You are Here : Home / എഴുത്തുപുര

ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ...

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, March 01, 2014 09:23 hrs UTC


ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ
അമേരിക്കയിലുള്ള നമ്മുടെ മലയാളി നേഴ്‌സിനെ സംബന്ധിച്ചിടത്തോളം വയലാറിന്റെ ഈ വരികള്‍ തികച്ചും അന്വര്‍ത്ഥമാണ്‌.
ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷകളും ഒരു കൊച്ചു പെട്ടിക്കുള്ളിലൊതുക്കി പറക്കമുറ്റാത്ത പ്രായത്തില്‍ അപരിചിതമായ പ്രദേശങ്ങളിലേക്കു പറിച്ചു നടപ്പെട്ട ഒരു ജീവിതം. പരിമിതമായ വരുമാനത്തിനുള്ളില്‍ നിന്നുകൊണ്ടു വടക്കേ ഇന്ത്യന്‍ ഗോസായിമാരുടെ പീഡനമനുഭവിച്ച്‌ പഠനം തുടങ്ങിയ അന്നുമുതല്‍ തലയില്‍ ചുമടാണ്‌. ഒരു തീരാവ്യാധിപോലെ അന്നും ഇന്നും അവരില്‍ പലരേയും അപവാദങ്ങള്‍ പിന്‍തുടരുന്നു. കല്യാണപ്രായം കഴിഞ്ഞിട്ടും മകളുടെ കാര്യം സൗകര്യപൂര്‍വം മറന്ന മാതാപിതാക്കള്‍ നിന്റെ എളേത്തുങ്ങള്‍ക്ക്‌ വലിയ പഠിത്തമൊന്നുമില്ലല്ലോ. അവരുടെ കാര്യം ഒന്നും കഴിഞ്ഞോട്ടെ. അവത്തുങ്ങള്‍ക്ക്‌ നീയല്ലാതെ മറ്റാരും ഇല്ലെന്ന കാര്യം ഞാന്‍ പറയാതെ തന്നെ നിനക്കറിയാമല്ലോ. ദൈവം നിന്നെ അനുഗ്രഹിക്കും.

 

ദൈവാനുഗ്രഹത്തിന്റെ പിന്‍ബലത്തില്‍ അവന്‍ സമര്‍പ്പിച്ച അപേക്ഷയുടെ മുന്നില്‍ മറുവാക്കുകളൊന്നു മുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ്‌ അമേരിക്ക എന്ന സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെട്ടത്‌. ശക്തനായ ഡോളറിന്റെ മുന്നില്‍ രൂപ വഴിമാറി. കുടിലിന്റെ സ്ഥാനത്തു കൊട്ടാരമുടര്‍ന്നു. വീട്ടുകാരുടെ അപേക്ഷകന്‍ ഡിമാന്റുകളായി. കല്യാണക്കാര്യം മാത്രം എങ്ങുമെത്താതെ കാലം കടന്നുപോയി.

 


അവധിക്കു നാട്ടിലെത്തിയപ്പോള്‍ കല്യാണദല്ലാളന്മാര്‍ കഴുകന്മാരെപ്പോലെ വട്ടമിട്ടു പറന്നു. തൊഴില്‍ രഹിതരായ ബിരുദധാരികള്‍ എന്തിനും റെഡി. കടല്‍ കടന്നൊന്നു കിട്ടിയാല്‍ മതി. അങ്ങനെ ഒരു വിവാഹം. ഇപ്പോള്‍ ചുമടിന്റെ ഭാരം വര്‍ധിച്ചു. രണ്ടു കുടുംബക്കാരുടെ ആവശ്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ഓവര്‍ടൈം ഒഴിച്ചുകൂടാന്‍ പറ്റാതായി. അതൊരു പതിവായി.
ഇതിനിടയ്‌ക്കൊരു പ്രസവം. ഉലുവക്കഞ്ഞികുടിച്ച്‌, കുഴമ്പുതേച്ചു തിരുന്നി, വേപ്പിലവെള്ളത്തില്‍ കുളിച്ച്‌ അന്‍പത്താറു ദിവസം വിശ്രമിക്കണമെന്നാണു പ്രമാണ്‌. എവിടെ നടക്കാന്‍? മൂന്നാമത്തെ ആഴ്‌ച ജോലിക്കു തിരിച്ചു ചെന്നപ്പോള്‍ പലരും കളിയാക്കിച്ചിരിച്ചത്‌ കണ്ടില്ലെന്നു നടിച്ച

 


അഞ്ചാം പ്രമാണത്തിന്റെ ആനുകൂല്യത്തില്‍ അമേരിക്കയില്‍ വരണമെന്ന്‌ കരഞ്ഞപേക്ഷിച്ച ബന്ധുക്കളെ ടിക്കറ്റുള്‍പ്പെടെ ഇവിടെ ഇറക്കുമതി ചെയ്‌തപ്പോഴും കിട്ടിയ അനുഭവങ്ങള്‍ കയ്‌പേറിയതായിരുന്നു. സ്വന്തം കാലു നിലത്തുറപ്പിച്ചപ്പോള്‍ കാലിലെ പൊടിയും തട്ടി അവര്‍ സ്ഥലം വിട്ടു. ബന്ധുക്കള്‍ ശത്രുക്കളാകുന്ന ഒരു വല്ലാത്ത പ്രതിഭാസം.
വീടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സൗകര്യപൂര്‍വ്വം തെന്നി മാറുന്ന ഭര്‍ത്താവ്‌. ചെക്കിന്റെ കനം കുറയുമ്പോള്‍ കണവന്റെ മുഖം കറക്കുന്നു. കാര്യമായ പണിയൊന്നും ചെയ്‌തിട്ടില്ലാത്ത പ്രിയതമന്‌ റിട്ടയര്‍മെന്റു കാലത്തു നാട്ടില്‍പോയി സുഖമായി താമസിക്കാന്‍ ചെറിയൊരു വീട്‌. വീട്ടുകാരന്റെ ആഗ്രഹപ്രകാരം ചെറിയ വീടു പണിതു വന്നപ്പോള്‍ വലിയ വീടായി. നാട്ടുകാരുടെ മുന്നില്‍ അമേരിക്കക്കാരന്‍ ചെറുതാവരുതല്ലോ.

