You are Here : Home / കാണാപ്പുറങ്ങള്‍

നട്വ്ര്‍ സിംഗ് പറയാന്‍ ബാക്കിവച്ചത്

Text Size  

Story Dated: Monday, August 11, 2014 12:41 hrs UTC

നട്വ്ര്‍ സിംഗിന്‍റെ ആത്മകഥ വായിച്ച സോണിയാഗാന്ധി പറയുന്നുണ്ടാവും:"പാമ്പിനെ ആണല്ലോ ഈശ്വരന്‍മാരേ ഞാന്‍ പാല് കൊടുത്തത്".പ്രധാനപ്പെട്ട രഹസ്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും സോണിയാഗാന്ധിയുടെ മുഖംമൂടിയും ദൈവീക പരിവേഷവും പിച്ചിചീന്താന്‍ "ഒരു ജീവിതം മതിയാവില്ല "എന്ന ആത്മകഥയിലൂടെ നട്വ്ര്‍സിംഗ് ചെയ്തു.തന്നോട് കാണിച്ച കൊടുംചതിക്ക് മധുരപ്രതികാരം ചെയ്യാന്‍ നട്വ്റിനു പറ്റി.ഇറാക്കിലെ ഭക്ഷണത്തിന് പകരം എണ്ണ ഇറക്കുമതിയില്‍ നടന്ന അഴിമതിയില്‍ സോണിയാഗാന്ധിയെ രക്ഷിക്കാന്‍ ബലിയാടായ നട്വ്റിനു നഷ്ട്ടപ്പെട്ടത് 50 വര്‍ഷത്തോളം മിനുക്കിവെച്ചിരുന്ന അന്തസ്സും പ്രൌഡിയുമായിരുന്നു.


വെറുതെയല്ല നട്വ്റിന്‍റെ പുസ്തകം വരുന്ന വാര്‍ത്ത കേട്ടവുടന്‍ അമ്മയും മകളും വീട്ടില്‍ ഇടിച്ചു കയറി നട്വ്റിന്‍റെ സോപ്പിടാന്‍ ശ്രമിച്ചത്.നട്വ്റിന്‍റെ ആത്മകഥയില്‍ പ്രതീക്ഷിച്ചതുപോലെ രണ്ടുകാര്യങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണ്.2004-മെയ്‌ 17-ആം തീയതി പ്രധാനമന്ത്രി കുപ്പായം തയ്ച്ചുവെച്ച സോണിയാഗാന്ധിയും രാഷ്ട്രപതി അബ്ദുല്‍ കലാമും തമ്മില്‍ നടന്ന എഴുത്തിടപാടുകളും കൂടികാഴ്ച്ചകളും സാക്ഷിയായ നട്വ്ര്‍ നിശബ്ദത പാലിക്കുന്നു.രാഹുല്‍ഗാന്ധി എതിര്‍ത്തത് കൊണ്ട് പ്രധാനമന്ത്രി മോഹങ്ങള്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് നട്വ്ര്‍ അവസാനിപ്പിക്കുകയാണ് പുസ്തകത്തില്‍.കലാമിനും നട്വ്റിനും മന്‍മോഹന്‍സിംഗിനും സോണിയാഗാന്ധിക്കും മക്കള്‍ക്കും കൃത്യമായി അറിയുന്ന ഈ രഹസ്യം പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ ഈ പുസ്തകം ഉപകരിക്കുന്നില്ല.രാഹുല്‍ഗാന്ധി പ്രകടിപ്പിച്ചു എന്നു പറയുന്ന എതിര്‍പ്പ് 1999-ല്‍ ആദ്യം സോണിയാഗാന്ധി പ്രധാനമന്ത്രി ആകാന്‍ ശ്രമിച്ചപ്പോള്‍ ആണെന്ന് തര്‍ക്കിക്കുന്നവരും ഉണ്ട്.വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷിച്ചവര്‍ക്ക് പോലും കലാമും സോണിയയും തമ്മിലുള്ള കത്തിടപാടുകള്‍ രാഷ്ട്രപതി ഭവന്‍ പുറത്തുവിടുന്നില്ല.
രണ്ടാമത്തെ രഹസ്യം നട്വ്ര്‍ പുറത്തുവിടാത്തത്‌ എണ്ണ കച്ചവടത്തിലെ ഉള്ളു കള്ളികളാണ്.ഇറാക്കിലെ എണ്ണ കൂപ്പണ്‍ കച്ചവടം നടത്തി ലോകത്തിലെ വിവിധ നേതാക്കള്‍ക്ക് കൈമടക്ക്‌ കൊടുത്തത് വിവാദനായകനായ മാര്‍ക്ക് റിച്ച് എന്ന അന്താരാഷ്ട്ര കള്ളനാണ്.കഴിഞ്ഞ വര്‍ഷം ജൂലയില്‍ ഇദ്ദേഹം മരണമടഞ്ഞു.അമേരിക്കയില്‍ പിടിയിലായ ഇയാള്‍ രക്ഷപ്പെട്ടത് 2000-ല്‍ തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ബില്‍ക്ലിന്റണ്‍ ഉത്തരവിറക്കിയതിനാലാണ്.പ്രസിഡന്റ്‌ പദത്തില്‍ നിന്ന് ഇറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ക്ലിന്റ്ന്‍റെ ഈ അപൂര്‍വ ദയാഹര്‍ജി ഉത്തരവില്‍ ഒപ്പിട്ടത്.ഈയിടെ മാര്‍ക്ക് റിച്ച് മരിച്ചതിനു ശേഷം തനിക്കു പറ്റിയ തെറ്റായി ക്ലിന്റണ്‍ ഈ വിവാദ ഉത്തരവിനെ കുറിച്ച് പറഞ്ഞിരുന്നു.


    അമേരിക്കന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് മാര്‍ക്ക് റിച്ച് എണ്ണ അഴിമതി കുംഭകോണത്തില്‍ ഇടപെട്ടത്.ഇതിനെ കുറിച്ച് അന്വേഷിച്ച വോള്‍ക്കര്‍ കമ്മീഷന്‍ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.ഇന്ത്യയില്‍ നിന്ന് നട്വ്റിനെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും റിപ്പോര്‍ട്ട് പണം സ്വീകരിച്ചവരുടെ പട്ടികയില്‍പ്പെടുത്തി.2006-ല്‍ ഇറങ്ങിയ ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നട്വ്ര്‍ ബലിയാടായി.കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്ന് പറഞ്ഞാല്‍ സോണിയാഗാന്ധി ആണ് എന്ന് പറയാന്‍ പാഴൂര്‍പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല.


  ലോകം മുഴുവനുള്ള നേതാക്കളെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ അമേരിക്ക വോള്‍ക്കര്‍ റിപ്പോര്‍ട്ടിനെ ഉപയോഗിക്കുകയായിരുന്നു.ഇതിനു ശേഷം ആണ് ഇന്ത്യ അമേരിക്ക പറഞ്ഞതുപോലെ എല്ലാം അംഗീകരിച്ച് ന്യൂക്ലിയര്‍ കരാറില്‍ ഒപ്പിട്ടത് എന്ന് ഓര്‍ക്കണം.
   എണ്ണ കുംഭകോണത്തില്‍ ഏറ്റവും കൂടുതല്‍ പണം അടിച്ചെടുത്തത്‌ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആയിരുന്ന കോഫിഅണ്ണന്‍റെ മകനാണ്.അക്കാലത്ത് കോഫിഅണ്ണന്‍റെ അടുത്ത അനുയായി ആയിരുന്ന ശശിതരൂര്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞ് ഇപ്പോള്‍ നടക്കുകയാണ്.അന്ന് സദ്ദാം ഹുസ്സൈനില്‍ നിന്ന് തനിക്ക് കിട്ടിയ കൂപ്പണും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കിട്ടിയ കൂപ്പണും എല്ലാം നട്വ്ര്‍ മാര്‍ക്ക് റിച്ചിന് കൊടുത്താണ് കാശാക്കിയത്.
    നട്വ്റിന്‍റെ പുസ്തകം സോണിയാഗാന്ധിയുടെ സ്വഭാവരീതികളെകുറിച്ച് വിശദമായി പറയുന്നുണ്ട്.ഇമേജിന് ഇടിവ് തട്ടാന്‍ പറ്റിയ പരുവത്തില്‍ തന്നെയാണ് നട്വ്ര്‍ വിവരിക്കുന്നത്.അതുകൊണ്ട് തന്നെയാണ് താനും പുസ്തകമെഴുതും എന്ന് കോപകുലയായി സോണിയാഗാന്ധി പ്രതികരിച്ചത്.ആരാണ് സോണിയാഗാന്ധിക്ക് പുസ്തകം എഴുതി കൊടുക്കുന്നത് എന്ന ചര്‍ച്ചയിലാണ് ഡല്‍ഹി ഇപ്പോള്‍.സോണിയാഗാന്ധി പുസ്തകം എഴുതുകയാണെങ്കില്‍ നട്വ്ര്‍ ഒരു പുസ്തകം കൂടി എഴുതും എന്നാണ് തമാശ."ഒരു പുസ്തകം മതിയാവില്ല"എന്നായിരിക്കും നട്വ്റിന്‍റെ അടുത്ത കൃതിയുടെ പേര് എന്ന ഫലിത സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.
   എന്തായാലും വരും നാളുകളില്‍ കുറേ കോണ്‍ഗ്രസ്സുകാര്‍ കൂടി പതിറ്റാണ്ടുകളായി മനസ്സില്‍ അടക്കി പിടിച്ച രഹസ്യങ്ങള്‍ പുറത്ത് പറയും എന്ന് നമുക്ക് ആശിക്കാം.

    Comments

    August 13, 2014 09:48

    Natwar is hushing up so many facts...though the book exposes Sonia and family...otherwise Sonia won't go to his home..Good - if other Congressmen and women writes book...


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.