You are Here : Home / Aswamedham 360

സംവിധാന കലയുടെ കുലപതി

Text Size  

Story Dated: Sunday, October 29, 2017 08:09 hrs UTC

ജിനേഷ് തമ്പി 

 

 

സംവിധാന കലയുടെ അഗ്രഗണ്യന്‍ ഐ വി ശശി കാലയവനികക്കുള്ളില്‍ മറഞ്ഞത് മലയാളസിനിമാലോകത്തിനു ഒട്ടേറെ മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ സമ്മാനിച്ച് സമ്മാനതകള്‍ ഇല്ലാത്ത പുതിയ പ്രമേയ പരീക്ഷണങ്ങള്‍ക്കു ധീരതയോടെ തുടക്കം കുറിച്ച ഒരു മഹാസിനിമാപ്രതിഭയുടെ ജീവിതയാത്രക്കാണ് അന്ത്യം കുറിച്ചത് 

ഓസ്ട്രേലിയയില്‍ താമസിക്കുന്ന മകള്‍ അനുവിനെ സന്ദര്‍ശിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ചെന്നൈയില്‍ നിന്നും യാത്ര തിരിക്കേണ്ട ദിവസം ഐ വി ശശിയെ മരണം തേടിയെത്തിയപ്പോള്‍ മലയാള സിനിമാലോകത്തിനു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെ സമ്മാനിച്ച സൂപ്പര്‍ സംവിധായകന്റെ സിനിമപ്രയാണങ്ങള്‍ക്കു തിരശീല വീണു 

മലയാള സിനിമയുടെ നായകസങ്കല്പങ്ങള്‍ക്കു പുത്തന്‍ മാനങ്ങള്‍ സമ്മാനിച്ച് അന്നേ വരെ വില്ലന്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കെ പി ഉമ്മറിനെ നായകനാക്കി 1975 ഇല്‍ പുറത്തിറങ്ങിയ ഉത്സവം എന്ന തന്റെ ആദ്യ ചിത്രം വന്‍ ഹിറ്റാക്കി ഐ വി ശശി മലയാള സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയായിരുന്നു. 

പിന്നീട് മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, തെലുങ്കിലുമായി ശശി സംവിധാനം ചെയ്യ്ത 150 ഓളം ചിത്രങ്ങളില്‍ ഏകദേശം നൂറു ചിത്രങ്ങള്‍ ഹിറ്റ് ആക്കി മാറ്റി മറ്റൊരു സംവിധായകനും ഇന്നേ വരെ അവകാശപ്പെടാനില്ലാത്ത സമാനതകളില്ലാത്ത തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുകയായിരുന്നു 

നസീര്‍ , സത്യന്‍ എന്ന അച്ചുതണ്ടില്‍ മാത്രം വിഹരിച്ചിരുന്ന മലയാള സിനിമയ്ക്കു നായകനടന്മാരുടെ ഒരു വന്‍നിരയെ തന്നെ സംഭാവന ചെയ്ത കോഴിക്കോടുകാരന്‍ ഇരുപ്പംവീട്ടില്‍ ശശിധരന്‍ എന്ന ഐ വി ശശി ആര്‍ട് ഡയറക്ടര്‍ എന്ന നിലയിയായിരുന്നു സിനിമാജീവിതത്തിനു തുടക്കം കുറിച്ചത്. പിന്നീട് സിനിമാലോകത്തു ഐ വി ശശിയുടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു . 

വേറിട്ട വഴികളിലൂടെ എന്നും സഞ്ചരിക്കാന്‍ ഇഷ്ട്ടപെട്ടിരുന്ന ഈ സൂപ്പര്‍ സംവിധായകന്‍ മലയാള സിനിമാ ചേരുവകള്‍ക്കു പുത്തന്‍ സമവാക്യങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ട് 1978 ഇല്‍ വന്‍ ഹിറ്റാക്കി മാറ്റിയ അവളുടെ രാവുകളിലൂടെ തനിക്കു മലയാളത്തില്‍ സ്റ്റാര്‍ ഡയറക്ടര്‍ പദവി മാത്രമല്ല സമ്മാനിച്ചത് , നായിക സീമയിലൂടെ ജീവിത സഖിയേയുമാണ് ലഭിച്ചത് .

തൊഴില്‍ മേഖല ,രാഷ്ട്രീയം, സാധാരണ ജനങ്ങളെ അലട്ടിയിരുന്ന മറ്റനവധി പ്രശ്‌നങ്ങളില്‍ ഊന്നി വമ്പന്‍ ക്യാന്‍വാസില്‍ ഒട്ടേറെ ആളുകളെ ഒരേ പ്രെയിമില്‍ കൊണ്ട് വന്നു മെഗാസിനിമകള്‍ എടുക്കാന്‍ എ വി ശശിക്ക് പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു. 

