അടിപതറിയ അവതാരങ്ങള്‍
Story Dated: Wednesday, February 22, 2017 08:23 hrs EST  
PrintE-mailപാര്‍വതിയോടും ഭാഗ്യലക്ഷ്മിയോടും ചിലതു ചോദിക്കാതിരിക്കാനാവുന്നില്ല

 

സ്ത്രീവിഷയങ്ങളില്‍ സത്യസന്ധവും ധീരവുമായ നിലപാടെടുക്കുന്നവര്‍ എന്ന ഒരു ഇമേജ് സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ രണ്ടു പേരും ശ്രമിക്കുന്നത് കുറച്ചു കാലമായി പൊതു സമൂഹം ശ്രദ്ധിക്കുന്നുണ്ട്. ഞാനും. അതിനിടയില്‍ നിങ്ങള്‍ പോലും പ്രതീക്ഷിച്ചു കാണില്ല ഒരു സിനിമാനടിക്ക് അപകടം പറ്റിയതില്‍ പ്രതികരിക്കേണ്ടി വരുമെന്ന്. കാരണം സിനിമക്കുള്ളില്‍ എന്തു നടന്നാലും അത് അതിനുള്ളില്‍ തന്നെ കൂഴിച്ചു മൂടപ്പെടുകയാണല്ലോ പതിവ്. സ്ത്രീകള്‍ക്കായി ഇങ്ങനെ പ്രതികരിച്ചു പ്രതികരിച്ചു മുന്നേറുമ്പോഴാണ് നിങ്ങളെ പോലും ഞെട്ടിച്ചു കൊണ്ട് ഒരു നടി ആക്രമിക്കപ്പെട്ടത്. എന്നാല്‍ പിന്നെ അതിലും പ്രതികരിച്ചു കളയാം എന്നു കരുതി നിങ്ങള്‍ രണ്ടു പേരും പ്രതികരണവും ആരംഭിച്ചു. അപ്പോഴാണ് അടുത്ത അപകടം. സംഭവങ്ങള്‍ സിനിമക്കകത്തേക്ക് വിരല്‍ ചൂണ്ടാന്‍ തുടങ്ങി.

 

 

സിനിമാതാരങ്ങളുടെ മയക്കു മരുന്നുപയോഗം, ഗുണ്ടാ വിളയാട്ടം, ഇഷ്ടമില്ലാത്തവര്‍ക്ക് അവസരങ്ങള്‍ തടയല്‍, ഒറ്റപ്പെടുത്തല്‍, സ്ത്രീവിരുദ്ധത, സിനിമാ സംഘടനയിലെ കൂഴപ്പങ്ങള്‍ എന്നു തുടങ്ങി ചര്‍ച്ചയങ്ങ് കൊഴുത്തു. അതോടെയാണ് നിങ്ങളുടെ രണ്ടു പേരുടേയും തനിനിറം കാണാന്‍ ഞങ്ങളെ പോലുള്ള സാധാരണപ്രേക്ഷകര്‍ക്ക് അവസരം കിട്ടിയത്. പിന്നീട് കാണുന്നത് ഭാഗ്യലക്ഷ്മി കണ്‍ട്രോള്‍ പോയി ജനക്കൂട്ടം നീതി നടപ്പാക്കണമെന്ന് അലറി വിളിക്കുന്നതും പാര്‍വതി പഴയ മൂകസിനിമയിലെ കഥാപാത്രം പോലെ നിശബ്ദയാവുന്നതുമാണ്. പാര്‍വതിയുടെ പെരുമാറ്റം, നിലപാടിലെ കള്ളത്തരം മാതൃഭൂമി ചര്‍ച്ചയില്‍ പാര്‍വതി പറയുന്നത് സത്യമായിട്ടും എനിക്കിതേക്കുറിച്ച് ഒന്നുമറിയില്ല എന്നാണ്. ചര്‍ച്ചയില്‍ നിലപാടിലെ ഇരട്ടത്താപ്പും കള്ളത്തരവും കൊണ്ട് നാണംകെട്ടപ്പോള്‍ വിശദീകരണക്കുറിപ്പ് ഇട്ടു.

