ലെവളു പുലിയാണെടാ ചക്കരേ! Raju Mylapra ( Chief Editor ,Aswamedham)
rajumylapra@msn.com
Story Dated: Saturday, October 12, 2013 01:40 hrs UTC  
PrintE-mailനാണമില്ലല്ലോ ഇങ്ങിനെ മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍? ചോദ്യം എന്റെ ഭാര്യയുടേതാണ്‌. മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന വ്യക്തി ഞാനായതു കൊണ്ട് ന്യായമായും ആ ചോദ്യം എന്നെ ഉന്നം വെച്ചിട്ടുള്ളതാണ്.എനിക്ക്‌ നാണിക്കത്ത കാര്യമൊന്നും ഞാന്‍ ചെയ്‌തിട്ടില്ല. ഉടുത്തിരിക്കുന്ന കൈലിയും നേരെ ചൊവ്വേയാണു കിടക്കുന്നത്‌. പരിഹാസച്ചുവയുള്ള അവളുടെ ചോദ്യത്തിന്റെ പൊരുള്‍ തിരക്കുവാന്‍ എന്റെ എളിയ ബുദ്ധിക്കു കഴിഞ്ഞില്ല. അഞ്ചുദിവസം ഫുള്‍ ടൈം ജോലി ചെയ്യുന്ന ഞാന്‍, ആറാം ദിവസമായ ശനിയാഴ്‌ച മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ എന്തുകൊണ്ടും അവകാശമുള്ളവനാണ്‌. കിടന്നുറങ്ങാതെ ഇങ്ങോട്ടൊന്നു എഴുന്നേക്ക്‌ മനുഷ്യാ എന്റെ സ്വപ്‌നലോകത്തിലെ കട്ടുറുമ്പാകുവാന്‍ ഉറച്ച തീരുമാനമെടുത്തിട്ടാണു അവളുടെ വരവെന്നു തോന്നുന്നു. കുളിച്ചു മുല്ലപ്പൂ ചൂടി, കൈയില്‍ ആവി പറക്കുന്നു കാപ്പിയുമായി വന്ന്‌ "കള്ളാ കള്ളാ, കൊച്ചുകള്ളാ എന്ന്‌ മെല്ലെ മെല്ലെ എന്നെ തട്ടിയുണര്‍ത്തേണ്ടതിനു പകരും എഴുന്നേല്‍ക്കൂ മനുഷ്യാ എന്നൊരു ഓര്‍ഡറുമായി കൈയിലൊരു പത്രവുമായിട്ടാണ്‌ അവളുടെ നില്‍പ്പ്‌. (പണ്ട്‌ കോട്ടയത്തൊരു പെണ്ണുംപിള്ള, പെമ്പറന്നോനേ മനുഷ്യാ മനുഷ്യാഎന്ന്‌ വിളിച്ചിരുന്നു. അവര്‍ക്ക്‌ ആകെയുണ്ടായിരുന്ന ആണ്‍തരിക്ക്‌ നാട്ടുകാരെല്ലാം കൂടി മനുഷ്യപുത്രനെന്ന്‌ പേരിട്ടു. അതു ചരിത്രം)

 