വേഗതയുടെ സ്ഥിരം സഹചാരിയായിരുന്ന ഐ വി ശശി 12 സിനിമകള്‍ വരെ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു . രാവിലെ കുളിച്ചു, ഭക്ഷണം കഴിച്ചു വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളുടെ ഒരു പറ്റം കാറുകള്‍ വീട്ടു മുറ്റത്തു അണിനിരന്നിരുന്നുവെന്നും, ശശി ഏതു കാറില്‍ ആദ്യം കേറുന്നുവോ ആ പടത്തിന്റെ ഷൂട്ടിംഗ് ആ ദിവസം നടക്കുമായിരുന്നു എന്നതും സിനിമാലോകം സാക്ഷിയായിരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതും ഐ വി ശശിയുടെ മാത്രം പ്രത്യേകതയായിരുന്നു.

മലയാള സിനിമയിലെ ഇപ്പോഴത്തെ താരരാജാക്കന്മാരായ മമ്മൂട്ടിയെ തൃഷ്ണയില്‍ ആദ്യം നായകനായി അവതരിപ്പിച്ചതും , മോഹന്‍ലാലിനു നായകപ്രാധാന്യം ഉള്ള കഥാപാത്രം ഇനിയെങ്കിലും എന്ന സിനിമയില്‍ ആദ്യം നല്‍കിയതും , ഐ വി ശശി ചിത്രങ്ങളിലൂടെയായിരുന്നു. 
തമിഴില്‍ ഒരു വര്‍ഷത്തോളം തീയേറ്ററുകളില്‍ നിറഞ്ഞോടിയ ഗുരുവിലൂടെ കമലഹാസന് തമിഴകത്തു സൂപ്പര്‍സ്റ്റാര്‍ പദവി ഉറപ്പാക്കിയതും ഐ വി ശശി ചിത്രത്തിലൂടെയായിരുന്നു . രജനികാന്ത് കമലഹാസന്‍ സഖ്യം അലാവുദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ ആദ്യം സാന്നിധ്യം അറിയിച്ചതും ശശി സിനിമയിലൂടെയായിരുന്നു 

ഡയറക്ടര്‍ ഐ വി ശശി എന്ന് സിനിമാ ടൈറ്റില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തീയേറ്ററില്‍ വന്‍ കരഘോഷം മുഴങ്ങിയിരുന്നതു ഈ സംവിധായകന് പ്രേക്ഷക മനസുകളില്‍ ലഭിച്ച വന്‍ സ്വീകാര്യതയുടെ നേര്‍ കാഴ്ചയായിരുന്നു . സ്റ്റില്‍ കാമറ യുടെ ലോകത്തു നിന്നും മലയാള സിനിമയെ കൈപിടിച്ച് നടത്തി മലയാള അഭ്രപാളികളില്‍ പുതിയ ദൃശ്യാനുഭവ വിസ്മയങ്ങള്‍ തീര്‍ന്ന എണ്ണം പറഞ്ഞ ടെക്നിഷ്യന്‍ കൂടിയായിരുന്നു ഐ വി ശശി 

സ്വദേശമായ കോഴിക്കോടിനെ ഏറെ സ്‌നേഹിച്ചിരുന്ന ശശി പല അഭിമുഖങ്ങളില്‍ പറയുമായിരുന്നു കോഴിക്കോടന്‍ വീഥികളിലൂടെ നടന്നു കോഴിക്കോട് കുറച്ചു സമയം ചിലവിട്ടാല്‍ മനസിനെ അലട്ടിയിരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കിട്ടുമായിരുന്നു എന്ന്. വിടവാങ്ങാന്‍ എന്ന പോലെ ഏകദേശം ഒരു മാസത്തിനു മുന്‍പ് അദ്ദേഹം പ്രിയ നാട്ടില്‍ എത്തിയിരുന്നു

ആരൂഢം എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരവും, മൃഗയ ,1921 എന്ന ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡും , 2015 ഇല്‍ ജെ.സി .ഡാനിയേല്‍ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി 

കാലത്തിനു മുന്‍പേ സഞ്ചരിക്കാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന ഐ വി ശശി കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ മലയാള സിനിമാ ലോകത്തിനു നഷ്ടപ്പെടുന്നത് വെറും ഒരു ഫിലിം മേക്കറിനെ മാത്രമല്ല , പകരം വെക്കാനില്ലാത്ത സംവിധാന കലയുടെ ഒരു കുലപതിയെയാണ് കൂടിയാണ് . 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.