 

 

സിനിമ സംഘടനയിലെ പ്രശ്നമാണ് ചര്‍ച്ച ചെയ്യുന്നത് എനിക്കറിയുമായിരുന്നില്ല എന്ന്. അതിന് സംഘടനയുടെ കാര്യങ്ങളൊന്നുമല്ലല്ളോ പാര്‍വതിയോട് വേണു ചോദിച്ചത്. സ്ത്രീ വിഷയങ്ങള്‍ തന്നെയാണ് ചോദിച്ചത്. നടിയുടേയും മഞ്ജു വാര്യരുടേയും പ്രശ്നങ്ങളും അതിലുള്ള നിലപാടുമാണ് ചോദിച്ചത്. (https://www.facebook.com/sunitha.devadas.3/videos/vb.100005601091400/595125220684176/?type=2&theater) ഒന്നുമറിയില്ളെങ്കിലും ആക്രമിക്കപ്പെട്ട നടി ഡെക്കാന്‍ ക്രോണിക്കിളിലല്ല ഇക്കാര്യം പറയേണ്ടത് എന്നും മഞ്ജു വാര്യര്‍ ബാക്കി കൂടി തുറന്നു പറയണം എന്നും പറയാന്‍ പാര്‍വതി മറന്നില്ല. എത്ര വൃത്തികെട്ട നിലപാട്. മഞ്ജു അല്ളെങ്കില്‍ തന്നെ എങ്ങനെയാണ് അതിജീവിക്കുന്നത് എന്ന് അതിനേ അറിയൂ. അപ്പോഴാണ് സൗഹൃദത്തില്‍ നിഷ്കളങ്കമായി പാര്‍വതി മൂഴുവന്‍ പറയാന്‍ ആവശ്യപ്പെടുന്നത്. നിഷ്കളങ്കതക്കു പകരം പാര്‍വതിയുടെ നിലപാടുകളിലെ കള്ളത്തരമാണ് ഇതിലൂടെ പുറത്തു വന്നത്. സ്ത്രീകളെക്കുറിച്ചു സംസാരിക്കുന്നതു സൈക്കോളജിസ്റ്റ് ആയതുകൊണ്ടണെന്നു പാര്‍വതി പറയുന്നു.

 

 

ആ സൈക്കോളജി വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടേയും അതിജീവനത്തിനായി പോരാടുന്ന മഞ്ജുവിനേയും മനസിലാക്കാന്‍ കഴിയില്ലേ ? തന്‍െറ ഭാഗം ന്യായീകരിക്കാനിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ പാര്‍വതി ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് വിക്കിപീഡിയയില്‍ നിന്നും സ്ക്രീന്‍ ഷോട്ട് ഇട്ട് ‘‘വിലക്കി എന്നു പറയുന്ന ആള്‍ക്ക് ഇത്രയും സിനിമ കിട്ടി ഇതിന്‍െറ പകുതി പോലും എനിക്കു കിട്ടിയില്ല . എന്നിട്ടാണ് എന്നെ വിളിച്ച് വിലക്കിയോ എന്നു ചോദിക്കുന്നത്’’എന്ന ‘‘തമാശ’’ പറയുന്നു. പാര്‍വതി നിങ്ങളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തിയും വാചകവും പെരുമാറ്റ രീതിയുമാണ് ഇത്. ഇതില്‍ നിന്നും വ്യക്തമാണ് താങ്കളുടെ നിലപാട്. പകല്‍ പോലെ വ്യക്തം. ഇരക്കൊപ്പമല്ല താങ്കള്‍. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഭാഗ്യലക്ഷ്മി തിരുവനന്തപുരത്തു അലറി പ്രസംഗിക്കുന്നതു കണ്ടു. അതുകൂടാതെ മറ്റു ചിലയിടത്തും പ്രതികരിച്ചൂ. ജസ്റ്റിസ് കമാല്‍ പാഷ പെണ്‍കുട്ടികളെ ആക്രമിക്കുന്നവരെ ജനം കൈകാര്യം ചെയ്യണം എന്നു പറഞ്ഞതൊക്കെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു കണ്ടു. ഭാഗ്യലക്ഷ്മിയുടെ പൊതു നിലപാട് അതുതന്നെയായിരുന്നു. പ്രതിയെ കൊല്ലണം, വെട്ടി നുറുക്കണം, സാധനം മുറിക്കണം.....

