You are Here : Home / എന്റെ പക്ഷം

നഴ്‌സിംഗ് രംഗത്തെ വെല്ലുവിളികളും നിയമക്കുരുക്കില്‍ പെടുന്ന നഴ്‌സുമാരും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, January 11, 2017 04:19 hrs UTC

കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചതുപോലെ ഇതൊരു നിയമോപദേശമോ മറ്റേതെങ്കിലും തരത്തില്‍ ഗവണ്മെന്റ് സംവിധാനത്തെ അട്ടിമറിക്കാനുള്ള വളഞ്ഞ വഴി ഉപദേശിക്കുകയോ അല്ല. സാധാരണ പൊതുജനങ്ങള്‍ അറിയാത്ത നിരവധി ഘടകങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലുണ്ട്. ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ഒരുപക്ഷെ കേസുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ നിയമപരമായിത്തന്നെ ഏത് കേസും വാദിച്ച് ജയിക്കാം. എന്നാല്‍ നിയമത്തെ ധിക്കരിച്ചുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്നുകൂടി വ്യക്തമാക്കുകയും ചെയ്യുന്നു. ഓരോരോ കേസുകള്‍ക്കും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കേണ്ടത്. അവയുടെ നിയമസാധുതയെക്കുറിച്ച് അഭിഭാഷകരുമായി സംസാരിച്ചതിനുശേഷമേ തീരുമാനമെടുക്കാവൂ. കോടതികളില്‍ ബോധിപ്പിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണമെന്നു മാത്രമല്ല തെളിവുകളും ഹാജരാക്കണം.

 

 

ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗങ്ങള്‍ അറിയാത്തവര്‍ പരിഭാഷകരെ നിയോഗിക്കാം. അതും കോടതികളില്‍ അനുവദനീയമാണ്. സ്വന്തം ചിലവില്‍ പരിഭാഷകരെ നിയോഗിക്കാന്‍ കഴിവില്ലെങ്കില്‍ ആ വിവരം കോടതിയെ അറിയിച്ചാല്‍ സര്‍ക്കാര്‍ ചിലവില്‍ അവരെ നിയോഗിച്ചുതരും. യാതൊരു കാരണവശാലും പക്ഷഭേദം കാണിക്കാത്ത ജഡ്ജിയാണ് തീര്‍പ്പു കല്പിക്കുന്നതെന്നും, കോടതികളില്‍ വൈകാരികഭാവങ്ങള്‍ക്കോ പ്രകോപിത വികാരങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ലെന്നും ഓര്‍ക്കണം. കൂടാതെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ജഡ്ജിമാര്‍ എല്ലാവരും ശ്ലാഘ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രീതി സമ്പാദിച്ചവരാണ്. യാതൊരുവിധത്തിലുമുള്ള വിവേചനവും കാണിക്കാത്ത വ്യക്തിത്വത്തിനുടമകളാണ് എല്ലാവരും. ലോംഗ് ഐലന്റില്‍ അറസ്റ്റിലായ നഴ്‌സുമാരെ സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊസിക്യൂട്ട് ചെയ്തു കാണാനിടയില്ലെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. എങ്കിലും അവരുടെ കേസ് ഫയലുകള്‍ ലീഗല്‍ അഫയേഴ്‌സില്‍ എത്തിക്കാണണം. ആ വിവരം അറ്റോര്‍ണി ജനറല്‍ ഓഫീസിനും (ഏജീസ്) അറിയാം. ഇങ്ങനെയുള്ള കേസുകളില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനമെടുക്കുന്നത് എജീസ് ഓഫീസിന്റെ തീരുമാനം കഴിഞ്ഞതിനുശേഷമായിരിക്കും. അവരുടേത് ക്രിമിനല്‍ വകുപ്പാണെന്നുള്ളതുകൊണ്ട് നഴ്‌സിംഗ് ലൈസന്‍സിനെ നേരിട്ട് ബാധിക്കുന്നത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റേയും വിചാരണയ്ക്കു ശേഷമായിരിക്കും. ഒരു കേസിന് മൂന്ന് ശിക്ഷയോ എന്ന് പലരും സംശയിച്ചേക്കാം.

