സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കായികമന്ത്രി ഇ പി ജയരാജന്റെ നടപടി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒരു നവീകരണത്തിന്റെ തുടക്കമാകുമെന്ന് കരുതുന്നതായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ജോസ് കാടാപുറം. ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രണ്ടു കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. ഒന്നാമത് സ്‌പോര്‍ട്‌സ് മന്ത്രി എന്ന നിലയില്‍ ലോകത്തുള്ള എല്ലാ കായികപ്രതിഭകളെക്കുറിച്ചും നല്ല അവബോധം ഉണ്ടാകേണ്ടതാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരു പത്രക്കാരന്റെ ചോദ്യത്തിന് പ്രതികരണമായി ലോക പ്രശസ്ത ബോക്‌സര്‍ മുഹമ്മദലിയുടെ നിര്യാണത്തില്‍ തെറ്റായ വിവരങ്ങളാണ് അദ്ദേഹം നല്‍കിയത്. ഇതില്‍ അപഹസിക്കപ്പെടുകയും ചെയ്തു. ഇതോടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണമെന്ന ചിന്തയും ഇദ്ദേഹത്തിനുണ്ടായി.
ഇക്കാര്യത്തില്‍ അദ്ദേഹം കുറച്ചുകൂടി ശ്രദ്ധിക്കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ രണ്ടാമത്തെ വിഷയത്തില്‍ ജയരാജനെ കുറ്റപ്പെടുത്താനാകില്ല. അഞ്ജു ഒരു അന്താരാഷ്ട്ര താരമാണ്. എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് മുമ്പിരുന്ന പത്മിനി തോമസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ വളരെ പിന്നിലാണ് അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങള്‍. കായിമന്ത്രിയുമായി ചര്‍ച്ച നടത്തി രണ്ടു ദിവസം കഴിഞ്ഞാണ് മന്ത്രി തന്നെ അവഹേളിച്ചെന്ന ആരോപണവുമായി അഞ്ജു രംഗത്തെത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്ന നിലയില്‍ കൂടുതല്‍ സഹതാപവും വിശ്വാസ്യതയും നേടിയെടുക്കാനായിരിക്കാം ഒരുപക്ഷേ അവരത് പറഞ്ഞത്. ഇതൊരു വ്യക്തമായ തിരക്കഥയുടെ ഭാഗമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഉച്ചക്ക് 12 നു ശേഷം മന്ത്രിയെ കണ്ടിറങ്ങിയ അഞ്ജു രാത്രി 9 ന് ഫേസ്ബുക്കില്‍ ഇ.പി ജയരാജന്‍ എന്ന കായികമന്ത്രിയെക്കുറിച്ച് വളരെ പോസിറ്റീവായിട്ടാണ് എഴുതിയത്. അത് എങ്ങനെ മാറിമറിഞ്ഞു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനം ഒരു ആലങ്കാരിക പദവിയല്ല എന്നത് സത്യമാണ്.
ഭാരിച്ച യാത്രാക്കൂലിയും എഴുതി വാങ്ങി പരോളിലിറങ്ങിയ പ്രതിയെപ്പോലെ വല്ലപ്പോഴും ഹാജരായി ഒപ്പിട്ടു പോയാല്‍ മതിയോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം. കര്‍ണാടകത്തില്‍ താമസിച്ച് തന്റെ സ്വന്തമായിട്ടുള്ള അക്കാദമിയെ വളര്‍ത്താന്‍ പരിശ്രമിക്കുകയും പിസി ജോര്‍ജിനെപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ കേരളത്തിലെ നല്ല കായികതാരങ്ങളെ കര്‍ണാടകക്ക് കൊണ്ടുപോകുന്ന മനോഭാവവുമുള്ളയാളെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വെച്ചുകൊണ്ടിരിക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവര്‍ വലിയ താരമാണ്. അതംഗീകരിക്കുന്നു. പക്ഷേ എത്ര വലിയ താരമായാലും താനേറ്റ ജോലി കൃത്യമായി ചെയ്യാത്തത് ആ വകുപ്പിന്റെ മന്ത്രി ചോദിച്ചാല്‍ മന്ത്രിയെ കുറ്റക്കാരനാക്കിയിട്ട് കാര്യമില്ല.
അഞ്ജു ബോബി ജോര്‍ജിന്റെ ഭാഗത്തുണ്ടായ വീഴ്ചകള്‍ മന്ത്രി ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. കാസര്‍കോടുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കാണാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടിയും കൂടി ചേര്‍ന്ന് പോയതിന് 60000 രൂപയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍നിന്ന് എഴുതിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് പോകാന്‍ ഈ തുക എടുത്തെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് അവകാശമില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. . ഇതിനെല്ലാം പുറമെ ഒളിമ്പ്യന്‍ സുരേഷ് ബാബുവിനെ മാറ്റിയിട്ടാണ് തത്സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്ത അഞ്ജുവിന്റെ സഹോദരന് 80000 രൂപ ശമ്പളത്തില്‍ നിയമനം നല്‍കിയത്. ഇങ്ങനെയൊക്കെ പോയാല്‍ ഇതിനെ വെള്ളാനയല്ലെന്ന് എങ്ങിനെയാണ് പറയാനാവുക. മന്ത്രി ഇ പി ജയരാജന്‍ മുഹമ്മദ് അലിയെ കുറിച്ച് പറഞ്ഞ ഒരു അബദ്ധത്തിന്റെ പേരില്‍ അഞ്ജു ബോബി ജോര്‍ജിന്റെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതായി നമുക്ക് കാണാനാകില്ല.
ഏതു വകുപ്പായാലും മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുന്നു എന്നതിലാണ് കാര്യം. ഈ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാനായില്ലെങ്കില്‍ ആരുടെയും അടുത്തയാളാണെന്ന് പറഞ്ഞിട്ടോ മന്ത്രിസഭയിലെ രണ്ടാമനാണ് എന്നു പറഞ്ഞിട്ടോ കാര്യമില്ല. അഴിമതിയില്ലാത്ത ഭരണം എന്നതാണ് ജയരാജന്റെയും ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ഫയലുകള്‍ പഠിച്ചപ്പോഴാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.ഇത് വകുപ്പില്‍ ഒരു ശുദ്ധീകരണത്തിന് തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം.
Comments