 

ദൈവം കനിഞ്ഞനുഗ്രഹിച്ചാല്‍ പത്തോ ഇരുപതോ വര്‍ഷം കൂടി മാത്രം ഈ ഭൂമിയില്‍ ആയുസുള്ളവനാണ്‌ കോടികളോടടുക്കുന്ന കൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നത്‌. തീര്‍ത്താല്‍ തീരാത്ത കടം. ഈ വീടിന്റെ അവകാശിയായി, കഴിഞ്ഞ ജന്മത്തില്‍ സുകൃതം ചെയ്‌ത ആരോ ജനിക്കാനിരിക്കുന്നു.
ഇതിനിടയിലൂടെ കുട്ടികള്‍ വളര്‍ന്നു. ലോണൊന്നും എടുക്കാതെ തന്നെ അമ്മ അദ്ധ്വാനിച്ച പണം കൊണ്ട്‌ അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദൈവകൃപയാല്‍ ഉന്നതമായ ഉദ്യോഗം. ആദ്യശമ്പളത്തില്‍ തന്നെ ബാങ്കില്‍ പുതിയ അക്കൗണ്ടു തുടങ്ങി. മമ്മിയെപ്പോലെയല്ല. അവര്‍ ബുദ്ധിയുള്ളവരാണ്‌. തുടക്കത്തില്‍ തന്നെ സമ്പാദിക്കുവന്‍ തുടങ്ങിയിരിക്കുന്നു. വിവാഹം കഴിക്കേണ്ട ആളിനെയും വിവാഹത്തിനു വേണ്ട ഒരുക്കങ്ങളുമെല്ലാം അവര്‍ സ്വയം തീരുമാനിക്കുന്നു. ചിലവെല്ലാം മാമ്മിയുടെ വക. ഇടവക പള്ളിക്കു ഗ്ലാമര്‍ പോരാത്തതുകൊണ്ടു കുറച്ചകലെയുള്ള കത്തീഡ്രല്‍ പള്ളിയില്‍ വെച്ചു കര്‍ദ്ദിനാളിന്റെ കാര്‍മ്മികത്വത്തിലാണു കല്യാണം. മെയ്‌ഡ്‌ ഓഫ്‌ ഹോണര്‍, ഫ്‌ളവര്‍ ഗേള്‍സ്‌ എല്ലാവര്‍ക്കുമുള്ള യൂണിഫോം നമ്മുടെ ചെലവില്‍ തന്നെ. കേറ്ററിംഗ്‌ ഡെഫ്‌നിറ്റലി ഇറ്റാലിയന്‍. മറ്റുള്ള സ്റ്റുപ്പിഡ്‌ ഇന്ത്യന്‍സിനെപ്പോലെ. നമ്മള്‍ ചീപ്പാകുവാന്‍ പറ്റുകയില്ലല്ലോ. ഹവായിലേക്കുള്ള ഹണിമൂണ്‍ ടിക്കറ്റ്‌ മമ്മിയുടെയും ഡാഡിയുടെയും വക വെഡിംഗ്‌ ഗിഫ്‌റ്റാണ്‌.

 


കഥ ഇവിടെ അവസാനിക്കുന്നില്ല. കുഞ്ഞുങ്ങള്‍ക്കു കുഞ്ഞുങ്ങളായി എല്ലാ വീക്കെന്‍ഡുകളിലും അവര്‍ക്കു പരിപാടികള്‍ ഉണ്ട്‌. അവര്‍ പോകുന്ന പാര്‍ട്ടികള്‍ക്കൊന്നും പിള്ളേരെ കൊണ്ടുപോകാന്‍ പറ്റില്ല. ബേബി സിറ്റിംഗുകൂടി ചുമതലകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. കൊച്ചു മക്കളുടെ ഫോട്ടോയും കൈയില്‍ പിടിച്ചുകൊണ്ടു ഇല്ലാത്ത സന്തോഷം മുഖത്തുവരുത്തി, രോഗികളെ ശുശ്രൂഷിക്കുന്ന രോഗിയായ മലയാളി നേഴ്‌സമ്മ.
കൈയില്‍ കാശുണ്ടായിട്ടു കാര്യമില്ല. ആരോഗ്യമുള്ള സമയത്തു പോയില്ലെങ്കില്‍ ഒന്നു സുഖിക്കാന്‍ പറ്റുകയില്ലെന്നു പറഞ്ഞു നീണ്ട അവധിയെടുത്തു നാട്ടിലേക്കു മടങ്ങുന്ന ഭര്‍ത്താവ്‌.
മൂന്നു തലമുറകളുടെ ചുമതല, നിന്ദയും ദുഷിപ്പുമേറ്റ്‌ സ്വന്തം തോളില്‍ ചുമക്കേണ്ട അവകാശം - പ്രിയ അമേരിക്കന്‍ മലയാളി നേഴ്‌സ്‌ സഹോദരിമാരെ. അതു നിങ്ങള്‍ക്കുള്ളതാണ്‌. നിങ്ങള്‍ക്കുമാത്രം.

    Comments

    moiduppa August 25, 2014 11:22

    ഒരുകി തീരുന്ന ജന്മങല്.............
     


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.