You are Here : Home / News Plus

നിപ്പ ബാധ: മരണം പത്തായി

Text Size  

Story Dated: Monday, May 21, 2018 11:23 hrs UTC

നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രോഗബാധിതരെ മുമ്പ് പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം പത്തായി.  പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശി ലിനിയാണ് മരിച്ചത്.രോഗം ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളെ പരിചരിച്ചത് വഴി വൈറസ് ബാധയുണ്ടായെന്നാണ് നിഗമനം. 

മുന്‍കരുതലിന്‍റെ ഭാഗമായി ലിനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ ബന്ധുക്കളുടെ സമ്മതത്തോടെ കോഴിക്കോട്ടെ വൈദ്യുതശ്മശാനത്തില്‍ സംസ്കരിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍  മരിച്ചവരുടെ എണ്ണം പത്തായി. നിപ്പ വൈറസ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കണ്ട സമാന ലക്ഷണങ്ങളാണ് മരിച്ച മറ്റുള്ളവരിലും പ്രകടമായത്. 

മരിച്ച രണ്ട് പേരുടെ  രക്തപരിശോധനാ ഫലം ഇന്ന് വൈകുന്നേരത്തോടെ കിട്ടും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി കഴിയുന്ന ആറ് പേരുടെ നില അതീവ ഗുരുതരമാണ്. നിപ്പ വൈറസ് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍  കോഴിക്കോട് അവലോകന യോഗം ചേര്‍ന്നു. മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും, വൈറസ് പടര്‍ന്നത് ഈ കിണറ്റിലെ വെള്ളത്തിലൂടെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ  നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.