മലയാളത്തിന്റെ പച്ചപ്പുകൾ ഇറോമിന് ഇടം നൽകുമോ? ജയ്‌ പിള്ള
jayasankar@hotmail.ca
Story Dated: Thursday, March 16, 2017 11:59 hrs UTC  
PrintE-mailഒരു വനവാസകാലത്തിനും,ജന സമ്പർക്കത്തിനുമൊടുവിൽ സമരകാഹളങ്ങളുടെ,പ്രതിക്ഷേധങ്ങളുടെ,ജനാധിപത്യത്തിന്റെയും,സാക്ഷരതയുടെയും നാടായ മലയാള മണ്ണിലേക്ക് ഇറോം ശർമ്മിളയെ പറിച്ചു നട്ടിരിക്കുന്നു.അതും ഇന്ന് കേരളത്തിന്റെ ഏറ്റവും അവഗണിക്കപ്പെട്ടത് എന്ന് മാറി മാറി വരുന്ന അധികാരി വർഗ്ഗത്തെ പ്രതിപക്ഷവും,മറ്റു സാമൂഹിക പരിഷ്കർത്താക്കളും നിരന്തരമായി ഓർമിപ്പിക്കുന്ന,മുറവിളികൾ ഉയരുന്ന അട്ടപ്പാടി എന്ന മലയോര പ്രദേശം. പെരുമരങ്ങൾ പിഴുതു നടുമ്പോൾ ഉണ്ടാവുന്ന എല്ലാ ബാലാരിഷ്ഠകളും ഇവരെയും ബാധിക്കും എന്നത് പകൽ പോലെ സത്യവും ആണ്.മലയാളത്തിലെ പല എഴുത്തുകളും വായിച്ചാൽ നമുക്ക് മനസ്സിലാകുന്ന ഒരു സത്യം ഉണ്ട്,ഇറോം ശർമിള എന്ന വ്യക്തിയുടെ പ്രവർത്തിയോ ജീവിതമോ എന്തായിരുന്നു എന്ന് യാതൊരു വിധ ധാരണകൾ ഇല്ലാത്തവർ വരെ ആണ് പ്രതികരണങ്ങൾ അറിയിക്കുന്നത്?

 

 

 

നീണ്ട 16 വര്ഷം ഒരു നാടിനു വേണ്ടി പൊരുതിയ വനിത.യുവത്വത്തിൽ ഏതു മനുഷ്യർക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളും അഭിലാഷങ്ങളും നാട്ടിലെ വനിതാ സംരക്ഷണത്തിന്റെയും നീതി തുല്യതയ്ക്കു വേണ്ടിയും സ്വയം മാറ്റി വച്ച് പ്രക്ഷോഭം നയിച്ചവൾ.അധികാരികൾക്കും,യൂണിഫോ ഇട്ട ഏമാൻ മാരുടെ സ്ത്രീ ശരീര മോഹങ്ങളോടും ആക്രമണങ്ങളോടും ധൈര്യമായി പോരാടിയവൾ. ഇവയെല്ലാം അവരുടെ ചുരുങ്ങിയ വിവരങ്ങൾ മാത്രം.സ്ത്രീ കളോടുള്ള ആക്രമണങ്ങൾ പ്രതിക്ഷേധിച് നഗ്നരായി സമൂഹത്തോട് പ്രതിഷേധിച്ചവൾ... ഒരു രാഷ്ട്രീയ പാർട്ടികളുടെയും പ്രലോഭനങ്ങളിൽ വഴങ്ങാതെ ഇന്ത്യയുടെ ഭരണ ക്രമങ്ങൾക്കു അനുസരിച്ചു തിരഞ്ഞെടുപ്പിൽ ആ ദേശം ഭരിക്കുന്ന മുഖ്യന് എതിരെ മത്സരിച്ചതാണോ തെറ്റ്?അതോ ബന്ധുക്കളും,വേണ്ടപ്പെട്ടവരും സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാൻ ശ്രെമിച്ച ഇറോം വഴങ്ങാതിരുന്നതോ? മത രാഷ്ട്രീയങ്ങളുടെ ഭീഷണികളിൽ വഴങ്ങി കൊടിക്കീഴിൽ അണി നിരക്കാതിരുന്നതോ? സ്വന്തം ജീവനും,ജീവിതവും തന്നെ ആയുധവും,ലക്ഷ്യ പ്രാപ്തിക്കുള്ള മാർഗ്ഗവും ആയി സ്വീകരിച്ചു യാതനയും,ദുരിതവും അനുഭവിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി 16 വര്ഷം പോരാടിയതാണോ ഇവർ ചെയ്ത തെറ്റ് ?

 

 

 

