ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന നോമ്പുകാലധ്യാനം ഫിലഡൽഫിയയിൽ Jose Maleckal
jmaleckal@aol.com
Story Dated: Monday, March 20, 2017 11:42 hrs UTC  
PrintE-mailഫിലഡൽഫിയ∙ വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാപള്ളിയിൽ വാർഷികധ്യാനം മാർച്ച് 31 വെള്ളിയാഴ്ച്ച മുതൽ ഏപ്രിൽ 2 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. അനുഗൃഹീത വചനപ്രഘോഷകനും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേൽ ആണ് ഈ വർഷം ധ്യാനം നയിക്കുന്നത്. ദാനം ചെയ്യുന്നതാണു സ്വീകരിക്കുന്നതിനേക്കാൾ മഹത്തരം എന്നുള്ള തത്വശാസ്ത്രം ലോകമെങ്ങും പ്രചരിപ്പിച്ച് മരണാനന്തര അവയവദാനത്തെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും അതിനുള്ള സമ്മതപത്രം ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ നൽകുന്നതിനുള്ള ബോധവത്കരണം ജനങ്ങൾക്കു നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചിറമേൽ അച്ചൻ അറിയപ്പെടുന്ന ധ്യാനഗുരുവും ആണ്.

 

തന്റെ കിഡ്നി ഒരു ഹൈന്ദവസഹോദരനു ദാനം ചെയ്തുകൊണ്ട് കരുണയുടെയും സ്നേഹത്തിന്റെയും നവസുവിശേഷം സ്വന്തം ജീവിതത്തിലൂടെ മാതൃകകാണിച്ച് ജനസഹസ്രങ്ങളെ അവയവദാനത്തിലേക്കു പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന മഹദ്വ്യക്തിയാണു ചിറമേൽ അച്ചൻ. മാർച്ച് 31 വെള്ളിയാഴ്ച്ച നാലരയ്ക്ക് ആരംഭിക്കുന്ന ധ്യാനം എട്ടുമണിക്കുള്ള കുർബാന, കുരിശിന്റെ വഴി എന്നിവയോടെ അവസാനിക്കും. ഏപ്രിൽ 1 ശനിയാഴ്ച്ച രാവിലെ ഒൻപതു മണിക്ക് കുർബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാർത്ഥനാശുശ്രൂഷകൾ. ആറുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും. മൂന്നാം ദിവസമായ ഏപ്രിൽ 2 ഞായറാഴ്ച്ച രാവിലെ ഒൻപതു മണിക്ക് കുർബാന. ഇടവകജനം മുഴുവൻ ഒന്നിച്ച് വന്ന് ധ്യാനത്തിൽ പങ്കെടുക്കുന്നതിനാൽ അന്നേദിവസം രാവിലെ എട്ടരക്കുള്ള കുർബാന ഉണ്ടായിരിക്കുന്നതല്ല. ദിവ്യകാരുണ്യ ആരാധനയെതുടർന്ന് നാലരയ്ക്ക് ധ്യാനം സമാപിക്കും.

 

 

ശനിയാഴ്ച്ചയും, ഞായറാഴ്ചയും സിസിഡി കുട്ടികൾക്കും, യുവജനങ്ങൾക്കും പ്രത്യേക സെഷനുകൾ ഇംഗ്ലീഷിൽ ഉണ്ടായിരിക്കും. സുപ്രസിദ്ധ ധ്യാനഗുരുവും, ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോസ് ഉപ്പാണിയുടെ നേതൃത്വത്തിലുള്ള ധ്യാനടീം ആയിരിക്കും കുട്ടികളുടെ ഇംഗ്ലീഷിലുള്ള ധ്യാനം നയിക്കുന്നത്. സെഹിയോൻ അഭിഷേകാഗ്നി യൂത്ത് മിനിസ്ട്രി അംഗങ്ങളായ ടോംസ് ജോർജ് ചിറയിൽ, ജോമോൻ ജോസഫ് എന്നിവരും കുട്ടികളുടെ ധ്യാനത്തിനു സഹായികളാവും. ശനിയാഴ്ച്ചയും, ഞായറാഴ്ചയും ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കു ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാർഷികധ്യാനത്തിൽ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തിൽ കാത്തുസൂക്ഷിക്കാൻ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി ആഹ്വാനം ചെയ്യുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്– ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി 916 803 5307, മോഡി ജേക്കബ് (കൈക്കാരൻ) 215 667 0801,ജോസ് തോമസ് (കൈക്കാരൻ) 412 656 4853,റോഷിൻ പ്ലാമൂട്ടിൽ (കൈക്കാരൻ) 484 470 5229, ഷാജി മിറ്റത്താനി (കൈക്കാരൻ) 215 715 3074, ടോം പാറ്റാനി (സെക്രട്ടറി) 267 456 7850.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.