 

 

 

എന്നാല്‍ അതാണ് നിയമം. തന്നെയുമല്ല, ഒരു കേസില്‍ ഉള്‍പ്പെട്ട മെഡിക്കല്‍ പ്രൊഫഷണലുകള്‍ അവരുടെ കേസ് തീര്‍പ്പാക്കുന്നതുവരെ ഏതെങ്കിലും മെഡിക്കല്‍ ഫെസിലിറ്റികളില്‍ സമാന ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമല്ല. അറ്റോര്‍ണി ജനറല്‍ കേസ് വിചാരണ നടത്തുന്നത് കോടതികളിലാണ്. എന്നാല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വിചാരണ നടത്തുന്നത് റീജന്‍ ഓഫീസുകളിലെ ഹിയറിംഗ് റൂമുകളിലുമാണ്. മേല്പറഞ്ഞ നഴ്‌സുമാരുടെ കേസുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതിനോടകം തന്നെ സ്‌റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ശേഖരിച്ചുകാണും. കിട്ടാവുന്നതിന്റെ പരമാവധി വിവരങ്ങള്‍ അവര്‍ ശേഖരിക്കും. അതില്‍ അബ്യൂസ് ചെയ്ത വ്യക്തിയുടെ അല്ലെങ്കില്‍ വ്യക്തികളുടെ പൂര്‍ണ്ണ വിവരങ്ങള്‍, അബ്യൂസ് ചെയ്യപ്പെട്ട റസിഡന്റിന്റെ പൂര്‍ണ്ണവിവരങ്ങള്‍, സാക്ഷി മൊഴി, ഫോട്ടോഗ്രാഫുകള്‍, റസിഡന്റിന്റെ കെയര്‍ പ്ലാന്‍, കഴിക്കുന്ന മരുന്നുകള്‍, അലര്‍ട്ട് ഇന്‍ഫര്‍മേഷന്‍, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍/ഡയറക്ടര്‍/അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം പ്രത്യേക ഫോര്‍മാറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ അവര്‍ ജോലിക്ക് അപേക്ഷിച്ച സമയത്തുള്ള രേഖകളും, ബയോഡേറ്റയുമോക്കെ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ഫയല്‍ ആയിരിക്കും ലീഗല്‍ അഫയേഴ്‌സില്‍ എത്തുക. ഒരു റസിഡന്റ് മരിച്ചതുകൊണ്ട് ഈ കേസ് അല്പം സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പ്രഗത്ഭരായ അഭിഭാഷകരെ വേണം ഈ കേസ് ഏല്പിക്കാന്‍ എന്ന് കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്.

 

 

 