 

(https://www.youtube.com/watch?v=hop7-EY7rpM) അവസാനമായി ഫെയ്സ്ബുക്കിലിട്ട പോസ്റ്റൊക്കെ ജനക്കൂട്ടം നീതി നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുന്നവയും കുറ്റവാളികള്‍ക്കു തിന്നാന്‍ പോലും കൊടുക്കാതെ പച്ചക്കു കത്തിക്കണം എന്നുമൊക്കെ അലറി അട്ടഹസിക്കുന്നവയാണ്. ജയില്‍പുള്ളികള്‍ക്കു മാന്യമായ ജീവിതസാഹചര്യം ജയിലില്‍ ഉള്ളതുകൊണ്ടാണത്രേ കുറ്റവാളികള്‍ പെരുകുന്നത്. നിങ്ങള്‍ ജീവിക്കുന്നത് പ്രകൃത നിയമങ്ങളുള്ള രാജ്യത്തല്ല. ഇങ്ങനെ ഇവരും കുറേ കണ്‍ട്രോള്‍ പോയ ജനങ്ങളും നീതിയും നിയമവും കയ്യിലെടുക്കാനാണെങ്കില്‍ എന്തിനാണ് ഭരണവും ഭരണകൂടവും കോടതിയും പൊലീസുമൊക്കെ?

 

 

ഇവര്‍ കരുതുന്നത് മനുഷ്യാവകാശങ്ങള്‍ ചില എലൈറ്റ് ക്ളാസ്സിനു മാത്രമുള്ളതാണെന്നാണോ? ഒരാള്‍ പ്രതിയാണെന്നു തെളിയുന്നതിനു മുമ്പ് വെട്ടിനുറുക്കി കൊല്ലണമെന്നാണോ പറയുന്നത്? ഇവരൊക്കെയാണത്രേ നമ്മുടെ സ്ത്രീ വിമോചകരും മനുഷ്യാവകാശ പ്രവര്‍ത്തകരും. സഹതാപം മാത്രം. ഭാഗ്യലക്ഷ്മി എല്ലാ അനീതിക്കെതിരേയും ശബ്ദമുയര്‍ത്തുന്ന സ്ത്രീവിമോചകയായിട്ടും ഇതുവരെ സിനിമക്കുള്ളില്‍ നടക്കുന്ന ഒരു വിവേചനവും അറിഞ്ഞിട്ടില്ളേ? എത്രയോ പെണ്‍കുട്ടികള്‍ അവിടെ നീതിക്കായി കാത്തുനില്‍ക്കുന്നുണ്ടല്ളോ.. എന്താണവര്‍ക്കൊന്നും നീതി വാങ്ങിക്കൊടുക്കാന്‍ ഇടപെടാത്തത്? പാവപ്പെട്ടവന്‍െറ നെഞ്ചത്തു കുതിര കയറുന്നത്ര എളുപ്പമല്ല അധികാരവും പണവും സ്ഥാനമാനങ്ങളുമുള്ളവരോട് ഏറ്റുമുട്ടുന്നത്. എല്ലാ ദിവസവും തനിക്ക് ആയിരക്കണക്കിനു പരാതികള്‍ കിട്ടുന്നുണ്ടെന്നു പറഞ്ഞു കേട്ടു. അങ്ങനെ കിട്ടുന്നുണ്ടെങ്കില്‍ സമാന്തര ഭരണകൂടവും കോടതിയുമാവാതെ പരാതിയുമായി വരുന്നവരെ കൃത്യമായി ഡയറക്റ്റ് ചെയ്യണം. പൊലീസിനടുത്തേക്ക്.. കോടതിയിലേക്ക്..

