ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിൽ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു
Story Dated: Thursday, April 20, 2017 08:47 hrs UTC  
PrintE-mailബ്രിഡ്ജറ്റ് ജോർജ്

ഷിക്കാഗോ∙ അനുരഞ്ജനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയുണർത്തിയ വിശുദ്ധവാരാചരണം കഴിഞ്ഞു മാനവരാശിയെ പാപത്തിന്റെ കാരങ്ങളിൽ നിന്നും മോചിപ്പിച്ച് മോക്ഷത്തിലേക്കുള്ള വഴികാണിച്ചു തന്ന നിത്യരക്ഷകന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ സ്മരണകളുണർത്തിയ ഉയിർപ്പുതിരുനാൾ മാർതോമാശ്ലീഹാ കത്തീഡ്രലിൽ ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായി ആചരിച്ചു. ഏപ്രിൽ 16, ശനിയാഴ്ച്ച വൈകിട്ട് 7 ന് ഉയിർപ്പുതിരുനാളിന്റെ കർമ്മങ്ങൾ ആരംഭിച്ചു. അതേസമയം തന്നെ ഇംഗ്ലീഷിൽ കുട്ടികൾക്കായി ദേവാലയത്തിന്റെ ബേസ്‌മെന്റ് ചാപ്പലിൽ കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ. ഡോ. ജെയിംസ് ജോസഫ്, ഫാ. പോൾ ചൂരത്തൊട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ തിരുക്കർമ്മങ്ങൾ നടന്നു.

 

സെന്റ് തോമസ് സിറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിലും ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശ്ശേരി, റവ. ഡോ. ഷീൻ പയസ് പാലയ്ക്കത്തടം, കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, ഫാ. സിജു ജോർജ് എന്നിവരുടെ സഹകാർമ്മികത്വത്തിലും പരമ്പരാഗതരീതിയിൽ ആഘോഷമായ മലയാളം ദിവ്യബലിയും നടന്നു. thirunal-01 ഫാ. പോൾ ചാലിശ്ശേരി സന്ദേശം നൽകി. മാലാഖാമാർ ഉയിർത്തെണീറ്റ ക്രിസ്തുവിനുവേണ്ടി അവിടുത്തെ കബറിടം മൂടിയിരുന്ന ഭാരമുള്ള കല്ലുകൾ എടുത്തു മാറ്റിയതു പോലെ വിശ്വസികളുടെ അടക്കപ്പെട്ട പ്രതീക്ഷകളുടെ വാതിലുകൾ തുറന്നു സന്തോഷം പകരുന്ന ദിവസമാണ് ഉയിർപ്പുതിരുന്നാളെന്ന് ഫാ. പോൾ ഓർമ്മിപ്പിക്കുകയും ഈ സന്തോഷം ജീവിതത്തിൽ എന്നും നിലനിൽക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അതിനുശേഷം ഉത്ഥിതനായ ക്രിസ്തുവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദിക്ഷണത്തിനു ശേഷം ഉയിർപ്പിന്റെ പ്രതീകമായ തിരുഗ്രന്ഥവും തിരുസ്വരൂപവും കാർമ്മികരും ശുശ്രൂഷികളും ചുംബിച്ചു. ഇടവകയിലെ ഗായകസംഘം ആലപിച്ച ശ്രുതിമധുര ഗാനങ്ങൾ ചടങ്ങുകൾ ഭക്തിസാന്ദ്രമാക്കി.

 

 

ഓശാന മുതൽ ഉയിർപ്പുതിരുനാൾ വരെയുള്ള തിരുക്കർമ്മങ്ങളിൽ സജീവമായി പങ്കുചേർന്ന വിശ്വാസികൾക്കും ഈ ദിവസങ്ങളിൽ കാർമ്മികത്വം വഹിച്ച വൈദികർക്കും ശുശ്രൂഷികൾക്കും ഗായകസംഘത്തിനും സിസ്റ്റേഴ്സിനും കൈക്കാരൻമാർക്കും ഉയിർപ്പുതിരുന്നാളിന്റെ പ്രതീതിയുണർത്തുന്നവിധം മനോഹരമായി അൾത്താര അലങ്കരിച്ചവർക്കും ഫാ. അഗസ്റ്റിൻ നന്ദി പറഞ്ഞു. തിരുക്കർമ്മങ്ങൾക്കുശേഷം, ദീർഘകാലം ശുശ്രൂഷികളായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ജോസ് കടവിൽ, ചെറിയാൻ കിഴക്കേഭാഗം, ജോൺ തയിൽപീടിക, ജോമി ജേക്കബ്, ബേബി മലമുണ്ടക്കൽ, സാന്റി തോമസ്, തോമസ് ആലുംപറമ്പിൽ, ആന്റണി ആലുംപറമ്പിൽ, ജോൺ നടക്കപ്പാടം എന്നിവർക്ക് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് യുക്കറിസ്റ്റിക് മിനിസ്റ്റേഴ്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അതിനുശേഷം മലയാളം സ്കൂൾ അദ്ധ്യാപകരായി സ്ത്യുത്യർഹ സേവനമനുഷ്‌ഠിച്ച അലക്സ് കുതുകല്ലെൻ, ജോൺ തെങ്ങുംമൂട്ടിൽ, റോയ് തോമസ് വരകിൽപറമ്പിൽ, റോസമ്മ തേനിയപ്ലാക്കൽ, സിറിയക് തട്ടാരേട്ട്‌, ഐഷ ലോറെൻസ്, ജിൽസി മാത്യുഎന്നിവരെ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഇടവകസമൂഹത്തിനു മുമ്പാകെ പ്ലാക്കുകൾ നൽകി അംഗീകരിച്ചു.

 

 

മനോജ് വലിയത്തറയുടെ നേതൃത്വത്തിൽ പാരിഷ് ഹാളിൽ സജ്ജമാക്കിയിരുന്ന സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികൾക്കു തിരശ്ശീല വീണു. ഏപ്രിൽ 14 വൈകിട്ട് 7 ന് പെസഹാതിരുനാൾ ആചരിക്കപ്പെട്ടു. യേശുക്രിസ്തു ഈലോകം വിട്ടു പോകുവാൻ സമയമായപ്പോൾ തന്റെ സ്വന്തം ജനതയോടുള്ള ശാശ്വതസ്നേഹത്തിന്റെ പ്രതീകവും വിനയത്തിന്റെ മാതൃകയും കാട്ടുന്നതിനായി തന്റെ 12 ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ്മയാചരിച്ചുകൊണ്ടു ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് 12 കുട്ടികളുടെ കാലുകൾ കഴുകി ചുംബിച്ചു. വിശുദ്ധകുർബാനയ്ക്കും കാൽകഴുകൽ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും ഈശോ വിശുദ്ധകുർബാന സ്ഥാപിച്ചതിന്റെ ഓർമ്മയാചരിച്ചുകൊണ്ട് അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു. ചടങ്ങുകൾക്ക് കൈക്കാരന്മാരായ ജോർജ് അമ്പലത്തിങ്കൽ, ലുക്ക് ചിറയിൽ, സിബി പാറേക്കാട്ട്, പോൾ വടകര, ജോ കണിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.