ഇതൊന്നു വായിച്ചേ. പത്രം അവള്‍ എന്റെ നേര്‍ക്കു നീട്ടി. അമേരിക്കന്‍ മലയാളി ആന്ധ്രാപ്രദേശില്‍ വ്യവസായം തുടങ്ങുന്നു. ഏതായാലും ആളു ബുദ്ധിയുള്ളവനാണ്‌. വ്യവസായം തുടങ്ങുന്നത്‌ കേരളത്തില്‍ അല്ലല്ലോ! തുടര്‍ന്നു വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എന്റെ കണ്ണുതള്ളിപ്പോയി. ഒരു അമേരിക്കന്‍ മലയാളി ആന്ധ്രാപ്രദേശില്‍ വ്യവസായം തുടങ്ങുന്നു. വൈദ്യുതി രംഗത്ത്‌ വെളിച്ചം വീശുവാനാണ്‌ ഇദ്ദേഹം ഉദ്ദേശിക്കുന്നത്‌. വെസ്റ്റ്‌ വെര്‍ജീനിയായിലെ വ്യവസായ പ്രമുഖനായ ഇദ്ദേഹം നാലായിരം കോടി രൂപാ ഈ പദ്ധതിക്കുവേണ്ടി ഇന്‍വെസ്റ്റു ചെയ്യു. കാറ്റാടികള് വെച്ചു പിടിപ്പിച്ചാണ്‌ അദ്ദേഹം വൈദ്യുതി ഉല്‌പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്‌. ഇതിനുവേണ്ടിയുളള കറ്റാടികള്‍ അദ്ദേഹം അമേരിക്കയില്‍ നിന്നും കയറ്റുമതി ചെയ്യും. പ്രാരംഭ ചര്‍ച്ചകള്‍ മുന്‍ മുഖ്യമന്ത്രി നായിഡുവുമായി നടത്തിക്കഴിഞ്ഞു. കോട്ടയം പൈകടാസ്‌ കോളജില്‍ നിന്നും ഇലക്‌ട്രിക്‌ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ വിമാന മാര്‍ഗം അമേരിക്കയില്‍ എത്തിയത്‌. ഇദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞന്നാമ്മ മണിക്കൂറിന്‌ എട്ടു ഡോളര്‍ നിരക്കില്‍ വെസ്റ്റ്‌ വെര്‍ജീനിയ മെത്‌ഡിസ്റ്റ്‌ ഹോസ്‌പിറ്റലില്‍ സേവനം അനുഷ്‌ഠിക്കുന്നു. മെഡിക്കല്‍ കവറേജിനുവേണ്ടിയാണ്‌ കോടീശ്വനായ ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോഴും നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നത്‌! വാര്‍ത്ത വായിച്ചു കഴിഞ്ഞ ഞാന്‍ കറന്റടിച്ചവനെപ്പോലെ ഇരുന്നുപോയി. ബഡായി കേട്ടിട്ടുണ്ട്‌. എന്റമ്മോ! ഇതിച്ചിരെ കടുകട്ടിയായിപ്പോയി.

 

വെറുതേ കുടുംബകലഹമുണ്ടാക്കുവാന്‍ ഓരോരുത്തന്‌ ഇറങ്ങിക്കൊള്ളും. അഞ്ചു പൈസാ കൈയിലില്ലാത്തവനാണ്‌ അയ്യായിരം കോടിയുടെ കണക്കു പറയുന്നത്‌. ഇക്കാലത്ത്‌ കോടികള്‍ക്കൊന്നും ഒരു വിലയുമില്ല. കൂട്ടത്തില്‍ കൂട്ടാമെങ്കില്‍ പിണറായിക്കു പത്തു കോടി രൂപ കൊടുക്കാമെന്നു കരുണാകരന്‍ പറഞ്ഞത്രേ. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി നൂറു കോടി പോക്കറ്റിലാക്കിയത്രേ! പണ്ടൊരു ഫൊക്കാന പ്രസിഡന്റ്‌ കേരളത്തില്‍പ്പോയി പത്രസമ്മേളനം നടത്തി ഒരു പടക്കമടിച്ചു. കേരളവികസനത്തിന്‌ ഫൊക്കാന ഫണ്ടില്‍ നിന്നും നൂറുകോടി കൊടുക്കാമെന്ന്‌. രണ്ടു കൊല്ലത്തിലൊരിക്കല്‍ വല്ലവന്റേയും കാലു പിടിച്ചാണ്‌ ഒരു കണ്‍വന്‍ഷന്‍ നടത്തുന്നത്‌. അവസാനം നൂറു കോടിയെന്നുള്ളത്‌ നൂറു കോഴിയെന്നു തിരുത്തി വായിക്കണമെന്നു പറഞ്ഞു പ്രസിഡന്റ്‌ തടി തപ്പി. എന്നാല്‍ നമ്മുടെ കറന്റ്‌ വ്യവസായി കളിപ്പിച്ചത്‌ കേരളത്തിലെ മുത്തശ്ശി പത്രത്തെയാണ്‌. എല്ലാ വാര്‍ത്തകളുടെയും പിന്നില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്ന പത്രം, ഈ പദ്ധതിയുടെ പുരോഗതിയെക്കുറിച്ചും റിപ്പോര്‍ട്ടു ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാം. ഒരിക്കലും നടപ്പാക്കുവാന്‍ പറ്റാത്ത സ്റ്റൈലന്‍ ബഡായികളുമായി ഫൊക്കാന സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങുവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ജാഗ്രതൈ! പെണ്ണൊടുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കീലാ എന്നൊരു ചൊല്ലുണ്ട്‌. പക്ഷേ വല്ലപ്പോഴും തടുത്തില്ലെങ്കില്‍ പെണ്ണു തലയില്‍ക്കയറി നിരങ്ങും. അതാണു ഞങ്ങളുടെ പാവം പത്തനംതിട്ടക്കാരനു പറ്റിയതെന്നു തോന്നുന്നു.

