You are Here : Home / USA News

ഒര്‍ലാന്റോ ഐ.പി.സിക്ക് പുതിയ ആരാധനാലയം: സമര്‍പ്പണ ശുശ്രൂഷ 23ന്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, December 11, 2017 10:47 hrs UTC

ഫ്‌ളോറിഡ: ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒര്‍ലാന്റോ പട്ടണത്തില്‍ പെന്തക്കോസ്തിന്റെ വിശുദ്ധിയും വേര്‍പാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍, ആത്മീയതയുടെ പ്രകാശ ഗോപുരമായി ഒരു സുന്ദര ദേവാലയം കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒര്‍ലാന്റോ ദൈവസഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി നിര്‍മ്മിക്കപ്പെട്ട, മനോഹരവും വിശാലവുമായ പുതിയ ആരാധനാലയം ഡിസംബര്‍ 23ന് ശനിയാഴ്ച ദൈവനാമ മഹത്വത്തിനായി സമര്‍പ്പിക്കപ്പെടുന്നു. രാവിലെ 9.30 ന് സഭാങ്കണത്തില്‍ നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തില്‍ ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ, സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ നിര്‍വ്വഹിക്കും. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ആരാധനാലയ സമുച്ചയം ഉത്ഘാടനം ചെയ്യും. ഐ.പി.സി മുന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ. വല്‍സന്‍ ഏബ്രഹാം അനുഗ്രഹ പ്രഭാഷണം നടത്തും. ഐ.പി.സി നോര്‍ത്തമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ഭാരവാഹികളും വിവിധ സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും വിവിധ സാമുഹ്യക സംഘടനാ ഭാരവാഹികളും മുന്‍ സഭാ ശുശ്രൂഷകന്മാരും മറ്റ് വിശിഷ്ട അതിഥികളും സമര്‍പ്പണ ശുശ്രൂഷകളില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും. വൈസ് പ്രസിഡന്‍റ് ബ്രദര്‍ സാം ഫിലിപ്പ്, സഭാ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍, ട്രഷറാര്‍ ബ്രദര്‍ മനോജ് ഡേവിഡ്, ബോര്‍ഡംഗങ്ങളായ എം.എ.ജോര്‍ജ്, നെബു സ്റ്റീഫന്‍, മാത്യു ജോര്‍ജ്, സ്റ്റീഫന്‍ ഡാനിയേല്‍, നിബു വെള്ളവന്താനം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സഭയുടെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന "ഫോക്കസ്" സ്മരണികയുടെ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിക്കും. പുതിയ ആരാധാനാലയം നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ, സഹോദരന്മാരായ സാം ഫിലിപ്പ്, രാജു പൊന്നോലില്‍, മനോജ് ഡേവിഡ്, വര്‍ക്കി ചാക്കോ, എ.വി. ജോസ്, എം.എ.ജോര്‍ജ്, ബെന്നി ജോര്‍ജ്, കോശി മാത്യൂസ്, തോമസ് ചാക്കോ, അലക്‌സ് യോഹന്നാന്‍, ബിജോയി ചാക്കോ എന്നിവരുടെ ചുമതലയിലും 2016 ഒക്ടോബര്‍ മാസം 10ന് ആരംഭിച്ചു. 3.5 മില്യണില്‍ അധികം ഡോളര്‍ ചിലവാക്കി പതിനാലായിരം ചതുരശ്ര അടിയില്‍ മനോഹരമായ ആരാധനാലയ കെട്ടിട സമുച്ചയം നിര്‍മ്മിക്കപ്പെട്ടത് ദൈവീക പരിപാലനത്തിന്റെയും കരുതലിന്റെയും പ്രതിഫലനമാണ്. 600 ലധികം ആളുകളെ ഉള്‍ക്കൊള്ളാവുന്ന കെട്ടിടത്തില്‍ കോണ്‍ഫ്രന്‍സ് റൂമും, കുഞ്ഞുങ്ങള്‍ക്കായുള്ള റൂമും മറ്റ് അനുബദ്ധ മുറികളും ചുറ്റുപാടും മനോഹരമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുമാണുള്ളത്. സമര്‍പ്പണ ശുശ്രുഷകളിലും ഉത്ഘാടന പൊതു സമ്മേളനത്തിലും ഏവരും പങ്കെടുക്കണമെന്ന് സെക്രട്ടറി രാജു ഏബ്രഹാം പൊന്നോലില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ipcorlando.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.