ Test 6
Story Dated: Monday, July 14, 2014 12:58 hrs UTC  
PrintE-mail
  കണ്ണിമാങ്ങാ (കഥ)   - ജോഷി പുച്ചന്താലില്‍

അവധിക്കു നാട്ടില്‍ വന്ന അന്ന്‌ തന്നെ വൈകിട്ട്‌ മോളുടെ നിര്‍ബന്ധ പ്രകാരം അയാളും മകളും കൂടി നാട്ടിലെ അമ്പലത്തിലെക്കൊരു സായാഹ്ന നടത്തത്തിനിറങ്ങി

തന്റെ പഴയ വിഹാര കേന്ദ്രമായിരുന്ന കവലയിലെത്തിയപ്പോള്‍ അയാള്‍ ചുറ്റുപാടുമൊന്നു നോക്കി കവലയ്‌ക്ക്‌ കുറച്ചൊക്കെ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്‌, എങ്കിലും ഗ്രാമത്തിന്റെ വിശുദ്ധി നഷ്ട്‌ടപ്പെടുന്ന വിധത്തിലുള്ള വികസനങ്ങള്‍ ഒന്നും നടന്നിട്ടില്ല, ആറിന്റെ അക്കര ഇക്കര കരകളെ ബന്ധിപ്പിക്കുന്ന പാലം പഴയത്‌ തന്നെ, ഒരു സമയത്ത്‌ ഒരു വണ്ടിക്ക്‌ മാത്രമേ കടക്കുവാന്‍ സാധിക്കൂ എന്നതൊഴിച്ചാല്‍ പാലത്തിനു വേറെ കുറവുകള്‍ ഒന്നും ഇപ്പോളും കാണാനില്ല , അക്കരെയുള്ള പഴയ ചായക്കട കെട്ടിടത്തിനു വ്യത്യാസങ്ങള്‍ ഒന്നുമില്ല തൊട്ടടുത്ത പഴയ ആ മുറിയില്‍ ഒരു ഹാര്‍ഡ്‌വെയര്‍ കട തുടങ്ങിയിരിക്കുന്നു,

`അച്ഛാ ഇതുവഴിയല്ലേ അച്ഛന്‍ സ്‌കൂളില്‍ പോയി വന്നിരുന്നത്‌ ?'

മകള്‍ അനഘ സംശയങ്ങളുടെ ഭാണ്ഡം അഴിച്ചു തുടങ്ങി

`അതെ മോളേ'

`എന്നും നടന്നാണോ അച്ഛന്‍ സ്‌കൂളില്‍ പോയിരുന്നത്‌' ?

`അതെ മോളേ ,ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞു, എത്ര പ്രാവശ്യം മോള്‍ ചോദിച്ചറിഞ്ഞ കാര്യങ്ങളാ കുട്ടാ'

`എന്നാലും ഈ ഈ ഓള്‍ഡ്‌ ബില്‍ഡിംഗ്‌ ഒക്കെ കാണുമ്പോള്‍ ആ സ്‌റ്റോറിയൊക്കെ പിന്നേം കേള്‍ക്കണംന്നു തോന്നുമച്ഛാ'

ഈ ബില്‍ഡിംഗിന്റെ ഫ്രെണ്ടില്‍ അല്ലെ ചില അപ്പച്ചന്മാര്‍! ചെസ്‌ കളിച്ചുകൊണ്ടിരിക്കുമാരുന്നു എന്ന്‌ അച്ഛന്‍ പറഞ്ഞത്‌ ?

`അതെ മോളേ ദാറ്റ്‌ ഈസ്‌ നോട്ട്‌ ചെസ്‌, സം അദര്‍ ഗെയിം ലൈക്‌ ചെസ്‌'

`ഒകെ ഐ നോ, പക്ഷെ അച്ഛന്റൈ കണ്ടീഷന്‍ അച്ഛന്‍ തന്നെ ആദ്യം തെറ്റിച്ചു'
എന്ത്‌ ?

