'നിര്‍വൃതി' അരങ്ങുണരുകയാണ് Vinod Kondoor David
Aswamedham News Team
Story Dated: Thursday, March 16, 2017 12:47 hrs UTC  
PrintE-mailമീര പാടുകയാണ്. ദൈവത്തോടുള്ള സ്‌നേഹം പ്രേമമായി മാറുന്നു. ഒടുവില്‍ അത് സ്വബോധം നഷ്ടപ്പെടുത്തുന്നു. എങ്കിലും പാട്ട് അവസാനിക്കുന്നില്ല. മീരയ്ക്കു ശേഷവും അതു തുടര്‍ന്നുകൊണ്ടിരുന്നു. എട്ടു ദശകങ്ങള്‍ക്കപ്പുറം രാജസ്ഥാനില്‍നിന്നു രൂപം കൊണ്ട ഭജനുകള്‍ ഇന്നും കര്‍ണങ്ങള്‍ക്കു കൗതുകമാകുന്നു. കേട്ടവര്‍ ഏറ്റുപാടുന്നു. ആനന്ദത്തില്‍ നിര്‍വൃതി കൊള്ളുന്നു. ഇന്നു ന്യൂജേഴ്‌സിയിലും 'നിര്‍വൃതി' അരങ്ങുണരുകയാണ്. ഭക്തമനസുകള്‍ക്ക് ആനന്ദം പകരാന്‍. ദീപ്തി നായര്‍ , രഞ്ജു ദാസ്, ദിവ്യ നായര്‍ എന്നിവര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഡാന്‍സ് ഡ്രാമ മീരയുടെ കഥ പറയുകയാണ്. ദൈവത്തോടുള്ള ഭക്തി എന്നതിലുപരി ലോകത്തെ സര്‍വ ചരാചരങ്ങളിലും സ്‌നേഹം നിറച്ചൊഴുകുന്ന കാവ്യകേളിയുടെ ദൃശ്യാവിഷ്‌കാരമാണിത്. അഞ്ചു വയസു മാത്രം പ്രായമുണ്ടായിരുന്ന അന്നുമുതല്‍ ശരീരത്തില്‍ കൃഷ്ണനെ കുടിയിരുത്തിവളാണ് മീര. ഭക്തികൊണ്ട് വിഷം അമൃതാക്കി മാറ്റിയവള്‍. കൃഷ്ണ ഭക്തിയില്‍നിന്ന് വിശ്വാസത്തിന്റെ ശക്തി സായത്തമാക്കിവള്‍. മീര ലോകത്തിന്റെ പ്രതീകമാണ്.

 

 

സ്‌നേഹം നശിച്ച, സ്ത്രീത്വം അപഹരിക്കപ്പെട്ട, ജാതിക്കോലങ്ങള്‍ തിന്മ കെട്ടിയാടുന്ന, നന്മയെ കടലിലെറിഞ്ഞ ലോകത്തിനു പുതിയ നേരു തേടിയ മീരയുടെ ജീവിതം ബാലെ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതൊരു നല്ല സന്ദേശം കാണികള്‍ക്കു നല്‍കുമെന്ന് ഇതിന്റെ അണിയറ ശില്‍പികള്‍ പറയുന്നു. മീര വെറും  ഭക്തമീരയല്ലെന്ന സന്ദേശമാണ് നിര്‍വൃതിയുടെ അണിയറ ശില്‍പികള്‍ നല്‍കുന്നത്. സ്ത്രീ ശക്തിയുടെ പ്രതീകമാണ് മീര. അവള്‍ ത്യാഗങ്ങള്‍ സഹിച്ചവളാണ്. പ്രത്യാശ കൈവിടാതെ ജീവിക്കാന്‍ പഠിച്ചവളാണ്- പഠിപ്പിച്ചവളാണ്. മീര കൃഷ്ണനെ പ്രാര്‍ഥിച്ചത് അവള്‍ക്കു വേണ്ടി മാത്രമായിരുന്നില്ല. മുഴുവന്‍ സ്ത്രീ സമൂഹത്തിനും വേണ്ടിയായിരുന്നു. ദാമ്പത്യത്തിന്റെ പുതുമ മാറും മുന്‍പ് ഭര്‍ത്താവു മരിച്ചപ്പോള്‍ ഭക്തിയില്‍ അഭയം തേടി ലോകത്തെ ക്രമപ്പെടുത്തിയവളാണ്. മരണം അഭയമാക്കുന്നവര്‍ക്ക് പ്രതീകമാണവള്‍. തന്നെ കൊല്ലാന്‍ രാജാവു നല്‍കിയ വിഷം സന്തോഷത്തോടെ കുടിച്ചവളാണ്.

 

 

വിഷം അമൃതായപ്പോള്‍ തോറ്റുപോയത് ആണ്‍കോയ്മയാണ്. ആ കോയ്മയുടെ കോലങ്ങള്‍ ഇന്നും ഉറഞ്ഞു തുള്ളുന്നുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് 'നിര്‍വൃതി'. 'സ്പന്ദന എന്ന നൃത്തകൂട്ടായ്മ തുടങ്ങുമ്പോള്‍ ന്യൂജേഴ്‌സിയില്‍ ഡാന്‍സ് സ്‌കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു. പിന്നെ പ്രൊഫഷണലായ നൃത്താധ്യാപികമാര്‍ ഒരുമിച്ചു ചേര്‍ന്നു. ആദ്യ പരിപാടി അഞ്ചു വര്‍ഷം മുന്‍പ് ചെയ്തപ്പോള്‍ ഏവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. അവരുടെ പ്രോത്സാഹനമാണ് ഇത്തരത്തില്‍ ഈ കൂട്ടായ്മ വളര്‍ത്തിയത്. അതിലും ഉപരി ഞങ്ങളുടെ കൂട്ടായ്മയില്‍ ഉള്ളവരെല്ലാം ആത്മാര്‍ഥത കൈവിടാതെ തങ്ങളുടെ ജോലിയോടു കൂറുപുലര്‍ത്തി'. പരിപാടിക്കുവേണ്ട കോസ്റ്റിയൂംസും സംഗീതവും എല്ലാം അവര്‍ തന്നെയാണ് ചെയ്യുന്നത്. തികച്ചും പ്രഫഷണലുകളുടെ കൂട്ടായ്മയാണ് സ്പന്ദന. മാര്‍ച്ച് 18നു സ്പന്ദനത്തിന്റെ നിര്‍വൃതി ന്യൂജേഴ്‌സിയില്‍ അരങ്ങേറുകയാണ്. പുതിയൊരു സന്ദേശവുമായി. അതുകഴിഞ്ഞാല്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടി അവതരിപ്പിക്കാനും ഇവര്‍ക്കു പദ്ധതിയുണ്ട്. കോറിയോഗ്രാഫിയും സംവിധാന മികവുമായി ദിവ്യാ നായര്‍ സ്പന്ദനയുടെ ചെറിയ കാര്യങ്ങളില്‍ പോലും ഒരു കരുതല്‍ എടുക്കുമ്പോള്‍ പിഴവ് പറ്റാത്ത പൂര്‍ണ്ണതയിലേക്ക് നിര്‍വൃതിയെ എത്തിക്കുവാന്‍ ഇടത്തും വലത്തുമായി ദീപ്തിയും രെന്‍ജുവും നിലകൊള്ളുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.