ആമസോണിന്റെ രണ്ടാമത്തെ ഹെഡ് ക്വോര്‍ട്ടേഴ്‌സ് നോര്‍ത്ത് ടെക്‌സസില്‍ ഏബ്രഹാം തോമസ്
raajthomas@hotmail.com
Story Dated: Saturday, September 09, 2017 11:29 hrs UTC  
PrintE-mailഡാലസ്: ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ അതികായല്‍ ആമസോണ്‍ ഡോട്ട് കോം അമേരിക്കയില്‍ തങ്ങളുടെ രണ്ടാമത്തെ ഹെഡ് ക്വോര്‍ട്ടേഴ്‌സ് തുടങ്ങുമെന്നറിയിച്ചു. നോര്‍ത്ത് ടെക്‌സസിലെ കൊപ്പേല്‍ നഗരത്തില്‍ ആമസോണിന് വലിയ നിക്ഷേപം നടത്തിയ ഫുള്‍ഫില്‍മെന്റ് സെന്ററുണ്ട്. ഡാലസ് റീജണല്‍ സെന്ററിന്റെ എക്കണോമിക് ഡെവലപ്പ്‌മെന്റ് വൈസ് പ്രസിഡന്റ് മൈക്ക് റോസ ഈ കേന്ദ്രം ഡാലസ് മേഖലയില്‍ തുടങ്ങുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ആമസോണില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചതായി റോസ പറഞ്ഞു. കേന്ദ്രം തുടങ്ങുവാന്‍ ഉദ്ദേശിക്കുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ വിശദീകരിച്ച് ആമസോണ്‍ എട്ട് പേജ് ദൈര്‍ഘ്യമുള്ള അറിയിപ്പ് പുറത്തിറക്കി. ഒരു അന്തര്‍ദേശീയ എയര്‍പോര്‍ട്ട് 45 മിനിറ്റ് കൊണ്ട് എത്താന്‍ കഴിയണം, 5 ലക്ഷം സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിട സമുച്ചയമോ നൂറ് ഏക്കര്‍ സ്ഥലമോ, സാങ്കേതിക വിദ്യയില്‍ ഉയര്‍ന്ന ബിരുദമുള്ള ജീവനക്കാര്‍ ലഭ്യമാകണം, ശക്തമായ ഒരു യൂണിവേഴ്‌സിറ്റി സിസ്റ്റം ഉണ്ടായിരിക്കണം എന്നിവയാണ് ആവശ്യങ്ങള്‍. സാമ്പത്തിക സഹായങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും തദ്ദേശ ഭരണത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതായും ആമസോണ്‍ പറഞ്ഞു. ആമസോണിന്റെ കേന്ദ്രം ആരംഭിക്കുമ്പോള്‍ മേഖലയില്‍ ഉണ്ടാകാവുന്ന വളര്‍ച്ചയെക്കുറിച്ചും കമ്പനി വിവരിച്ചു. സീയാറ്റില്‍ ആസ്ഥാനമായ കമ്പനി അവിടെ വളരുവാന്‍ പരിമിതികള്‍ കാണുന്നതിനാലാണ് മറ്റൊരു കേന്ദ്രം തുടങ്ങുന്നത്.

 

 

5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കണക്കാക്കുന്നത്. ഈയടുത്ത് നോര്‍ത്ത് ടെക്‌സസിലെ പ്‌ളേനോയിലേയ്ക്ക് ടെയോട്ട നോര്‍ത്ത് അമേരിക്കന്‍ ഹെഡ് ക്വോര്‍ട്ടേഴ്‌സ് മാറ്റി സ്ഥാപിച്ചപ്പോള്‍ മുടക്കിയതിന്റെ അഞ്ചിരട്ടി ആണിത്. ടൊയോട്ടയുടെ ജീവനക്കാരുടെ പത്തിരട്ടി-50,000 ജീവനക്കാര്‍ ആമസോണ്‍ കേന്ദ്രത്തിന് വേണ്ടി വരും. ഡാലസ് ഏരിയയില്‍ പുതിയതായി ആരംഭിച്ച സ്റ്റേറ്റ് ഫാം ഇന്‍ഷുറന്‍്‌സ്, ലിബര്‍ട്ടി മ്യൂച്ച്വല്‍, ടൊയോട്ട, ജെപി മോര്‍ഗന്‍ ചെയ്‌സ് ഇവയുടെയെല്ലാം മൊത്തം ഓഫീസ് ഏരിയായില്‍ കൂടുതല്‍ ആമസോണ്‍ കേന്ദ്രത്തിന് പ്രതീക്ഷിക്കുന്നതായി കുഷ്മാന്‍ ആന്റ് വേക്ക് ഫീല്‍ഡ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാന്‍ റാന്‍ഡി കൂപ്പര്‍ പറഞ്ഞു. ആമസോണ്‍ കേന്ദ്രം എച്ച് ക്യൂ 2 എന്നായിരിക്കും അറിയപ്പെടുക എന്ന് ആമസോണിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ് ബെസോസ് പറഞ്ഞു.

 

 

 

കോര്‍പ്പറേറ്റുകള്‍ റീലൊക്കേറ്റ് ചെയ്യുമ്പോള്‍ ആസ്ഥാനത്തിന് വേണ്ടി ഡാലസ് സജീവമായി മത്സരരംഗത്തുണ്ടാവും. ആമസോണിന്റെ വിജ്ഞാപനത്തില്‍ 10 ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് ഒക്ടോബര്‍ 19ന് മുന്‍പ് അപേക്ഷിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. ബോസ്റ്റണ്‍, മിനിയാപോലീസ്, പിറ്റ്‌സ്ബര്‍ഗ്, സെന്റ് ലൂയിസ് എന്നിവയും ആമസോണ്‍ തങ്ങളുടെ നഗരത്തിലെത്തുവാന്‍ ശ്രമിക്കുന്നു. ഓസ്റ്റിനും മത്സരരംഗത്തുണ്ട്. ആമസോണ്‍ നോര്‍ത്ത് ടെക്‌സസിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് ഇന്‍ ഡെന്റണിന്റെ കാമ്പസില്‍ റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്. യു.എസില്‍ ഡിജിറ്റല്‍ റീട്ടെയിലിംഗ് ഡിഗ്രി നല്‍കുന്ന ഏക യൂണിവേഴ്‌സിറ്റി ആണിത്. ആമസോണ്‍ ഒരു ഭീമന്‍ ടെക്‌നോളജി കമ്പനിയും വളരെ വലിയ റീട്ടെയിലറുമാണ്. ആമസോണ്‍ ചുമത്തുന്ന സെയില്‍സ് ടാക്‌സിനെതിരെ പത്ത് വര്‍ഷം മുന്‍പ് ടെക്‌സസ് സംസ്ഥാനം കേസ് നടത്തിയിരുന്നു. എന്നാല്‍ ബെസോസിന് ടെക്‌സസിനോട് വിരോധം ഒന്നും ഇല്ല. ടെക്‌സസില്‍ ആമസോണിന് ഇപ്പോള്‍ തന്നെ 20,000 ജീവനക്കാരും 8 ഫുള്‍ഫില്‍മെന്റ് സെന്ററുകളും ഉണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.