You are Here : Home / SPORTS

ദ്രാവിഡിനെയും കുംബ്ലെയേയും കുപ്പിയിലാക്കാൻ ബിജെപി

Text Size  

Story Dated: Monday, April 16, 2018 04:05 hrs UTC

രാഹുലിനേയും, കുംബ്ലെയേയും ചാക്കിട്ടു പിടിക്കാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്ന് താരങ്ങള്‍ പറഞ്ഞതാണ് ബിജെപിക്ക് തിരിച്ചടിയായത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരെ പിടിക്കുന്നതിനു വേണ്ടിയായിരുന്നു മുന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിനേയും അനില്‍ കുംബ്ലെയേയും പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയത്.

ഇതിനായി ആഴ്ച്ചകളായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു. കോണ്‍ഗ്രസ്സിനും സിദ്ധരാമയ്യയ്ക്കും തിരിച്ചടി നല്‍കി യുവ വോട്ടര്‍മാരെ പിടിക്കാനായിരുന്നു ഇത്തരമൊരു നീക്കം പാര്‍ട്ടി നടത്തിയത്.

ഇരു താരങ്ങളുടേയും പ്രതിച്ഛായയും ജനപ്രിയതയും മറ്റും കണക്കിലെടുത്ത് മെയ് 12ന് നടക്കുന്ന വോട്ടെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. താരങ്ങളെ താമരയ്ക്ക് കീഴില്‍ നിര്‍ത്താന്‍ നിരവധി തവണ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഒരാളെ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുളള വാഗ്ദാനം വരെ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമില്ലെന്ന് കാട്ടി ഇരുവരും വാഗ്ദാനം നിരസിക്കുകയായിരുന്നു. അതേസമയം പാര്‍ട്ടി ഇപ്പോഴും ഇവരെ ഒന്നിച്ച്‌ നിര്‍ത്താനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കര്‍ണാടകയില്‍ നിന്നും കളിച്ച്‌ മികച്ച താരങ്ങളാണ് കുംബ്ലെയും ദ്രാവിഡും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് കുംബ്ലെ. ദ്രാവിഡ് നിലവില്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.