You are Here : Home / News Plus

കുമ്മനം ആറന്മുളയിൽ

Text Size  

Story Dated: Sunday, June 17, 2018 07:33 hrs UTC

ഉന്നത പദവിയിലെത്തിയിട്ടും ലാളിത്യവും വിനയവും കൈവിടാതെ . മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പൈതൃകഗ്രാമമായ ആറന്‍മുളയുടെ ഹൃദയത്തിലേക്ക് വന്നിറങ്ങി .ആറന്‍മുളയുടെ സാംസ്‌ക്കാരിക തനിമ നിലനിര്‍ത്താന്‍ നടത്തിയ ധര്‍മ്മസമരത്തിന്റെ നായകന് നാടിന്റെ സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ്. ശനിയാഴ്ച്ച രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുമ്മനം രാജശേഖരന്‍ എത്തി.
സാധാരണ വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച്‌ ഗവര്‍ണര്‍ പദവിയുടെ ജാഡകളൊന്നുമില്ലാതെ വന്ന അദ്ദേഹത്തെ സ്വീകരിക്കാന്‍ പുലര്‍ച്ചെയായിട്ടും ധാരാളം ആളുകള്‍ ചെങ്ങന്നുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാത്ത് നിന്നു.

അവിടെ നിന്നും ആറന്‍മുളയിലെ ശബരി ബാലാശ്രമത്തില്‍ എത്തി. ബാലാശ്രമം പ്രസിഡണ്ട് വിജയകുമാര്‍, സെക്രട്ടറി എം കെ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ആയിരുന്നു ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ പ്രഭാത ഭക്ഷണം. ഒരു പിതാവിനെപ്പോലെ കുട്ടികള്‍ക്കൊപ്പം കൂടി ,സ്‌നേഹം പകര്‍ന്നു. ബാലാശ്രമത്തില്‍ കുമ്മനം രാജശേഖരന്‍ അതിഥിയല്ല. 
ആര്‍ എസ് എസ് കോഴഞ്ചേരി താലൂക്ക് സംഘചാലക് ആയിരുന്ന അജന്ത നാരായണന്‍ നായര്‍ തന്റെ ഗൃഹം ബാലാശ്രമമാക്കി മാറ്റണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പൊള്‍ ,ആ അഭിലാഷം നിറവേറ്റിക്കൊടുത്തത് കുമ്മനം രാജശേഖരന്‍ ആണ്. അന്ന് 'അദ്ദേഹം വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകന്‍. ബാലാശ്രമത്തിലെ ഒരംഗത്തേപ്പോലെ ഇവിടെ എത്തിയിരുന്ന തങ്ങളുടെ രാജേട്ടന്‍ ഗവര്‍ണര്‍ പദവിയിലെത്തിയിട്ടും തങ്ങള്‍ക്കൊപ്പം വീണ്ടുമെത്തിയപ്പോള്‍ കുട്ടികള്‍ക്കും സന്തോഷത്തിന്റെ നിറവ്.

കുരുന്നുകളോട് യാത്ര പറഞ്ഞ് നേരെ ആറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള പുത്തരിയാലിന്‍ ചുവട്ടില്‍ നിന്നും കുമ്മനം രാജശേഖരനെ പൂര്‍ണ്ണ കുംഭം നല്‍കി ക്ഷേത്രനടയിലേക്ക് സ്വീകരിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്ബടിയോടെയായിരുന്നു വരവേല്‍പ്പ്. പാര്‍ത്ഥസാരഥിയെ വണങ്ങി അദ്ദേഹം തുലാഭാര വഴിപാടും നടത്തി. ശര്‍ക്കരയും പഴവും തുലാഭാരത്തിന് ഉപയോഗിച്ചു.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാരാമണ്‍ അരമനയിലെത്തി മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഡോ .ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ സന്ദര്‍ശിച്ചു. മിസോറാമിലെ ഷാള്‍ മെത്രാപ്പോലീത്തയെ അണിയിച്ചു .സഭയുടെയും തന്റെയും അനുഗ്രഹവും പ്രാര്‍ത്ഥനയും അങ്ങയ്ക്ക് വേണ്ടി ഉണ്ടാകുമെന്ന് മെത്രാപ്പോലീത്ത കുമ്മനവുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.