കാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കാന്‍ സ്വര്‍ണത്തിന്റെ ചെറുതരികള്‍ പുതിയ കണ്ടുപിടുത്തവുമായി 16കാരനായ മലയാളി വിദ്യാര്‍ഥി.

Story Dated: Tuesday, November 12, 2013 11:32 hrs UTC  
PrintE-mailഇനി കാന്‍സരിനെയും പേടിക്കേണ്ട. കാന്‍സര്‍ ചികില്‍സാ രംഗത്ത് വന്‍ മുന്നേറ്റമൊരുക്കുന്ന 16കാരനായ മലയാളി വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് കാനഡയില്‍ അംഗീകാരം. കാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കാന്‍ സ്വര്‍ണത്തിന്റെ ചെറുതരികള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) ഉപയോഗിക്കാമെന്നാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയും കാനഡയിലെ ആല്‍ബര്‍ട്ടയിലെ കലഗാരി വെബ്ബര്‍ അക്കാദമിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായ അര്‍ജുന്‍ നായര്‍ കണ്ടുപിടിച്ചത്. ഗവേഷണരംഗത്ത് നല്‍കുന്ന ഉയര്‍ന്ന ബഹുമതികളിലൊന്നായ ‘Sanofi Biogeneius Challenge Canada’ പുരസ്‌കാരം നല്‍കിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ യുവപ്രതിഭക്ക് ആദരമൊരുക്കിയത്. അര്‍ജുന്റെ കണ്ടത്തെല്‍ വിശദ പഠനത്തിന് വിധേയമാക്കിയ നാഷനല്‍ റിസെര്‍ച്ച് കൗണ്‍സില്‍ ഓഫ് കാനഡയിലെ പ്രമുഖ ഗവേഷകര്‍ ഗവേഷണത്തെ ബിരുദാനന്തര ബിരുദ നിലവാരമോ പി.എച്ച്.ഡി നിലവാരമോ ഉള്ളതാണെന്നാണ് വിലയിരുത്തിയത്. 5000 ഡോളര്‍ അടങ്ങുന്ന പുരസ്‌കാരം കഴിഞ്ഞയാഴ്ച ഒട്ടാവയില്‍ നടന്ന ചടങ്ങില്‍ അര്‍ജുന് നല്‍കി.

 

കണ്ടത്തെലിന്റെ വാണിജ്യസാധ്യത കണക്കിലെടുത്ത് ആയിരം ഡോളര്‍ വേറെയും നല്‍കി. ഫോട്ടോതെര്‍മല്‍ തെറാപ്പിയുടെ വികസിത രൂപമാണ് അര്‍ജുന്റെ കണ്ടത്തെല്‍. രോഗിയുടെ ശരീരത്തില്‍ സ്വര്‍ണത്തിന്റെ ചെറുകണികകള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) കുത്തിവെക്കുകയാണ് ചെയ്യുക. ട്യൂമറുകള്‍ ഈ കണികകള്‍ ആഗീരണം ചെയ്യുന്നതോടെ അവക്കുള്ളില്‍ നാനോ ബുള്ളറ്റുകള്‍ രൂപപ്പെടും. ഇവ പ്രകാശം ഉപയോഗിച്ച് ചൂടുപിടിപ്പിച്ച് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുക. ചികില്‍സക്കെതിരെ കാന്‍സര്‍ സെല്ലുകള്‍ ഉയര്‍ത്തുന്ന പ്രതിരോധം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് എങ്ങനെ മറികടക്കാമെന്നും ഇതിലൂടെ ചികില്‍സ എങ്ങനെ ഫലപ്രദമാക്കാമെന്നും പഠനം വിശദീകരിക്കുന്നു. രണ്ട് വര്‍ഷത്തെ പഠനത്തിന്റെ ഫലമാണ് തന്റെ കണ്ടത്തെലെന്ന് അര്‍ജുന്‍ പറയുന്നു. ഇതില്‍ ഒരു വര്‍ഷം കലഗാരി സര്‍വകലാശാലയിലെ സൈമണ്‍ ട്രൂഡലിന്റെയും ഡേവിഡ് ക്രാമ്പിന്റെയും നാനോ സയന്‍സ് ലബോറട്ടറികളിലായിരുന്നു ഗവേഷണം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ തനിക്ക് ഗവേഷണത്തിന് ലാബ് അനുവദിച്ചുകിട്ടിയത് ഭാഗ്യമാണെന്ന് കരുതുന്നതായും അര്‍ജുന്‍ പറയുന്നു.

 

നാലാം ഗ്രേഡ് മുതല്‍ സയന്‍സ് ഫെയറുകളില്‍ പങ്കെടുത്തിരുന്നതായി അര്‍ജുന്‍ പറയുന്നു. ഒമ്പതാം ഗ്രേഡില്‍ പഠിക്കവേ കാനഡാ വൈഡ് സയന്‍സ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി വിദ്യാര്‍ഥികളെ കണ്ടുമുട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഭാവിയില്‍ ഡോക്ടറാകാന്‍ കൊതിക്കുന്ന കൊച്ചുമിടുക്കന്‍ പറയുന്നു. കീമോതെറാപ്പിക്കും മറ്റും വിധേയരായി ബുദ്ധിമുട്ടുന്ന രോഗികളെ കണ്ടെതോടെയാണ് ബദല്‍ ചികില്‍സ കണ്ടത്തൊനുള്ള ഗവേഷണങ്ങള്‍ താന്‍ ഊര്‍ജിതമാക്കിയത്. തുടര്‍ന്നാണ് ഫോട്ടോതെര്‍മല്‍ തെറാപ്പിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്അര്‍ജുന്‍ പറയുന്നു. കലഗാരിയില്‍ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസറാണ് അര്‍ജുന്റെ പിതാവ്. മാതാവ് കലഗാരിയിലെ സണ്‍കോര്‍ എനര്‍ജിയില്‍ എന്‍വയേണ്‍മെന്റല്‍ അഡൈ്വസറാണ്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.