പ്രത്യേക പരിഗണനയെന്നത് പച്ചക്കള്ളം
Story Dated: Tuesday, August 08, 2017 12:28 hrs UTC  
PrintE-mailനിർമാതാവും ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജി സുരേഷ്കുമാർ ജയിലിൽ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസം സന്ദർശിച്ച അനുഭവവും സംശയങ്ങളും മനോരമ ഒാൺലൈനിനോട് പങ്കു വച്ചു.

 

 

 

ചെവിക്കുള്ളിലെ ഫ്ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്. അദ്ദേഹത്തിന് തുടർച്ചയായ തലകറക്കം അനുഭവപ്പെട്ടിരുന്നു. ഞാൻ കാണുമ്പോഴും ദിലീപ് തലകറക്കം വന്നു കിടക്കുകയായിരുന്നു. അതിനു ചികിത്സ നൽകിയതിനാണ് ഒരു ചാനൽ ദിലീപിന് സ്പെഷൽ ട്രീറ്റ്മെന്റ് നൽകിയെന്ന വാർത്ത നൽകിയത്. ഏതൊരു സാധാരണ തടവുകാരനേയും പോലെ നാലു പേർക്കൊപ്പമാണ് സെല്ലിൽ കഴിയുന്നത്. അല്ലെങ്കിൽ തന്നെ എങ്ങനെയാണ് ഇത്രയും ജനശ്രദ്ധ ആകർഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആളിന് പ്രത്യേക പരിഗണന നല്‍കാനാകുന്നത്. ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു. കുറച്ചു നേരം സംസാരിച്ചു പോന്നു. മറ്റേതൊരാളേയും സന്ദർശിക്കുന്ന പോലെ വളരെ കുറച്ചു സമയം മാത്രമേ ഞങ്ങൾക്കും കിട്ടിയുള്ളൂ. ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്.

 

 

അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയൻ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു, കാവ്യ ഗർഭിണിയാണ്, മീനാക്ഷി സ്കൂളിൽ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും വെറും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.

 

 

 

കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായൊരു അമ്മയാണ്. മകൾ സിനിമയിൽ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവർ കേൾക്കേണ്ടത്. മീനാക്ഷി സ്കൂളിൽ പോകുന്നുണ്ട്. ആ സ്കൂൾ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നൽകുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും തടയിടണം എന്നാണ് അവരുടെ നിർദ്ദേശം. ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവർ. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോൾ. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുന്നത്. ദിലീപിന്റെ അനിയൻ ദിലീപിനേക്കാൾ താത്വികനാണ്. ഭീഷണിപ്പെടുത്താൻ പോയിട്ട് അയാൾക്ക് നന്നായി സംസാരിക്കാൻ തന്നെയറിയില്ല.

 

 

എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയിൽ പറഞ്ഞതാണ്. എല്ലാവരും നിർത്തട്ടെ എന്നിട്ടു ഞങ്ങൾ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ. എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേൽ ആക്രമിച്ചിട്ട് ചാനലുകാർക്കും യുട്യൂബിൽ വിഡിയോ ചെയ്യുന്നവർക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.