മണ്ടത്തരമേ, നിന്റെ പേരോ... പി.കെ പിഷാരടി
Aswamedham News team
Story Dated: Thursday, January 09, 2014 11:53 hrs EST  
PrintE-mailഎത്ര വലിയ ആളായിരുന്നാലും ചെയ്യുന്നത് മണ്ടത്തരമാണെങ്കില്‍ പറഞ്ഞിട്ടെന്താ കാര്യം. മലയാളത്തിന്റെ മെഗാസ്റ്റാറാണ് ഈ കഥയിലെ നായകന്‍.'ദൃശ്യ'മെന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തില്‍ അടുത്തിടെയുണ്ടായ കളക്ഷന്‍ റെക്കോര്‍ഡുകളെയാകെ മറികടന്നിരിക്കുകയാണ്. ചിത്രം അമ്പതാംദിവസത്തിലേക്ക് കടക്കുമ്പോള്‍ ചങ്കിടിക്കുന്നത് മെഗാസ്റ്റാറിനാണ്. അതിനൊരു കാരണമുണ്ട്. 'ദൃശ്യ'ത്തിന്റെ കഥയുമായി സംവിധായകന്‍ ആദ്യം ചെന്നത് മെഗാസ്റ്റാറിന്റെയടുത്തായിരുന്നു. കഥ കേട്ട മെഗാതാരം പുതുമയില്ലെന്നു പറഞ്ഞ് സംവിധായകനെ തിരിച്ചയച്ചു. സംവിധായകനാവട്ടെ സങ്കടത്തോടെയാണ് മോഹന്‍ലാലിനെ സമീപിച്ചത്. ലാല്‍ അത് സ്വീകരിച്ച് ഡേറ്റും നല്‍കി. പടം വമ്പന്‍ ഹിറ്റ്.

ചിത്രം നല്ല അഭിപ്രായം തേടിയതോടെയാണ് മെഗാസ്റ്റാറിന്റെ ഹൃദയമിടിപ്പ് കൂടിയത്. ചെയ്തത് മണ്ടത്തരമായിപ്പോയല്ലോ എന്ന തോന്നലിലാണിപ്പോള്‍. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ സിനിമകളെല്ലാം നിലംതൊടാതെയാണ് പറന്നത്. കമ്മത്ത് ആന്റ് കമ്മത്തിനു പിറകില്‍ തിരക്കഥാകൃത്തുക്കളായ ഉദയനും സിബിയും ദിലീപുമുണ്ടായിട്ടും രക്ഷിച്ചെടുക്കാനായില്ല. ലാല്‍ജോസിന്റെ സിനിമയായിട്ടും ഇമ്മാനുവല്‍ പൊട്ടി. ഹിറ്റുകളുടെ സഹയാത്രികന്‍ രഞ്ജിത്തിന്റെ കടല്‍കടന്ന് മാത്തുക്കുട്ടിയും നിലംപൊത്തി. ദേശീയ അവാര്‍ഡ് ജേതാവ് സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കടയും വി.കെ.പ്രകാശിന്റെ സൈലന്‍സും മാര്‍ത്താണ്ഡന്റെ ക്ലീറ്റസും തിയറ്ററില്‍ വന്നതുപോലെ തിരിച്ചുപോയി. ഈ സിനിമാക്കഥകളിലൊക്കെ 'പുതുമ' കണ്ടിട്ടും എന്തേ പരാജയപ്പെട്ടുപോയി എന്നതാണ് പ്രേക്ഷകരുടെ ചോദ്യം.

മെഗാസ്റ്റാറിന്റെ മണ്ടത്തരം ഇതാദ്യമൊന്നുമല്ല. മുമ്പ് ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍ ടീം ഏകലവ്യന്‍ എടുക്കുമ്പോള്‍ മെഗാസ്റ്റാറിനെ നായകനാക്കാമെന്നു പറഞ്ഞതാണ്. കഥ കേട്ടെങ്കിലും പറ്റില്ലെന്നു പറഞ്ഞു. സുരേഷ്ഗോപിയെ വച്ചെടുത്തപ്പോള്‍ വന്‍ഹിറ്റാവുകയും ചെയ്തു. അന്നുംപഠിച്ചില്ല.
പണ്ടൊന്നും 'പുതുമ'യുള്ള കഥ കേള്‍ക്കുന്ന പരിപാടിതാരത്തിനുണ്ടായിരുന്നില്ല. 1999 ല്‍ ഷാജി കൈലാസും രഞ്ജിത്തും മോഹന്‍ലാലും ചേര്‍ന്ന് 'നരസിംഹം' ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ മെഗാതാരത്തിന് അസൂയ മൂത്തു. അതിനെ മറികടക്കാന്‍ ഒരുപടം വേണമെന്ന ആലോചനയിലായി. അക്കാലത്തെ ഹിറ്റ്മേക്കറിലൊരാള്‍ വിനയനായിരുന്നു. ഉടന്‍ വിനയനെ വിളിച്ച് ബദല്‍പടം ചെയ്യണമെന്നു പറഞ്ഞു. കഥ പോലും കേള്‍ക്കാതെ ഡേറ്റ് കൊടുത്തു.

'രാക്ഷസരാജാവി'റങ്ങിയത് അങ്ങനെയാണ്. ഫലമോ. നരസിംഹം രാക്ഷസന്റെ കഥ കഴിച്ചു. തിയറ്ററില്‍ ആളുകള്‍ കയറാന്‍വേണ്ടി ഫാന്‍സുകളെ പനപോലെ വളര്‍ത്തിയത് മെഗാതാരമായിരുന്നു. അവരെല്ലാം ചേര്‍ന്ന് താരത്തിന്റെ പേരില്‍ ഒരു മാസികയും തുടങ്ങി. താരത്തിന്റെയും മകന്റെയും പലപോസിലുള്ള ഫോട്ടോകള്‍, ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍ ഇവയാണ് ഉള്ളടക്കം. വായിച്ച് വായിച്ച് ആരാധകര്‍ക്കുതന്നെ മടുത്തപ്പോള്‍ കഴിഞ്ഞവര്‍ഷം അതും നിര്‍ത്തി. കൈരളി ചാനലിന്റെ തലപ്പത്തു കയറിയിരുന്നപ്പോഴാണ് രണ്ടുചാനലുകള്‍ അധികം തുടങ്ങാന്‍ കഴിഞ്ഞത്. അതോടെ സ്വന്തമായി ചാനല്‍ തുടങ്ങിയാലോ എന്ന ആലോചനയായി. പക്ഷെ, ആ ശ്രമവും നടന്നില്ല.

വാല്‍ക്കഷണം
സി.ബി.ഐ കഥകളുടെ അഞ്ചാംഭാഗം എസ്.എന്‍.സ്വാമി എഴുതിക്കൊണ്ടിരിക്കെ മെഗാസ്റ്റാര്‍ വന്ന് കഥ കേട്ടു. ഇത് തനിക്കുപറ്റില്ലെന്ന് കട്ടായം പറഞ്ഞ് താരം തിരിച്ചുപോയി എന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. അതോടെ സുരേഷ്ഗോപിയെ നായകനാക്കി. എങ്കില്‍ അതും സൂപ്പര്‍ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അണിയറസംസാരം.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.