ദാനം സ്വീകരിക്കുന്നവരുടെ മാനം നഷ്ടപ്പെടുത്തുന്നത് ദൈവീക ലംഘനം പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, August 07, 2017 11:31 hrs UTC  
PrintE-mailഡാളസ്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യക്തികളോ, സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളോ, പള്ളികളോ നടത്തുന്നതു തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും, മറ്റൊരു പോംവഴിയുമില്ലാതെ ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുവാന്‍ കൈനീട്ടുന്നവര്‍ നമ്മെപോലെ തന്നെ മനുഷ്യരാണെന്നും, അവരുടെ മാനം നഷ്ടപ്പെടുത്തുംവിധം പ്രചരണ കോലാഹലങ്ങള്‍ സംഘടിപ്പിക്കുന്നതു ദൈവീക പ്രമാണങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും, വചന പണ്ഡിതനുമായ വെരി.റവ.പൗലോസ് പാറേക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ അഭിപ്രായപ്പെട്ടു. നൂറുഡോളര്‍ സംഭാവന നല്‍കുന്നതിന് അഞ്ഞൂറും, ആയിരവും ചിലവഴിച്ചു പ്രചരണങ്ങളും, സമ്മേളനങ്ങളും സംഘടിപ്പിക്കുവാന്‍ വ്യഗ്രത കാണിക്കുന്നവര്‍ വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന ദൈവീക കല്പന ലംഘിക്കുകയും, അതിലൂടെ ശിക്ഷാവിധിക്കു യോഗ്യരായി തീരുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുതെന്നും കോര്‍ എപ്പിസ്‌ക്കോപ്പാ ഓര്‍മ്മപ്പെടുത്തി. ഡാളസ്സിലെ ഇരുപത്തി ഒന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 4, 5, 6 തീയ്യതികളിലായി നടന്നു വന്നിരുന്ന സുവിശേഷ കണ്‍വന്‍ഷന്റെ ഞായരാഴ്ച നടന്ന കടശ്ശി യോഗത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ ജോഷ്വാവയുടെ പുസ്തകം ഇരുപതാം അദ്ധ്യായത്തെ അധികരിച്ച് പാപം ചെയ്തവര്‍ ദൈവകോപത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഓടി പോകേണ്ട ആറു സങ്കേത നഗരങ്ങളെകുറിച്ചു' നടത്തിയ ധ്യാന പ്രസംഗം കേള്‍വിക്കാരുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. ആഗസ്റ്റ് 4ന് കണ്‍വന്‍ഷന്റെ ഉല്‍ഘാടനം കോര്‍ എപ്പിസ്‌ക്കോപ്പാ തിരികൊളുത്തി നിര്‍വഹിച്ചു. ഇരുപത്തി ഒന്ന് ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ കണ്‍വന്‍ഷന്റെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിച്ചു. കെ.ഇ.സി.എഫ്(KECF) പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.