ലാനാ കണ്‍വന്‍ഷന്‌ ചാരുത പകരാന്‍ പഞ്ചവാദ്യവും കലാസന്ധ്യയും
Story Dated: Saturday, November 23, 2013 12:26 hrs UTC  
PrintE-mailഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയിലെ റോസ്‌മോണ്ടിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ആസ്വദിക്കാന്‍ കേരളത്തിന്റെ തനത്‌ കലാരൂപമായ പഞ്ചവാദ്യവും, നൃത്ത-സംഗീത പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന്‌ എന്റര്‍ടൈന്‍മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ അജിത്‌ ചന്ദ്രന്‍ അറിയിച്ചു.

 

`അഷ്‌ടപദി'യുടെ കഥാകാരനായ പെരുമ്പടവം ശ്രീധരന്റെ സാന്നിധ്യത്തില്‍ നടക്കുന്ന മനോഹരമായ ഈ കലാപരിപാടികള്‍ അതിഥികള്‍ക്കും ആതിഥേയര്‍ക്കും ഒരുപോലെ സംതൃപ്‌തി നല്‍കുന്നതായിരിക്കുമെന്ന്‌ കണ്‍വന്‍ഷന്‍ കമ്മിറ്റി പ്രത്യാശിക്കുന്നു. കണ്‍വന്‍ഷന്റെ ഒന്നാംദിനമായ വെള്ളിയാഴ്‌ച വൈകുന്നേരമാണ്‌ പഞ്ചവാദ്യം അവതരിപ്പിക്കുന്നത്‌. ഐ.ടി എന്‍ജിനീയര്‍മാരും, കലാസ്‌നേഹികളും അടങ്ങുന്ന ഷിക്കാഗോ കലാക്ഷേത്രയിലെ യുവ കലാകാരന്മാരാണ്‌ വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ സ്വായത്തമാക്കിയ ഈ കുലീന കലാവിദ്യ അക്ഷരസ്‌നേഹികളുടെ മുന്നില്‍ അഭിമാനപൂര്‍വ്വം കാഴ്‌ചവെയ്‌ക്കുക. കലാക്ഷേത്രയുടെ പ്രസിഡന്റുകൂടിയായ ഗുരു അജിത്‌ ഭാസ്‌കരന്‍ അഭ്യസിപ്പിച്ച ടീമംഗങ്ങളുടെ ലാനാ കണ്‍വന്‍ഷന്‍ വേദിയിലെ പ്രകടനം കലാപ്രേമികള്‍ക്കും അക്ഷരോപാസകര്‍ക്കും ഹൃദ്യമായൊരു വിരുന്നായിരിക്കും.

 

ശനിയാഴ്‌ച വൈകിട്ട്‌ അത്താഴ വിരുന്നിനുശേഷം നടക്കുന്ന കലാസന്ധ്യയില്‍ പ്രമുഖ കോറിയോഗ്രാഫര്‍മാരായ ജിനു വര്‍ഗീസിന്റേയും ശ്രീദേവി മേനോന്റേയും പരിശീലനത്തിനു കീഴില്‍ നൃത്തമഭ്യസിച്ച കുട്ടികള്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. സാഹിത്യ സമ്മേളനത്തിന്റെ ചൈതന്യമുള്‍ക്കൊണ്ട്‌, കേരള സംസ്‌കാരവും ഋതുഭേദങ്ങളും പ്രമേയമാക്കിയാണ്‌ ഷിക്കാഗോയിലെ കൊച്ചുകലാകാരികള്‍ നൃത്തവിസ്‌മയമൊരുക്കുന്നത്‌. കണ്‍വന്‍ഷന്‍ അതിഥികളുടെ അഭിരുചികള്‍ക്കിണങ്ങുംവിധം മലയാള സിനിമയിലെ കവിത തുളുമ്പുന്ന തെഞ്ഞെടുത്ത മെലഡികള്‍ മാത്രമുള്‍പ്പെടുത്തി `പാട്ടരങ്ങ്‌' എന്ന സംഗീത പരിപാടിയും കലാസന്ധ്യയോടനുബന്ധിച്ച്‌ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡോ. ശ്രീധരന്‍ കര്‍ത്താ കോര്‍ഡിനേറ്റ്‌ ചെയ്യുന്ന പാട്ടരങ്ങില്‍ ഡോ. തെക്കേടത്ത്‌ മാത്യു, അജിത്‌ ചന്ദ്രന്‍, അജിത്‌ ഭാസ്‌കരന്‍, മീനു മാത്യു, നീലിമ, സ്‌നേഹ, ജെസീക്ക, സ്വാതി, സുനില്‍ എന്നീ അനുഗ്രഹീത ഗായകര്‍ മലയാളികളുടെ ചുണ്ടില്‍ എന്നും തത്തിക്കളിക്കുന്ന മധുരഗീതങ്ങള്‍ ആലപിക്കും. ഷിക്കാഗോയിലെ പ്രശസ്‌ത നര്‍ത്തകിയും കോറിയോഗ്രാഫറുമായ ചിന്നു തോട്ടമായിരിക്കും നൃത്ത സംഗീത വിഭവങ്ങള്‍ കോര്‍ത്തിണക്കിയ ഈ കലാവിരുന്ന്‌ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്‌. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.