 

 

പെണ്ണുങ്ങളെന്തു പോക്രിത്തരം കാണിച്ചാലും അവര്‍ക്ക്‌ എല്ലാത്തിനും ഒരു എക്‌സ്‌ക്യൂസ്‌ ഉണ്ട്‌. അറ്റ കൈക്ക്‌ വേണമെങ്കില്‍ അവര്‍ പ്രീ മെന്‍സ്‌ട്രല്‍ സിന്‍ഡ്രം എടുത്തൊരു കാച്ചുകാച്ചും. എല്ലാ അമേരിക്കന്‍ മലയാളികളും മനസിലാക്കേണ്ട ഒരു നഗ്ന സത്യമുണ്ട്‌. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ആണുങ്ങളുടെ സൈഡില്‍ നിന്നും ആരെയും ഇവിടെ കൊണ്ടുവരരുത്‌. കുടുംബകലഹം ഉറപ്പ്‌. പെണ്ണുങ്ങളുടെ സൈഡില്‍ നിന്നും ആര്‌ വന്ന്‌ എത്ര നാളു താമസിച്ചാലും ഒരു കുഴപ്പവുമില്ല. ഭര്‍ത്താവിന്റെ അപ്പനും അമ്മയും കൂട്ടത്തില്‍ വന്നുവെന്നു പറഞ്ഞ്‌ വിമാനത്തില്‍ കിടന്നു ചന്ദ്രഹാസമിളക്കിയ പെണ്ണുംപിള്ള ഏതായാലും അത്ര മോശക്കാരിയാവാന്‍ ഇടയില്ല. വിമാനത്തിലെ വീഡിയോയില്‍ പകര്‍ത്തിയ സംഭ്രമജനകമായ ഈ രംഗങ്ങള്‍ അധികം താമസിയാതെ ഏയര്‍ലൈന്‍ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്കു കാണാവുന്നതാണ്‌. എല്ലാ അമേരിക്കന്‍ ഭര്‍ത്താവ്‌ ഉദ്യോഗസ്ഥന്മാരും ഇതു കണ്ട്‌, ഭാവിയില്‍ അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്‌. ടെക്‌സോസില്‍ ചൂടു പൊതുവേ സ്വല്‌പം കൂടുതലാണ്‌. അതുകൊണ്ട്‌ പത്തനംതിട്ടക്കാരന്‍ പെണ്ണുപിള്ളയുമായി അലാസ്‌ക്കയിലേക്കോ മറ്റോ മാറിത്താമസിക്കുന്ന കാര്യം ആലോചിക്കുന്നത്‌ നന്നായിരിക്കും. കാരണം ലെവളു പുലിയാടാ ചക്കരേ!


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.