നാട്ടിലെത്തിയാല്‍ പിന്നെ നോ ഇംഗ്ലീഷ്‌, ഓണ്‌ലി മലയാളം എന്ന്‌ പറഞ്ഞതാരാ?

`ഓ സോറി സോറി'

ഈ കടയുടെ മുന്നിലെ തിണ്ണയില്‍ പണ്ട്‌ തന്റെ കുട്ടിക്കാലത്ത്‌ അതിന്റെ ഉടമസ്ഥന്‍ പാച്ചന്‍ പിള്ള ചേട്ടനും മറ്റു ചില സുഹൃത്തുക്കളും ഒരു പലക മുന്നില്‍ വച്ച്‌ തടികൊണ്ടുള്ള ചില ഷേപ്പൊത്ത കരുക്കളും അതില്‍ വച്ച്‌ ഇരുന്നു (നിരകളിയോ മറ്റോ ആയിരുന്നു എന്ന്‌ തോന്നുന്നു, ഇന്നത്‌ കൃത്യമായി ഓര്‍മ്മയില്ല) ഗൌരവമായി അതിലേക്കു തന്നെ നോക്കിയിരുന്നു കളിക്കുന്ന കാര്യം പലപ്പോഴും താന്‍ കഥകളില്‍ മോളോട്‌ പറഞ്ഞു കൊടുത്തിട്ടുണ്ട്‌ അതാണിപ്പോള്‍ അവള്‍ ഓര്‍ത്ത്‌ ചോദിക്കുന്നത്‌.

തൊട്ടപ്പുറത്തുണ്ടായിരുന്ന ഓലക്കുടിലിന്റെ സ്ഥാനത്തു ഇപ്പോള്‍ ഒരു കൊച്ചു വാര്‍ക്കപ്പുര കാണുന്നുണ്ട്‌ ,
കവലയില്‍ നിന്നും പഴയ പിടിവണ്ടികള്‍ അപ്രത്യക്ഷമായിരിക്കുന്നു പണ്ട്‌ സാധനങ്ങള്‍ (സിമന്റ്‌, ഇഷ്ട്‌ടിക അല്ലെങ്കില്‍ വാഴക്കുലകള്‍ ഒക്കെ) കൂടുതലായി ഉള്ളപ്പോള്‍ കൊണ്ടുപോകാന്‍ പിടിവണ്ടികള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്‌ അതിന്റെ സ്ഥാനത്തു ഇപ്പോള്‍ രണ്ടു മൂന്നു പെട്ടി ഓട്ടോകളും വിക്രമും ഒക്കെ കാണുന്നുണ്ട്‌ , പണ്ടുണ്ടായിരുന്ന ജൗളിക്കട ഇപ്പോള്‍ പലചരക്ക്‌ കടയായി മാറിയിരിക്കുന്നു,പണ്ട്‌ നെല്‌കൃഷി കാര്യമായി ഉണ്ടായിരുന്ന കാലത്ത്‌ രാവിലെയും വൈകിട്ടും പാടത്ത്‌ പണിയുവാനായി പെണ്ണുങ്ങള്‍ കൂട്ടമായി ഈ വഴിയിലൂടെ പോയിരുന്നു അവര്‍ വൈകിട്ട്‌ തിരികെ വരുമ്പോള്‍ ആ ചെറിയ ജൗളി പീടികയില്‍ കയറുകയും ഒരു ബ്ലൗസിന്റെ തുണി അല്ലെങ്കില്‍ ഒരു തോര്‍ത്തു അതുമല്ലെങ്കില്‍ ഒരു കൈലി അങ്ങനെയുള്ളവ ഒക്കെ വാങ്ങുകയും ചെയ്‌തിരുന്നു, അവരായിരുന്നു ആ പീടികയുടെ കസ്റ്റമെഴ്‌സ്‌. ഇന്ന്‌ പാടവുമില്ല പണികാരുമില്ല, ജൗളി വാങ്ങേണ്ടവര്‍ നേരെ പട്ടണത്തിലേക്ക്‌ ബസുകയറി പോയി ശീതീകരിച്ച വമ്പന്‍ ജൗളിക്കടകളില്‍ നിന്നും വാങ്ങും. നാട്ടിലെ പീടികയിലെ ജൗളിയൊക്കെ ഇപ്പോള്‍ ആര്‌ വാങ്ങാന്‍?