തിരഞ്ഞെടുപ്പുകൾ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗം മാത്രം ആണ്.അതിൽ ജയവും തോൽവിയും ഒരു അവസാന തീർപ്പും അല്ല.90 വോട്ടുകളിൽ ആദ്യത്തേതോ അവസാനത്തേതോ ഇറോമോന്റേതാണ്.ചിലപ്പോൾ സ്വന്തം നാടിനു വേണ്ടി സ്വയം അർപ്പിച്ച അവകാശവും.ഒന്ന് മാത്രം പറയട്ടെ... ഇറോം നിങ്ങളെ നിങ്ങളുടെ ജന്മ നാടിനു ലഭിക്കുവാൻ യോഗ്യതയില്ല.അവർക്കു വേണ്ടത് ഇന്നിന്റെ വ്യവസ്ഥിതികളെ നയിക്കുന്ന ജാതി മത രാഷ്ട്രീയ സങ്കര ഇനങ്ങളെ ആണ്. കേരള മണ്ണിൽ മലബാർ മേഖല സമരങ്ങളുടെയും ലഹളകളുടെയും തീക്കളങ്ങൾ ആയിരുന്നു.ഇന്നും സ്ഥിതി മറിച്ചാണ് എന്ന് പറയാറായിട്ടില്ല.ഇന്ന് നിങ്ങൾ നിൽക്കുന്ന അട്ടപ്പാടിയിലെ മണ്ണിനു പറയുവാൻ,യാതനയുടെയും,കഷ്ടപ്പാടിന്റെയും,ഓരം ചേർക്കലിന്റെയും കഥകൾ മാത്രം ആണുള്ളത്.തിരസ്കരിക്കപ്പെട്ട അവകാശങ്ങളുമായി സാക്ഷരതയുടെയും,സോഷ്യലിസ്റ്, കൊണ്ഗ്രെസ്സ് പാർട്ടികളുടെയും ,കക്ഷികളുടെയും വാഗ്ദാനങ്ങളിൽ കഴിഞ്ഞ ആറു പതിറ്റാണ്ടുകൾ പെരുവിരലിൽ മഷി ഉണക്കിയവർ ആണ്. നിൽപ് സമരത്തിനും,കാടിളകിയ പല അഭിപ്രായങ്ങൾക്കും ഇടം നൽകിയവർ.

 

 

 

നിൽപ് സമര നായികയെ പാർട്ടി വശത്താക്കി.അത് പോലെ ഓരം ചേർക്കപ്പെടുന്നവർക്കു വേണ്ടി വാദിക്കുന്നവരും,വാദിച്ചിരുന്നവരും കളങ്ങൾ പലതു മാറി ചവിട്ടുകയും,കൊടികാലുകൾ പലതും മാറി പിടിച്ചവരും ആണ്. അതിൽ ഇന്ന് നിങ്ങളെ പ്രലോഭിപ്പിക്കുന്ന നവ നൂതന ആശയങ്ങൾ അകമേ ഉൾകൊണ്ട തൊഴിലാളി പ്രസ്ഥാനവും പെടും. കേരള ജനതയും,രാഷ്ട്രീയവും നിങ്ങളെ ഉൾകൊള്ളുവാൻ ചിലപ്പോൾ ഇനിയും വനവാസ കാലങ്ങൾ ഏറെ വേണ്ടി വരും.സാധാരണക്കാരനായ ഒരു സിനിമാ പ്രവർത്തകൻ ( സിനിമ എന്ന് പറയുന്നതാണ് ഉത്തമം) സ്വന്തം ചിലവിൽ അട്ടപ്പാടി മേഖലയിൽ സേവന പ്രവർത്തനങ്ങൾ നടത്തിയതിനെ വിമർശിച്ച മലയാളികൾ ആണ് ഞങ്ങൾ.മലബാറിന്റെ മണ്ണിൽ അടുത്തകാലത്ത് ഉണ്ടായ മാവോയിസ്റ് വേട്ട കഴിഞ്ഞിട്ട് അധിക നാളുകൾ ആയിട്ടില്ല. അതും ചില രാഷ്ട്രീയ കലാ പ്രകടനങ്ങളാണ് എന്ന് പറയപ്പെടുന്നു. പ്രശ്നങ്ങൾ ഏറെ ആണ് മലബാറിന് പറയുവാനുള്ളതും,തീർക്കുവാനുള്ളതും,അത് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും,സാമൂഹിക സംവിധാനങ്ങൾക്കും അറിവുള്ളതും ആണ്.അതങ്ങിനെ തന്നെ നിലനിർത്തികൊണ്ട് പോകുന്നതിലും പ്രശ്നങ്ങളെ പഠിച്ചു പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിലും മാറിവന്ന സമിതികളും,ഭരണങ്ങളും വിജയിച്ചിട്ടും ഉണ്ട്.

 

 

ജനകീയ നന്മയും,ഉയർച്ചയും,ജീവിത സാഹചര്യങ്ങളിൽ ഉള്ള ഉയർച്ചയും ആണ് ഇറോം നിങ്ങൾ ഈ മണ്ണിനു വാഗ്ദാനം നൽകുന്നത് എങ്കിൽ അത് വളരെ തന്മയത്തത്തോടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും,അതികായന്മാരും ഒന്നിച്ചു നിന്ന് നിങ്ങൾക്ക് നടത്തി തരും. ഇന്ന് നിങ്ങളുടെ നാട് നിങ്ങളെ ഓരം ചേർത്തതു പോലെയോ അതിലും ഭംഗിയായോ .. ഒരിക്കലും അഴിക്കാൻ പറ്റാത്ത കുരുക്കുകൾ ആണ് മലയോര മേഘലയിൽ അവർ തീർത്തിരിക്കുന്നത്.അതിനു പറയുവാൻ വന നശീകരണത്തിന്റെയും,സുഗന്ധ ദ്രവ്യ കച്ചവടത്തിന്റെയും,സ് ത്രീ ചൂഷണത്തിന്റെയും,ഭൂമി കൈയ്യേറ്റത്തിന്റെയും ആയുവേദ റിസോർട് ഗവേഷണങ്ങളുടെയും ഒക്കെ ശക്തമായ അടിവേരുകൾ ഉണ്ട്. മണിപ്പൂരിന്റെ മണ്ണിൽ നിന്നും മലയാളത്തിലേക്കുള്ള പറിച്ചു നടലിൽ തായ്‌വേരറ്റുപോയ പെരുമരമായി നിങ്ങൾ മാറാതിരിക്കട്ടെ. മലയാളത്തിന്റെ പച്ചപ്പുകൾ ഇറോമിന് ഇടം നൽകുമോ എന്ന ചോദ്യം കാറ്റിൽ ഉലയുന്ന ഇറോമിന്റെ മുടിയിഴകൾ പോലെ എന്നും അവശേഷിക്കുമോ?


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.