 

 

വക്കീലന്‍മാരുടെ അടുത്തേക്ക്. അവനവനു നഷ്ടമില്ലാത്ത, ദോഷമില്ലാത്ത കാര്യങ്ങളില്‍ മാത്രം പ്രതികരിക്കുന്നവരാണ് മിക്കവാറും മനുഷ്യര്‍. പ്രത്യേകിച്ചും സിനിമാക്കാര്‍. അവരില്‍പ്പെട്ട രണ്ടു പേര്‍ മാത്രമാണ് നിങ്ങളും എന്ന് തെളിയാന്‍ ഒരു നടി ആക്രമിക്കപ്പെടേണ്ടി വന്നു. അവസാനമായി ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ നിങ്ങളുടെ നിലപാട് എന്താണ്? ആക്രമണത്തില്‍ സഹപ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ നിങ്ങളുടെ നിലപാടെന്താണ്? സിനിമക്കകത്തു നിന്നും ഉയരുന്ന സ്ത്രീപ്രശ്നങ്ങളില്‍ നിങ്ങളുടെ നിലപാട് എന്താണ്? സ്ത്രീകളുടെ സുരക്ഷക്കായി ഒരു സംഘടനയോ കൂട്ടായ്മയോ പരാതി പറയാന്‍ ഒരിടമോ സിനിമക്കുള്ളിലുണ്ടോ? അതു വേണ്ടേ? വടക്കാഞ്ചേരി പീഡനം എന്ന പേരില്‍ നിങ്ങള്‍ രണ്ടാളും കൂടി അവതരിപ്പിച്ച പത്രസമ്മേളനത്തിനു ശേഷം ആ കേസില്‍ എന്തു പുരോഗതി ഉണ്ടായി? എന്താണ് കേസൊന്നും എടുക്കാത്തത്? നിങ്ങള്‍ ആ കേസ് ഇപ്പോള്‍ ഫോളോ അപ് ചെയ്യുന്നില്ളേ?

 

 

പൊതുവായി ചില കാര്യങ്ങള്‍: പുരുഷന്‍മാര്‍ മൊത്തം എന്തോ കു ഴപ്പമാണെന്ന രീതിയില്‍ ‘‘കൊടും ഫെമിനിസ്റ്റുകള്‍’’ നടത്തുന്ന ആ അലര്‍ച്ചയുണ്ടല്ലോ . അതങ്ങു നിര്‍ത്തുക. നിങ്ങള്‍ക്ക് ജീവിതത്തില്‍ അന്തസുള്ള പുരുഷന്‍മാരെ പരിചയപ്പെടാന്‍ അവസരം കിട്ടിയില്ലാന്നു കരുതി ലോകത്തിലെ പുരുഷന്‍മാരെ മൊത്തം കൂഴപ്പക്കാരായി മുദ്ര കുത്തുന്ന ഈ ഏര്‍പ്പാട് പരിഹാസ്യമാണ്. സമൂഹത്തില്‍ ഭൂരിഭാഗവും അന്തസുള്ള പുരുഷന്‍മാരാണ്. വളരെ കുറച്ചു പേരാണ് മനോരോഗികള്‍. അവരെ മാത്രം കണ്ടു ജീവിച്ചു , വിലയിരുത്തി മൊത്തം മനുഷ്യരെ വൃത്തികെട്ടവരായി ആക്ഷേപിക്കരുത്. മാന്യതയുള്ള മനുഷ്യര്‍ക്കും ഇവിടെ ജീവിക്കണം.

 

Sunitha Devadas


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.