പണ്ട്‌ ഈ കടയുടെ മുന്നിലായിരുന്നു ആസ്ഥാന കുടിയന്മാരുടെ കവിയരങ്ങും നൃത്താഭ്യാസങ്ങളും നടന്നിരുന്നത്‌ അന്തിയോടടുക്കുമ്പോള്‍ തെങ്ങിന്‍ കള്ളിന്റെ മാസ്‌മരിക വലയത്തില്‍ അകപ്പെട്ട്‌ പാട്ട്‌ പാടി അതിനനുസരിച്ച്‌ നൃത്തം ചെയ്‌തിരുന്ന കുട്ടപ്പനും,അമ്മാന്‍ എന്ന്‌ വിളിപ്പേരുള്ള മണല്‍ വാരല്‍ തൊഴിലാളിയുമൊക്കെ ഇന്നു ജീവിചിരുപ്പുണ്ടോ ആവോ?അവര്‍ക്ക്‌ പകരക്കാര്‍ ആരെയും കവലയില്‍ കാണുന്നില്ല ചിലപ്പോള്‍ വരാന്‍ നേരമായില്ലായിരിക്കാം .

അങ്ങനെ മോളോടൊപ്പം നാട്ടിലെ വഴികളിലൂടെ നടക്കെ തന്റെ ബാല്യത്തിലേക്ക്‌ ഒരിക്കല്‍ കൂടി താന്‍ തിരിച്ചു പോകുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. ചിന്തകള്‍ കാലത്തിനെ തോല്‌പിച്ചുകൊണ്ട്‌ കണ്മുന്നിലെന്നപോലെ ഓരോന്നായി കടന്നു വരുന്നു .

പെട്ടെന്ന്‌ വഴിയരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു പുതിയ സാന്‍ട്രോ കാറിലേക്ക്‌ ഒരു സ്‌ത്രീ വന്നു കയറാന്‍ തുടങ്ങി,അയാളുടെ നോട്ടം പെട്ടെന്ന്‌ അവരുടെ നോട്ടവുമായി ഇടഞ്ഞു ,കാറിനുള്ളിലേക്ക്‌ കയറാന്‍ തുടങ്ങിയ സ്‌ത്രീ ഒന്ന്‌ കൂടി സംശയിച്ചു തിരിഞ്ഞു നിന്ന്‌ തന്നെ വീണ്ടും നോക്കുന്നത്‌ കണ്ടപ്പോള്‍ അയാളും അവരെ ശ്രദ്ധിച്ചു , ഒരു നിമിഷം ആ സ്‌ത്രീയുടെ മുഖം വിടര്‍ന്നതു അയാള്‍ കണ്ടു

ഇപ്പോള്‍ അയാളും മകളും ആ കാറിന്റെ അടുത്ത്‌ എത്തിയിരിക്കുന്നു, ആ സ്‌ത്രീ അതേ നോട്ടവുമായി നില്‌ക്കുകയാണ്‌ അടുത്തെത്തിയപ്പോള്‍ അയാള്‍ ഒന്ന്‌ പുഞ്ചിരിച്ചു

`എന്ന്‌ വന്നു'?

`ഇന്നെത്തിയതെയുള്ളൂ കണ്ണിമാങ്ങെ'

അവന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ പുറകോട്ടേക്ക്‌ പറന്നു.......

