സഹകരണ മേഖലയിലെ താത്കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല. കൊവിഡ് 19 രോഗവ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഹകരണ സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റ്മാര്‍ മുഖേനയുള്ള കളക്ഷന്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ദിവസ വേതന വ്യവസ്ഥയിലും കരാര്‍ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തേയും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന തുടര്‍കാലയളവിലും അതാത് മാസത്തെ പ്രവര്‍ത്തി ദിവസം കണക്കാക്കി നിലവില്‍ നല്‍കിവരുന്ന വേതനം ഉറപ്പ് വരുത്തണമെന്ന് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതിമാസം നിശ്ചിത തുക നിജപ്പെടുത്തിയിട്ടുള്ള താത്കാലിക ജീവനക്കാര്‍ക്ക് ഈ തുക ഉറപ്പ് വരുത്തും. സഹകരണ സംഘങ്ങള്‍ ബാങ്കുകളില്‍ കളക്ഷന്‍ ഏജന്റുമാരായി ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ വേതനം, കമ്മീഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ അതാത് സംഘം ഭരണ സമിതികള്‍ സ്വീകരിക്കണം. ഇപ്രകാരം വേതനവും കമ്മീഷനും കണക്കാക്കുമ്പോള്‍ ആകെ തുക 10,000 രൂപയില്‍ താഴെയാണെങ്കില്‍ പരമാവധി 10,000 രൂപ ഈ വിഭാഗം ജീവനക്കാര്‍ക്ക് പ്രതിമാസ വേതനം ഉറപ്പ് വരുത്തും. കളക്ഷന്‍ ഏജന്റുമാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ ആനുകൂല്യം മുടക്കം വരാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments