You are Here : Home / USA News

മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം ഓര്‍മദിനം ആചരിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, December 07, 2017 11:46 hrs UTC

 

 

 

 

 സഫേണ്‍(ന്യൂയോര്‍ക്ക്): കാലം ചെയ്ത മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം അടിയന്തിരശുശ്രൂഷകള്‍ ഡിസംബര്‍ 2 ശനിയാഴ്ച സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. എം. ജി. ഓ. സി. എസ്. എം ആദ്യകാല പ്രവര്‍ത്തകനും സംഘാടകനുമായ ഫാ. പി സി ചെറിയാന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയില്‍ റവ. ഡോ. രാജു എം വറുഗീസ്, റവ. ഡോ. വറുഗീസ് എം ഡാനിയല്‍, ഫാ. തോമസ് മാത്യു, ഫാ. മാത്യു തോമസ്, ഫാ. സണ്ണി ജോസഫ്, ഫാ. ഷിബു ഡാനിയല്‍ എന്നിവര്‍ സഹകാര്‍മികരായി. ശുശ്രൂഷകള്‍ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ ഭദ്രാസനതല വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും മുന്‍കാലഭാരവാഹികളും ഭാഗ്യസ്മരണാര്‍ഹനായ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തായുടെ വിവിധ കര്‍മ മണ്ഡലങ്ങളെ ആസ്പദമാക്കി ഓര്‍മകള്‍ പങ്കുവച്ചു. ആമുഖപ്രസംഗം നടത്തിയ ഇടവക വികാരി ഫാ. ഡോ. രാജു എം വറുഗീസ് സുദീര്‍ഘമായി ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ പഠിച്ച കാലവും, സ്റ്റുഡന്റ് സെന്ററില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ദിവസങ്ങളും, വിദ്യാര്‍ഥി പ്രസ്ഥാനത്തിനായി കര്‍മകുശലതയോടെ ഓടി നടന്നതുമൊക്കെ പ്രതിപാദിച്ചു. തിരുമേനി കാലം ചെയ്തു, പക്ഷേ കടന്നുപോയിട്ടില്ല. തിരുമേനി ഒരു ദീപം കൊളുത്തി തന്നു. ആ വെളിച്ചവുമായി നമുക്ക് തുടങ്ങാം എന്ന് മിനിസോട്ടയില്‍ നിന്നെത്തിയ ഫാ. പി സി ചെറിയാന്‍, അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ കാലഘട്ടത്തിന് ആവശ്യം ആത്മീയ സംഭരണികളാണ്. മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്താ അത്തരത്തിലുള്ള ഒരു സംഭരണി ആയിരുന്നു. അതുകൊണ്ട് തന്നെ തടാകം ആശ്രമത്തില്‍ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തതും ഉചിതമായി. ''കടമ മറന്നാലും കാരുണ്യം മറക്കരുത്' എന്ന ആപ്തവാക്യവുമായി ജീവിച്ച വന്ദ്യ പിതാവായിരുന്നു മാര്‍ തെയോഫിലോസ് എന്ന് ഫാ. മാത്യു തോമസ് സൂചിപ്പിച്ചു. മലങ്കര സഭയിലെ ജനകീയനായ തിരുമേനിയായിരുന്നു മാര്‍ തെയോഫിലോസ് എന്ന് ഫാ. ഷിബു ഡാനിയല്‍ വിശേഷിപ്പിച്ചു. ഇടവക സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മര്‍ത്ത മറിയം സമാജം അംഗങ്ങളോടായി നിങ്ങളുടെ പെട്ടികള്‍ തുറന്ന് ഉപയോഗിച്ച സാരികള്‍ എടുത്തു തരൂ, ഞാനത് അര്‍ഹിക്കുന്നവര്‍ക്ക് കൊടുത്തുകൊള്ളാം എന്നു പറഞ്ഞത് ഫാ. തോമസ് മാത്യു അനുസ്മരിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അനുശോചനം മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. തിരുമേനിയുടെ വിശ്വാസത്തെയും കരുതലിനെയും കുറിച്ച് ഭദ്രാസന കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സംസാരിച്ച ഡോ. ഫിലിപ്പ് ജോര്‍ജ് അനുസ്മരിച്ചു. കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയ ദുഖവും പേറിയാണ് താന്‍ നില്‍ക്കുന്നതെന്ന് യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ നിന്നുള്ള ലീലാമ്മ മത്തായി അഭിപ്രായപ്പെട്ടു. നിസ്വാര്‍ഥമായി സഭയെ ജീവനേക്കാള്‍ കരുതിയ വന്ദ്യപിതാവായിരുന്നു മാര്‍ തെയോഫിലോസ് എന്ന് മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ കോരസണ്‍ വറുഗീസ് പറഞ്ഞു. അനു ജോസഫ് അഭിവന്ദ്യ തിരുമേനിയുടെ എല്ലാ നല്ല ഗുണങ്ങളെയും പരാമര്‍ശിച്ച് സംസാരിച്ചു. അനുശോചനം രേഖപ്പെടുത്തിയ മുന്‍ മാനേജിംഗ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ്, തിരുമേനിയെ കുറിച്ചുള്ള ഒരു കവിത പാരായണം ചെയ്യുകയും ചെയ്തു. തിരുമേനിയുടെ കുടുംബാംഗവും യു എസ് കോണ്‍ഗ്രസിലേയ്ക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ പീറ്റര്‍ ജേക്കബ്, തിരുമേനിയുടെ സ്‌നേഹ വായ്പ്, ജീവിതം, വിശ്വാസം, ആതുരസേവനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 3-ാം വര്‍ഷ ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ഥിനി ആയിരിക്കുന്ന കാലം മുതല്‍ തിരുമേനിയുമായി അടുപ്പം പുലര്‍ത്തിവന്ന മോളമ്മ ജോസ്, കര്‍മധീരമായ തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് സംസാരിച്ചു. എം സി യായി പ്രവര്‍ത്തിച്ച ഭദ്രാസന കൗണ്‍സില്‍ അംഗം കൂടിയായ സജി എം പോത്തന്‍, തിരുമേനി തുടങ്ങിവച്ചതും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതുമായ ഏതെങ്കിലുമൊരു പ്രോജക്ട് ഏറ്റെടുത്ത് നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കുടുംബാംഗമായ സാജന്‍ പോത്തന്‍ കൃതജ്ഞത രേഖപ്പെടുത്തിയതും വികാരാധീനമായ മനസുമായിട്ടായിരുന്നു. സമീപ ഇടവകകളില്‍ നിന്നും ദൂരത്തുനിന്നും ഒട്ടേറെപേര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More