You are Here : Home / കാണാപ്പുറങ്ങള്‍

നരേന്ദ്ര മോദിയെ പേടിക്കുന്നവര്‍ ആരൊക്കെ?

Text Size  

Story Dated: Monday, April 21, 2014 03:35 hrs UTC

യമുനാ നദിയുടെ തീരപ്രദേശങ്ങള്‍ ചരിത്രാതീതകാലം മുതല്‍ വിഷലിപ്തമാണ്. എങ്ങിനേയും അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്ന കുറുക്കന്‍മാരുടെ വിഹാരസ്ഥലങ്ങള്‍ ആണ് ഈ സമതല പ്രദേശം.ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ആയിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.ഇപ്പോള്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം
ബി.ജെ.പിക്ക് എത്ര സീറ്റുകള്‍ കിട്ടും എന്നതാണ്.

180 മുതല്‍ 230 വരെ പലരും പ്രവചിക്കുന്നു.സാധാരണ ഗതിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയില്‍ നരേന്ദ്രമോദി ആയിരിക്കും പ്രധാനമന്ത്രി.ഇത് പുറമേ കരുതുന്ന കാര്യം മാത്രമാണ്.ഡല്‍ഹിയുടെ ദര്‍ബാറുകളില്‍ ഈയിടെ ഉയര്‍ന്നു കേള്‍ക്കുന്ന
ഒരു ചര്‍ച്ച ബി.ജെ.പി MPമാരുടെ എണ്ണം 180ല്‍ താഴെ ആയാല്‍ എന്തു ചെയ്യും എന്നതാണ്. ഇങ്ങനെ ചിന്തിക്കുന്ന കുടില തന്ത്രക്കാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വന്ന പേരാണ് CLUB-160.മോദി പക്ഷക്കാരി ആയ മധുകിശ്വാര്‍ ആണ് ഒളിഞ്ഞും തെളിഞ്ഞും കേട്ടിരുന്ന CLUB-160 എന്ന ആശയം പുറത്തുവിട്ടത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില ബി.ജെ.പി നേതാക്കളും സോണിയാഗാന്ധിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളുമാണ് ഈ CLUB-160 എന്ന പേരില്‍ അറിയപ്പെടുന്ന കുതന്ത്ര നീക്കത്തിന് പിന്നില്‍.

എന്താണ് CLUB-160? ബി.ജെ.പിയുടെ MPമാരുടെ എണ്ണം 160ന് അടുപ്പിച്ച് താഴ്ന്നാല്‍ നരേന്ദ്രമോദിയെ മാറ്റി മറ്റേതെങ്കിലും ബി.ജെ.പി നേതാവിനെ പ്രധാനമന്ത്രി ആയി വാഴിക്കുക.മോദിയ്ക്ക് പകരക്കാരന്‍ ആയി എത്തുന്നയാള്‍ക്ക് മറ്റ് സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കുക.
മോദി പ്രധാനമന്ത്രി ആയാല്‍ ജയിലില്‍ കഴിയേണ്ടിവരും എന്ന് ഭയക്കുന്നവരുടെ പിന്തുണയും ഇക്കൂട്ടര്‍ക്ക് ഉണ്ട് എന്നത് പരമാര്‍ത്ഥമാണ്.
നരേന്ദ്രമോദിയെ പേടിക്കുന്നവരും വെറുക്കുന്നവരുമായ ആളുകളുടെ പിന്തുണയോടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില ബി.ജെ.പി നേതാക്കള്‍ ആണ് ഈ കുലം കുത്തി പരിപാടിക്ക് പിന്നില്‍. ബി.ജെ.പി പ്രസിഡന്റ്‌ രാജ്നാഥ് സിംഗിന്‍റെ ജ്യോതിഷിയും ഈ നീക്കങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നു എന്ന കാര്യം ഡല്‍ഹിയില്‍ അങ്ങാടി പാട്ടാണ്. L.K അദ്വാനിക്കും  സുഷമ സ്വരാജിനും അരുണ്‍ ജെയ്റ്റിലിക്കും ഒക്കെ പ്രധാനമന്ത്രി പദം മനം മയക്കുന്ന ഒരു സ്വപ്ന മരീചികയാണ് എന്ന കാര്യം ഡല്‍ഹി രാഷ്ട്രീയം അടുത്ത് നിന്ന് കാണുന്നവര്‍ക്ക് നല്ല വണ്ണം അറിയുന്ന കാര്യമാണ്.

ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഡല്‍ഹിയിലെയും ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഈ CLUB-160 തിയറി പ്രയോഗത്തില്‍ വന്നു എന്ന കാര്യം ഉറപ്പാണ്‌.നിലവാരം കുറഞ്ഞ സ്ഥാനാര്‍ഥികളെ ഏകദേശം 30ഓളം മണ്ഡലങ്ങളില്‍ നിര്‍ത്തിയത് സംശയങ്ങള്‍ക്ക് ബലമേകുന്നു.ചില സീറ്റുകളില്‍ പണമിടപാട് നടന്നിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.പണം നല്‍കിയവനും മേടിച്ചവനും പ്രശ്നമില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തെളിയിക്കുക പ്രയാസമാണ്.മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലും 20ശതമാനത്തോളം സീറ്റുകള്‍ നേതൃത്വത്തില്‍ ഉള്ളവര്‍ പണം മേടിച്ചിട്ടാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.2014-ല്‍ 10കോടി രൂപവരെയാണ് ഇത്തരം മാനേജ്‌മെന്‍റ് ക്വാട്ട സീറ്റുകളുടെ വില.

ഇത്തരം തരികിട പ്രയോഗങ്ങള്‍ കാരണം ഒരു സമയത്ത് 50സീറ്റിനോടടുപ്പിച്ച് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി യ്ക്ക് ലഭിക്കും എന്ന് കരുതിയവര്‍ പോലും ഇപ്പോള്‍ 30-ല്‍ താഴെ പോയേക്കാം എന്ന് കരുതുന്നു.അത് കൊണ്ടാണ് മോദിയുടെ വിശ്വസ്തനായ അമിത്ഷാ കൈ മെയ് മറന്ന് ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തന നിരതനായിരിക്കുന്നതും.കൂടാതെ ബി.ജെ.പി യുടെ സഹായത്തിന് ദിനംപ്രതിയുള്ള അസംഖാനെ പോലുള്ളവരുടെ പ്രഭാഷണങ്ങളും ഉപയോഗമായി തീരുന്നു. സീറ്റ് നിര്‍ണ്ണയത്തില്‍ പറ്റിയ പിഴവ് തീര്‍ക്കാന്‍ വരും ദിവസങ്ങളില്‍ ബി.ജെ.പി ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ അടിച്ചെടുക്കാനുള്ള സര്‍വ്വതന്ത്രവും പയറ്റും.

നരേന്ദ്രമോദി പ്രധാനമന്ത്രി ആയാല്‍ ഭയക്കുന്നവര്‍ ആരാണ്? കഴിഞ്ഞ 10-14 വര്‍ഷമായി അധികാരവും പണവും വീതംവെച്ച് ഡല്‍ഹിയിലെ
സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ കുടിയിരിക്കുന്ന എല്ലാ പാര്‍ട്ടികളുടെയും തലപ്പത്തുള്ളവര്‍ക്ക് ഡല്‍ഹിക്ക് പുറത്തുള്ള മോദിയെ ഇതുവരെ ദഹിച്ചിട്ടില്ല എന്ന കാര്യം ഒരു പരമാര്‍ത്ഥമാണ്.പുറത്ത് നിന്ന് കളിക്കാന്‍ കയറുന്നവനെ എല്ലാവരും ചേര്‍ന്ന് തോല്‍പ്പിക്കുന്ന ചീട്ട് കളിയിലെ തരികിട പണിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. ഈ തരികിട നന്നായി മനസ്സിലാക്കാന്‍ ഉള്ള കുശാഗ്രബുദ്ധി മോദിക്ക് ഉള്ളതിനാല്‍ അധികാരത്തില്‍ വന്നാല്‍ ആരുടെ ഒക്കെ ചീട്ട് കീറും എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
 

    Comments

    sreejith April 29, 2014 04:49
    Innu bharathan kandathil vachu ettavum kazhivum,karuthumulla ore oru nethavu modiji mathramanu.athu party paramayi parayunnathalla..pinne gujarathile vikasanam avide chennu nokkiyal namukku manassilakum..indiaye oru valiya lokarashtramakkan addehthine deerkayussu labikkan namukku prarthikkam...

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.