ഷാഫി പറമ്പില്‍ എംഎല്‍എ തന്‍റെ വിവാഹ ചെലവുകള്‍ക്കു നീക്കിവച്ച പണം നല്‍കിയത് മലമ്പുഴയിലെ അന്ധദമ്പതികള്‍ക്ക് വീടുവയ്ക്കാന്‍...ആ പുണ്യപ്രവൃത്തിക്ക് ഇന്ന് ഒരു വയസ്.
ഷാഫി പറമ്പില്‍ എംഎല്‍എയെക്കുറിച്ച് ഏറ്റവുമാദ്യം ഓര്‍മ വരുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ഓര്‍ത്താലും ഇല്ലെങ്കിലും (ഒരിക്കലും മറക്കാന്‍ സാധ്യതയില്ല) അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഏതെങ്കിലും ഒരു കാര്യം കൊണ്ടല്ല ഷാഫിക്ക് ഇത് പ്രധാനമാകുന്നത്. ഒന്നാമത്തെ കാര്യം ഷാഫി പറമ്പിലിന്റെ ഒന്നാം വിവാഹവാര്‍ഷികമാണിന്ന് എന്നതാണ്. രണ്ടാമത്തേത് അദ്ദേഹം സ്വന്തം സന്തോഷത്തെ മറ്റൊരുവന്റെ സങ്കടം മാറ്റാനായി നീക്കി വെച്ച ദിവസവും. ത്യാഗത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ബലിപെരുന്നാള്‍ ദിനംതന്നെ.
2013 ഒക്‌ടോബര്‍ അഞ്ചിനായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെയും മാഹി സ്വദേശിനി അഷീലയുടെയും വിവാഹം. ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ആര്‍ഭാടങ്ങള്‍ ഒന്നും തന്നെയില്ലാതെ ചടങ്ങുകള്‍ പോലും ഒഴിവാക്കിക്കൊണ്ട് നടന്ന ആ വിവാഹം കേരളരാഷ്ട്രീയത്തിലെ നേതാക്കള്‍ക്കൊക്കെയും ഏതു വിധത്തിലും മാതൃകയാക്കാവുന്ന ഒന്നാണ്. വിവാഹത്തോടനുബന്ധിച്ച് വിരുന്നുസത്ക്കാരം ഉണ്ടായിരുന്നില്ല. അത്തരം ചടങ്ങുകളൊക്കെയും ഒഴിവാക്കിക്കൊണ്ട് ആ തുകയത്രയും അന്ധരായ ദമ്പതികള്‍ക്ക് വീടുവച്ച് നല്‍കാനായാണ് അദ്ദേഹം ചിലവഴിച്ചത്. ഇന്ന് വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമാവുമ്പോഴേക്കും അദ്ദേഹംവെച്ചു നല്‍കിയ ആ വീട്ടില്‍ അവര്‍ താമസിച്ച് തുടങ്ങിയിരിക്കുന്നു. ഒരു ജനസേവകന് ഇതില്‍പരം എന്തു ചെയ്യാനാകും.
കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് വിവാഹാലോചനകള്‍ തുടങ്ങിയ സമയത്താണ് മലമ്പുഴയില്‍നിന്ന്‍ അന്ധനായ ഒരാള്‍ അദ്ദേഹത്തെ കാണാനായി അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. വീടിന്റെ ധനസഹായത്തിനായി എംഎല്‍എയെ കാണാനെത്തിയതാണ്. അക്കാര്യം എംഎല്‍എക്കു ചെയ്യാനാവില്ല, പഞ്ചായത്തുവഴിയാണ് അത്തരം കാര്യങ്ങളുടെ നടത്തിപ്പ്, തുടങ്ങിയ വസ്തുതകള്‍ അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. മാത്രമല്ല, അവരുടെ സ്ഥലം എംഎല്‍എ ഷാഫി പറമ്പില്‍ ആയിരുന്നില്ല. അവര്‍ മലമ്പുഴ സ്വദേശികളായിരുന്നു. അദ്ദേഹമാകട്ടെ പാലക്കാട് എംഎല്‍എയും.
വീടിന്‍റെ സാമ്പത്തികസഹായം പഞ്ചായത്തുവഴിയാണ് ലഭ്യമാവുക എന്നറിയിച്ചപ്പോള്‍ ഭാര്യയുടെ ജോലിക്കാര്യത്തില്‍ സഹായിക്കാനാകുമോ എന്നതായി അദ്ദേഹത്തിന്റെ അടുത്ത ആവശ്യം. ഭാര്യക്ക് വിദ്യാഭ്യാസമുള്ളതാണ്, ഭാര്യ വന്നിട്ടുണ്ട് എന്നും പറഞ്ഞു. അങ്ങനെ അവരും അകത്തേക്ക് വന്നപ്പോഴാണ് മനസിലായത് അവര്‍ക്കും കണ്ണുകാണില്ല എന്ന്. ചെറിയ രണ്ടു മക്കളും. എല്ലാത്തിനും പുറമെ സാമ്പത്തികമായ പ്രയാസങ്ങളും. കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് പ്രയാസം തോന്നിക്കാണണം
ഏതായാലും വിവാഹം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം ആര്‍ഭാടമായി നടത്തുന്നതിനു പകരം എന്തെങ്കിലും പോസിറ്റീവായി ചെയ്യാമെന്നാണ് അദ്ദേഹത്തിന് തോന്നിയത്. അതിനെ കുടുംബാംഗങ്ങളൊന്നടങ്കം പിന്തുണക്കുകയും ചെയ്തപ്പോള്‍ ആ പാവങ്ങള്‍ക്കായി ഒരു വീടൊരുങ്ങി. എന്തു തന്നെയായാലും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും വീട്ടുകാരെയും ഒരുപോലെ അഭിനന്ദിക്കേണ്ടതുണ്ട്. വീട്ടുകാരുടെയും വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയുടെയും സമ്മതമില്ലാതെ അദ്ദേഹത്തിന് ആ തീരുമാനം നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല. അക്കാര്യത്തില്‍ അവരും നൂറു ശതമാനം പിന്തുണച്ചു.
എം.എല്‍.എ ആ വീട്ടില്‍ വന്നതിനു ശേഷം മാത്രമേ അവിടെ താമസം തുടങ്ങുകയുള്ളൂ എന്നതായിരുന്നു അവരുടെ തീരുമാനം. എന്നാല്‍ അതുപറ്റില്ല അത് നിങ്ങളുടെ വീടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു ശേഷം രണ്ടു തവണ അദ്ദേഹമവിടെ പോയി. ഒരു തവണ അവര്‍ അദ്ദേഹത്തെ വന്നു കണ്ടതായും അറിയാം.
തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന്റെ ആഘോഷങ്ങളൊക്കെയും ഈയൊരു പുണ്യപ്രവൃത്തിക്കായി മാറ്റിവച്ച ഷാഫി പറമ്പില്‍ എം.എല്‍.എക്ക് ബലിപെരുന്നാള്‍ ദിനം കൂടിയായ വിവാഹവാര്‍ഷികദിനത്തില്‍ 'അശ്വമേധ'ത്തിന്റെ ആശംസകള്‍.
Comments