മാവ്‌ പൂക്കുന്ന സമയമായാല്‍ എന്നും കണ്ണിമാങ്ങാ വേണ്ടിയ അവളെ ഞങ്ങളെല്ലാം അന്നേ വിളിച്ചു തുടങ്ങിയ പേരാണ്‌ `കണ്ണിമാങ്ങാ'. സ്‌കൂളിനു മുന്നിലുള്ള മാവിലെ കണ്ണിമാങ്ങകള്‍ പറിച്ചു കിട്ടാനായി അവള്‍ എന്നും അവന്റെ പിന്നാലെ കൂടുമായിരുന്നു അത്‌ പറിച്ചു കൊടുക്കുന്നതിന്റെ സ്‌നേഹം അവള്‍ക്കെ ന്നുമുണ്ടായിരുന്നു ,അവള്‍ക്കവനോടുള്ള സ്‌നേഹത്തിന്റെ തീവ്രതയറിഞ്ഞത്‌ ഒരിക്കല്‍ കണക്കു പീരിയഡില്‍ ആണ്‌.........

മൂന്നാം ക്ലാസിലെ ബോര്‍ഡിന്റെ മുന്നില്‍ കയ്യില്‍ ഒരു ചോക്ക്‌ കഷ്‌ണവും പിടിച്ചുകൊണ്ടു അവന്‍ നില്‌ക്കു ന്നു

`ബോര്‍ഡില്‍ ഏതൊക്കെയോ അക്കങ്ങള്‍ മുകളിലും താഴെയുമായി എഴുതിയിട്ടുണ്ട്‌ ആ അക്കങ്ങള്‍ തമ്മില്‍ കൂട്ടുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്‌ കണക്കു പഠിപ്പിക്കുന്ന അമ്മിണി ടീച്ചര്‍ അവനില്‍ നിക്ഷിപ്‌തമാക്കിയിരിക്കുന്നത്‌ , കയ്യിലിരിക്കുന്ന ചോക്ക്‌ കഷ്‌ണം അവന്‍ ഒന്ന്‌ രണ്ടാവര്‍ത്തി ബോര്‍ഡില്‍ എഴുതിയിരിക്കുന്ന അക്കങ്ങള്‍ക്ക്‌ താഴെ കൊണ്ടെ മുട്ടിച്ച്‌ എന്തോ എഴുതുവാന്‍ തുനിഞ്ഞതാണ്‌ പക്ഷെ അത്‌ വെറും ഒരു കുത്തും വരയുമോക്കെയായി അവശേഷിക്കുകയാണുണ്ടായത്‌, അവന്റെ ഉള്ളില്‍ ഒരു കിടുകിടുപ്പുണ്ട്‌ എപ്പോളാണ്‌ തൊട്ടു പുറകില്‍ നില്‌ക്കുന്ന ടീച്ചറിന്റെ കയ്യിലുള്ള വള്ളിചൂരല്‍ ഒരു മൂളല്‍ സ്വരത്തോടെ വന്നു ചന്തിയില്‍ പതിക്കുന്നത്‌ എന്നറിയില്ല ,അറിയാവുന്ന കണക്കാണ്‌ പക്ഷെ എന്തുകൊണ്ടോ ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്നില്ല. കറുത്ത ബോര്‍ഡിലൂടെ വെളുത്ത അക്ഷരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നു ,അവ ഒരിടത്ത്‌ നിന്നാലല്ലേ തനിക്ക്‌ അതൊന്നു കൂട്ടിയെഴുതാന്‍ പറ്റൂ ,അങ്ങനെ ആലോചിച്ചു അതി ദയനീയ ഭാവത്തോടെ ടീച്ചറെ ഒന്ന്‌ രണ്ടാവര്‍ത്തി തിരിഞ്ഞു നോക്കി എന്തോ ചോദിക്കണമെന്നുണ്ട്‌ പക്ഷെ ടീച്ചറുടെ കണ്ണുകളും കയ്യിലിരുന്നു വിറയ്‌ക്കുന്ന ചൂരലും കാണുമ്പോള്‍ ഉമിനീര്‍ വറ്റിപ്പോകുന്നു ,തൊണ്ടയില്‍ നിന്നും വാക്കുകള്‍ ഒന്നും തന്നെ വെളിയിലേക്ക്‌ വരുന്നില്ല, അങ്ങനെ സംശയിച്ചു സംശയിച്ചു അവസാനം ഒരക്കം അവന്‍ ബോര്‍ഡില്‍ എഴുതിയതും വായുവില്‍ ഒരു മൂളല്‍ സൃഷ്ട്‌ടിച്ചുകൊണ്ട്‌ ആ ചൂരല്‍ അവന്റെ ചന്തിയില്‍ പതിഞ്ഞതും ഒരേ നിമിഷത്തിലായിരുന്നു, മുകളിലേക്ക്‌ ചാടിപ്പോയി, എന്താണ്‌ സംഭവിച്ചത്‌ എന്നറിയാന്‍ ഒരു സെക്കണ്ട്‌ സമയം വേണ്ടിവന്നു തീകൊണ്ട്‌ ആരോ കുത്തിയതുപോലെ ഒരു തോന്നല്‍... ഒരു നീറ്റല്‍.... കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി അടര്‍ന്നു വീണു, അതിനിടയിലൂടെ അവന്‍ കണ്ടു ചുണ്ടില്‍ ഒരു വിതുമ്പലുമായി കണ്ണുകള്‍ തുളുമ്പി മുന്‍ ബെഞ്ചില്‍ `അവള്‍' അതവനെ കൂടുതല്‍ വേദനിപ്പിച്ചു...'

`ഓ എന്നെ മറന്നിട്ടില്ല അല്ലെ?

`കണ്ണിമാങ്ങാ',..വര്‌ഷ!ങ്ങള്‍ക്കു ശേഷവും ആ പേരു മറന്നില്ല അല്ലെ ?

അവളുടെ ചോദ്യം അയാളെ ഓര്‍മ്മകളില്‍ നിന്നും തിരികെ കൊണ്ടുവന്നു.

`തന്നെ അങ്ങനെ വിളിച്ചല്ലേ എനിക്ക്‌ ശീലമുള്ളൂ'. അമ്മ വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നുവോ? തന്റെ കുടുംബം ?

എല്ലാവര്‍ക്കും സുഖം,എന്റെ വിശേഷങ്ങള്‍ പിന്നെപ്പറയാം , ഇത്‌ മോളാണല്ലേ?

`അതെ'

മോളേ എന്താ മോളുടെ പേര്‌ ?
`അനഘ'

`അനഘമോള്‍ക്ക്‌ ആന്റിയെ മനസ്സിലായോ ,ആന്റി പപ്പയുടെ പഴയൊരു ഫ്രെണ്ടാ'

അറിയാം ആന്റീ അച്ഛന്‍ പറഞ്ഞിട്ടുണ്ട്‌ ,നിങ്ങള്‍ ഒരുമിച്ചു സ്‌കൂളിലും കോളേജിലും പഠിച്ചതും, ആന്റിയെ കണ്ണിമാങ്ങാ എന്ന്‌ അച്ചന്‍ വിളിച്ചു തുടങ്ങിയതും അത്‌ കോളേജില്‍ മൊത്തം പാട്ടായതും അച്ഛനോട്‌ ആന്റിക്ക്‌ ദേഷ്യമായതുമെല്ലാം,........ ആ ആന്റി തന്നെയല്ലേ അച്ഛാ ഇത്‌ ?
തന്റെ കണ്ണിമാങ്ങാ എന്ന വിളിയും അവളുടെ ഉത്തരവും ഒക്കെ ശ്രദ്ധിച്ചു നിന്ന മോള്‍ക്ക്‌ തന്റെ കഥകളിലൂടെ പരിചിതയായ കണ്ണിമാങ്ങയെ പെട്ടെന്ന്‌ മനസ്സിലായി

