You are Here : Home / എഴുത്തുപുര

പ്രിയേ നിന്നെയും തേടി.....

Text Size  

Story Dated: Tuesday, May 30, 2017 12:50 hrs UTC

(മിനിക്കഥ)

പി. ടി. പൗലോസ്

ചെകുത്താന്മാരുടെ കുഴലൂത്തിൽ മാലാഖമാരുടെ സംകീർത്തനങ്ങൾ അപശ്രുതിയാകുന്ന അശാന്തിയുടെ ഗദ്സമനയിൽ ഞാൻ നിന്നെ അവസാനമായി കണ്ടു. മണ്ണിലെ മനുഷ്യന്റെ സ്വസ്ഥത കെടുത്തി അത്യുന്നതങ്ങളിലെ ദൈവത്തിന്റെ സ്തുതിപാഠകർ സൊദോംഗോമുറയിലെ വിഷവായുവിൽ ചത്തൊടുങ്ങിയ ശവംതീനി കഴുകന്മാരുടെ പ്രേതങ്ങളായി നിനക്ക് ചുറ്റും താണ്ഡവമാടുന്നുണ്ടായിരുന്നു. കർത്താവിന്റെ മണവാട്ടിയായി വ്രതമെടുത്തണിഞ്ഞ നിന്റെ തിരുവസ്ത്രത്തിൽ സദാചാരത്തിന്റെ പ്രവാചകരുടെ പാപക്കറകളുണ്ടായിരുന്നു. വേദനകളുടെ മുൾക്കിരീടവുമായി സത്യത്തിന്റെ ഗോഗുൽത്തായിലേക്കുള്ള തീർത്ഥയാത്രയിൽ നിന്നെ നിശ്ചലമാക്കി, സ്വർഗത്തിലേക്കുള്ള വഴികാട്ടികൾ.

 

 

നീ എന്ന അർത്ഥമില്ലായ്മയുടെ പൊരുൾ തേടിയുള്ള എന്റെ അനന്തമായ യാത്രയിൽ ഒരു മഞ്ഞുതുള്ളിയുടെ പരിശുദ്ധിയോടെ ഊഷ്മളസ്നേഹത്തിന്റെ ആർദ്രതയിൽ ഒരു വിഷാദഗീതമായി നിന്റെ ആൽമാവ് എന്നിലേക്ക് അലിഞ്ഞിറങ്ങി. ആ സൗഹ്രദത്തിൻറെ ശ്രീകോവിലിൽ ഒരു പുത്തൻ നീതിശാസ്ത്രത്തിന്റെ തിരി കൊളുത്തി സ്വപ്നങ്ങളുടെ താഴ് വരയിലൂടെ ഞാൻ യാത്ര തുടരുന്നൂ ... നിന്റെ ഓർമ്മകൾ എനിക്ക് ഇന്ദ്രജാലമാകുവാൻ. ഒരു രണ്ടാം ഏദൻ തോട്ടത്തിന്റെ മനോഹാരിത ഞാൻ സ്വപ്നം കണ്ടു. അവിടെ പൂത്തുലഞ്ഞ മുന്തിരിക്കുലകളുടെ സൗന്ദര്യത്തിൽ ഞാൻ മയങ്ങി നിന്നു - പണ്ട് മുന്തിരിയെ മോഹിച്ച കുറുക്കനാകല്ലേ എന്ന പ്രാർത്ഥനയോടെ... മകരമാസക്കുളിരിലൂടെ, മേടമാസച്ചൂടിലൂടെ, വര്ഷകാലസന്ധ്യകളിലൂടെ നന്മകളുടെ തമ്പുരാട്ടീ, നിന്നെയും തേടി ഞാനലഞ്ഞു.

 

 

അവസാനം ചക്രവാളങ്ങൾക്കപ്പുറത് ശാന്തിയുടെ മനോഹരതീരത്തു നിന്നെ ഞാൻ കണ്ടെത്തി. ദേവദാരുവിന്റെ തണലിൽ മയങ്ങുന്ന ദേവകന്യക പോലെ അഴകിന്റെ ഏഴ് വർണങ്ങളിൽ എൻറെ പ്രിയേ നിന്നെ ഞാൻ കണ്ടു. സ്വപ്നങ്ങൾ മയങ്ങിയ മിഴികളിൽ പ്രത്യാശയുടെ തിളക്കം ഞാൻ കണ്ടു. എന്നെ വരവേൽക്കാനുള്ള തിടുക്കം ഞാൻ കണ്ടു. കാലങ്ങൾ ദൈർഘ്യമുള്ള എന്റെ യാത്രയുടെ പരിസമാപ്തി. ഇടനെഞ്ചിൽ പുളകത്തിന്റെ കുളിർമഴ. ആത്‌മാവിന്റെ അന്തരാളങ്ങളിൽ അവാച്യമായ അനുഭൂതികളുടെ തായമ്പക. ഹ്രദയ വീണയുടെ മൃദുല തന്ത്രികളിൽ സപ്തസ്വരങ്ങളുടെ മന്ത്രികധ്വനി. നിത്യനിർവൃതിയിലേക്കുള്ള രാജവീഥിയൊരുങ്ങി. മാനസം കീഴടക്കിയ അനുരാഗത്തിന്റെ ചക്രവർത്തിനീ, ഞാനും എന്റെ മോഹങ്ങളും ഒരു സ്നേഹോപാസനാമന്ത്രമായി ദുഃഖങ്ങളില്ലാത്ത നിന്റെ ലോകത്തിലെ നിത്യതയിലേക്ക് ലയിക്കുന്നു, പ്രപഞ്ച ശക്തികൾ പോലും വിറങ്ങലിച്ച ഈ അഗാധ ശാന്തതയിൽ ......

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.