You are Here : Home / അഭിമുഖം

തിരുത്തലും കരുതലുമാണ് മാധ്യമപ്രവര്‍ത്തനം

Text Size  

Story Dated: Wednesday, August 16, 2017 11:13 hrs UTC

ആര്‍ എസ് ബാബു

ചെയര്‍മാന്‍ കേരള മീഡിയ അക്കാദമി

 

അന്നൊരു ഞായറാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2013 ജനുവരി ആറ്. കൊച്ചിയിലെ കായലോളങ്ങളില്‍തട്ടി വര്‍ണംവിതറിയ ബോള്‍ഗാട്ടി പാലസിന്റെ പ്രതിബിംബം ഇപ്പോഴും എന്റെ മനസിലുണ്ട്. പാലസിന്റെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദി അന്ന് ലോകത്തിനൊരു മാതൃകയാകുകയായിരുന്നു. ഒരേ തൊഴിലിലേര്‍പ്പെട്ടവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മികവിനെ ബഹുമാനിക്കുന്ന മഹാത്തായൊരു ചടങ്ങ്. കടലുകള്‍ക്കപ്പുറത്തുനിന്നു കേട്ടുമാത്രം പരിചയമുള്ള സഹപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവര്‍ എത്തുമ്പോള്‍ ആ നന്മയുടെ കരുതലിനായി അവര്‍ ആവശ്യപ്പെട്ടതു ചെയ്യാതിരിക്കാന്‍ എനിക്കാവില്ല. അത്രയ്ക്കു ബന്ധമാണ് ഞാനും അമേരിക്കയിലെ ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയിലെ അംഗങ്ങളും തമ്മില്‍. കേരളത്തിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ സെക്രട്ടറിയെകൂടി പങ്കെടുപ്പിക്കണമെന്ന അവരുടെ ആവശ്യം കുറച്ച് ബുദ്ധിമുട്ടുള്ളതാണെങ്കിലും താന്‍ സമ്മതിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ പങ്കെടുക്കും.

 

 

 

 

 

സിപിഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയെനെ പെട്ടന്ന് ഒരു പരിപാടിക്കു ക്ഷണിക്കുക എളുപ്പമല്ല. പാര്‍ട്ടിയുടെ ഒത്തിരി തിരക്കുകള്‍. മാത്രവുമല്ല താന്‍ പങ്കെടുക്കുന്ന ചടങ്ങ് വളരെ കൃത്യമായും ചിട്ടയോടും കൂടി നടക്കണമെന്ന് നിര്‍ബന്ധമുള്ളയാള്‍. അതിലൊക്കെയുപരി പാര്‍ട്ടിയുടെ സമ്മതം. ഒരു കാര്യത്തില്‍ മാത്രം എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ചടങ്ങ് ഗംഭീരമാകും എന്ന കാര്യത്തില്‍. കാരണം എത്രയോ തവണ അമേരിക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച എനിക്ക് ഇന്ത്യപ്രസ് ക്ലബിന്റെ കൃത്യതയും അച്ചടക്കവും ആകര്‍ഷണിയമായിരുന്നു. പിണറായി വിജയനെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി പ്രസ് ക്ലബ് ഭാരവാഹികള്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ നോക്കാം എന്നു മാത്രമേ പറഞ്ഞൊള്ളു. സഖാവിന്റെ പരിപാടികളുടെ ഷെഡ്യൂള്‍ തന്നെയായിരുന്നു വലിയ വിഷയം. അന്ന് മലയാള മനോരമ റിപ്പോര്‍ട്ടര്‍ ജോണ്‍ മുണ്ടക്കയത്തിന്റെ മകന്റെ കല്യാണം തിരുവനന്തപുരത്ത്. സഖാവിനു പോകണം. പിറ്റേദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ പരിപാടി. ഇതിനിടയില്‍ ഞായറാഴ്ച പ്രസ്‌ക്ലബ് പരിപാടിക്ക് വരാന്‍ ബുദ്ധിമുട്ടാണ്. അന്നു വൈകീട്ട് ആറുമണിക്ക് കൊച്ചിയില്‍ വന്ന് വീണ്ടും തിരുവനന്തപുരത്തേക്കു തന്നെ പോകണം. ഞാനും പിന്നെ സഖാവിനു ഏറെ ബന്ധമുള്ള രണ്ടു മാധ്യമപ്രവര്‍ത്തകരായ ആര്‍ ശ്രീകണ്ഠന്‍ നായരും മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ഡി വിജയമോഹനനനും പരിപാടിയില്‍ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ചും അറിയിച്ചു.

 

 

 

 

വിജയമോഹനനാണ് പ്രസ് ക്ലബിന്റെ മാധ്യമശ്രീ പുരസ്‌കാരം നല്‍കുന്നത്. ഒടുവില്‍ സഖാവ് സമ്മതിച്ചു. എത്ര ബുദ്ധിമുട്ടിയായാലും പരിപാടിക്കു വരും. അങ്ങിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവും ഒരേ വേദിയില്‍. ഇരുവര്‍ക്കും ഏറെ പ്രിയങ്കരനായ ഏഷ്യാനെറ്റിന്റെ ടി.എന്‍ . ഗോപകുമാറിന് ആദരം. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്റെ ഡോ ബാബു പോളിന്റെയും പ്രഭാ വര്‍മ്മയുടെയും സാന്നിധ്യം. ഇതിലുമപ്പുറത്ത് ഒരു മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്ക് എന്തു വേണം. ഏവരുടേയും മനസു നിറഞ്ഞ കൈയടി. ചടങ്ങില്‍വച്ച് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഇങ്ങനെ പറഞ്ഞു. എന്തുകൊണ്ട് അമേരിക്കയില്‍നിന്നെത്തിയ മലയാള മാധ്യമപ്രവര്‍ത്തകര്‍ക്ക് നമ്മള്‍ ഇത്തരത്തില്‍ ഒരു സൗകര്യം ഒരുക്കണം?. കാരണം ഇവരാണ് നമ്മുക്ക് അമേരിക്കയില്‍ കരുതലാകുന്നത്. അന്തരിച്ച ടി.എന്‍ ഗോപകുമാര്‍ പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഡല്‍ഹിയില്‍ നിര്‍ഭയ കൊല്ലപ്പെട്ടു ദിവസങ്ങള്‍ കഴിഞ്ഞേ ഉണ്ടായിരുന്നൊള്ളു. ഗോപകുമാര്‍ പറഞ്ഞു- 'നിര്‍ഭയ ഇന്ത്യയുടെ ദുഃഖപുത്രിയാണ്. അവളുടെ പേര് നമ്മുടെ മാധ്യമങ്ങള്‍ കൊടുക്കാതിരുന്നതും അവള്‍ക്കുവേണ്ടി നിലവിളി കൂട്ടിയതും പ്രതീക്ഷ നല്‍കുന്നു. തിരുത്തലും കരുതലുമാണ് മാധ്യമപ്രവര്‍ത്തനം'. ഗോപന്റെ വാക്കുകള്‍ പൊന്നാകട്ടെ. മാധ്യമങ്ങള്‍ നന്മയുടെ പൂമരങ്ങളാകട്ടെ...മാധ്യമപ്രവര്‍ത്തകര്‍ കരുതലിന്റെ കരങ്ങളാകട്ടെ..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.