അതെ എന്ന്‌ അയാള്‍ മെല്ലെ തലയാട്ടി

മോളുടെ വെളിപ്പെടുത്തലുകള്‍ കേട്ടു അവള്‍ അവിശ്വസനീയതയോടെ അയാളെ നോക്കി

അയാള്‍ ചമ്മിയ ഒരു ചിരിയോടെ നിന്നു, അവളുടെ കണ്ണുകള്‍ തിളങ്ങുന്നതായി അയാള്‍ക്ക്‌ തോന്നി, നേരിയൊരു നനവ്‌ അവിടെ പടര്‍ന്നുവോ? മോളും അവളെ ശ്രദ്ധിക്കുന്നുണ്ട്‌ ,അയാള്‍ക്കൊരു വല്ലായ്‌മ തോന്നി

അയാള്‍ പറഞ്ഞു `അപ്പോള്‍ ശരി, ഞങ്ങള്‍ ഒരു മാസം ഇവിടെ ഉണ്ടാവും അതിനിടയില്‍ താന്‍ അമ്മവീട്ടില്‍ വീണ്ടും വന്നാല്‍ കാണാം, ഇപ്പോള്‍ ഞങ്ങള്‍ അമ്പലം വരെ ഒന്ന്‌ പോകാനിറങ്ങിയതാണ്‌ .ഹസ്‌ബന്റിനെയും കുട്ടികളെയും ഒക്കെ അന്വേഷണം അറിയിക്കുക.

കാറില്‍ കയറുന്നതിനു മുമ്പ്‌ മോളേ കെട്ടിപ്പിടിച്ചു എന്റെ, സുന്ദരിക്കുട്ടി ആന്റിക്കൊരുമ്മ തന്നെ എന്ന്‌ പറഞ്ഞു ഉമ്മ വാങ്ങി തിരിച്ചും രണ്ടു കവിളിലും ഉമ്മ കൊടുത്ത്‌ അവള്‍ സാന്‍ട്രോ ഓടിച്ചു നീങ്ങി ,കാറില്‍ കയറി തിരിഞ്ഞു നോക്കുമ്പോഴും അവളുടെ കണ്ണുകളില്‍ നിന്നും രണ്ടു നീര്‍മുത്തുകള്‍ താഴേക്കു വീഴാന്‍ ഒരുങ്ങി നില്‌ക്കുന്നതായി താന്‍ കണ്ടു..

അയാളുടെ മനസ്‌ കോളേജു കാലത്തേക്ക്‌ ഒരു യാത്ര നടത്തി രണ്ട്‌ പതിറ്റാണ്ടോളം ആവുന്നു പക്ഷെ ഇപ്പോളും പലതും വ്യക്തമായി കാണാം... അവസാന ദിവസം എല്ലാവരും പരസ്‌പരം യാത്ര പറഞ്ഞു പിരിയുമ്പോള്‍ തന്നോട്‌ യാത്ര പറഞ്ഞു പിരിയവേ ഇതുപോലെ രണ്ടു തുള്ളി നീര്‍മുത്തുകള്‍ അവളുടെ കണ്ണുകളില്‍ താന്‍ കണ്ടിരുന്നു ,അന്നത്‌ തോന്നല്‍ ആവും എന്നാണു കരുതിയത്‌ പക്ഷെ ഇന്നും അത്‌??

`ഒരു വേള തന്റെ ഭാര്യ യമുന, ഈ സംഭവം കേട്ടു പറഞ്ഞതു പോലെങ്ങാനും..............ഹേ ആവില്ല ....'

ആലോചനയോടെ അയാള്‍ അമ്പലത്തിലേക്ക്‌ നടന്നു,

ശ്രീകൃഷ്‌ണന്റെ മുന്നില്‍ കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനക്കായി നില്‌ക്കുമ്പോളും `കണ്ണിമാങ്ങയുടെ' കണ്ണിലെ നീര്‍ത്തുള്ളി തിളക്കത്തിന്റെ കാരണം തേടി അലയുകയായിരുന്നു അയാളുടെ മനസ്സ്‌ .........

(ജോഷി പുച്ചന്താലില്‍)


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.