വിവാദങ്ങളുടെ ഭാരവും പേറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റിനിറങ്ങിയ ആസ്‌ത്രേലിയക്ക് നാണം കെട്ട തോല്‍വി. ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് മുന്നില്‍ 492 റണ്‍സിനാണ് ഓസീസ് തോല്‍വി സമ്മതിച്ചത്. 612 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്‌ത്രേലിയയുടെ ചെറുത്ത് നില്‍പ്പ് 46.4 ഓവറില്‍ 119 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ വെര്‍ണോന്‍ ഫിലാണ്ടറുടെ ബൗളിങാണ് ആസ്‌ത്രേലിയയെ വന്‍ നാണക്കേടിലേക്ക് തള്ളിവിട്ടത്. ജയത്തോടെ നാല് മല്‍സര പരമ്ബര 3-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
മൂന്ന് വിക്കറ്റിന് 88 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 31 റണ്‍സാണ് പിന്നീട് കൂട്ടിച്ചേര്‍ക്കാനായത്. കഗിസോ റബാദയും മോണി മോര്‍ക്കലും ഫിലാണ്ടും ചേര്‍ന്ന് പേസ് ബൗളിങില്‍ വിസ്മയം തീര്‍ത്തപ്പോള്‍ എട്ട് ഓസീസ് താരങ്ങള്‍ രണ്ടക്കം കാണാതെ മടങ്ങി. 42 റണ്‍സെടുത്ത ജോയ് ബേണ്‍സാണ് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും (24) ഓസീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 13 ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഫിലാണ്ടര്‍ ആറ് വിക്കറ്റുകള്‍ പിഴുതത്. മോണി മോര്‍ക്കല്‍ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 488 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 221 റണ്‍സില്‍ അവസാനിച്ചു. 267 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ആസ്‌ത്രേലിയക്ക് 612 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിക്കുകയായിരുന്നു.
വെര്‍ണോന്‍ ഫിലാണ്ടര്‍ കളിയിലെ താരമായപ്പോള്‍ കഗിസോ റബാദ പരമ്ബരയിലെ താരമായി.
മോണി മോര്‍ക്കല്‍ വിരമിച്ചു
ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസ് ബൗളര്‍ മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവീതം അവസാനിപ്പിച്ചു. ആസ്‌ത്രേലിയക്കെതിരായ നാലാം ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ മോര്‍ക്കല്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 86 ടെസ്റ്റില്‍ നിന്ന് 309 വിക്കറ്റും 117 ഏകദിനത്തില്‍ നിന്ന് 188 വിക്കറ്റും 44 ട്വന്റി20യില്‍ നിന്ന് 47 വിക്കറ്റും മോര്‍ക്കല്‍ സ്വന്തമാക്കിയിട്ടുണ്ട്.
Comments