ഒരു കേസ് ഫയല്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറ്റോര്‍ണിയുടെ കൈയ്യില്‍ എത്തുന്നതിനുമുന്‍പ് അതിലെ വിവരങ്ങള്‍ ട്രാക്കിംഗ് സിസ്റ്റത്തില്‍ എന്‍ട്രി ചെയ്യുന്നതോടെ കേസ് നമ്പര്‍ ലഭിക്കുന്നു. ഈ നമ്പറിലാണ് പിന്നീട് എല്ലാ കറസ്‌പോന്‍ഡന്‍സും നടക്കുന്നത്. ഫയലില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഡോക്യുമെന്റാണ് 'കേസ് ഹിസ്റ്ററി.' കേസിനെക്കുറിച്ച് ചുരുക്കിയെഴുതിയിരിക്കുന്ന ആ ഹിസ്റ്ററിയില്‍ എല്ലാമുണ്ടാകും. അതിന്റെ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ്‌സ് വേറെയും. കേസില്‍ തീര്‍പ്പു കല്പിക്കാന്‍ വര്‍ഷങ്ങളോളം ഫയല്‍ സൂക്ഷിക്കാറില്ല. കേസ് ഹിസ്റ്ററി വായിച്ചു കഴിയുമ്പോള്‍ അറ്റോര്‍ണിക്ക് കേസിനെക്കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടും. പിന്നെ സമയം കളയാതെ ഒരു ലറ്റര്‍ പ്രതിക്ക് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. 'Commissioner's Designee Letter' എന്നറിയപ്പെടുന്ന മൂന്നു പേജുള്ള ആ ലറ്ററില്‍ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേസ് ഹിസ്റ്ററിയില്‍ ചുരുക്കിയെഴുതിയിരിക്കുന്ന ഭാഗം പകര്‍ത്തിയതായിരിക്കും. പിന്നെ കേസിന്റെ വകുപ്പുകള്‍, നിബന്ധനകള്‍, പ്രതിയുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. കൂടാതെ, "ഈ കേസ് ചോദ്യം ചെയ്യപ്പെടുകയോ, കുറ്റകൃത്യം നിഷേധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിനെ വെല്ലുവിളിക്കുകയോ ചെയ്താല്‍ സ്‌റ്റേറ്റിന്റെ പ്രൊസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നു മാത്രമല്ല, ഒരുപക്ഷെ ലൈസന്‍സ് നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും, കേസില്‍ തോറ്റാല്‍ ഓരോ കുറ്റത്തിനും രണ്ടായിരം ഡോളര്‍ വീതം പിഴയടക്കേണ്ടിയും വരും.." എന്ന് പ്രത്യേകം എഴുതിയിട്ടുണ്ടാകും. ഈ ഭാഗം ഒരു 'ട്രാപ്പ്' ആണെന്ന് പലര്‍ക്കും അറിയില്ല.

 

 

അശ്രദ്ധകൊണ്ടോ അജ്ഞത കോണ്ടോ ആ ട്രാപ്പില്‍ കുരുങ്ങിയവര്‍ നിരവധിയാണ്. ആ ലറ്ററിന്റെ കൂടെ മൂന്ന് അറ്റാച്‌മെന്റുകളുണ്ടാകും. അവ ഇപ്രകാരമാണ്: 1) WAIVER FORM - "ലറ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണ്. ഞാന്‍ അത് സമ്മതിക്കുന്നു. കമ്മീഷണറുടെ തീരുമാനങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു...എനിക്കതില്‍ യാതൊരു പരാതിയുമില്ല. എന്റെ ലൈസന്‍സ് റദ്ദാക്കുകയോ ഓരോ കുറ്റകൃത്യത്തിനും രണ്ടായിരം ഡോളര്‍ പിഴ ചുമത്തുകയോ ചെയ്യുന്നതിന് കമ്മീഷണര്‍ക്ക് ഞാന്‍ പൂര്‍ണ്ണ സമ്മതം തരുന്നു, ഭാവിയില്‍ ഈ കേസ് ഞാന്‍ ചലഞ്ച് ചെയ്യുകയില്ല... " എന്നീ വിവരങ്ങളാണ് ഈ അറ്റാച്‌മെന്റിലുള്ളത്. താഴെ ഒപ്പ് രേഖപ്പെടുത്താനുള്ള സ്ഥലവുമുണ്ട്. 2) PRE-HEARING CONFERENCE REQUEST FORM - "കമ്മീഷണറുടെ കുറ്റാരോപണം ഞാന്‍ നിഷേധിക്കുന്നു. വിചാരണയ്ക്കു മുന്‍പ് എനിക്ക് സ്‌റ്റേറ്റ് അറ്റോര്‍ണിയുമായി സംസാരിക്കാന്‍ അനുവാദം തരണം.." 3) HEARING REQUEST FORM - ഇത് കുറ്റാരോപിതര്‍ക്ക് നേരിട്ടോ അഭിഭാഷകര്‍ വഴിയോ ഏജന്റുമാര്‍ വഴിയോ യൂണിയന്‍ വഴിയോ കോടതിയില്‍ കേസ് വാദിക്കാനുള്ള അപേക്ഷയാണ്. ഈ മൂന്ന് അറ്റാച്‌മെന്റുകളില്‍ ഏതു തിരഞ്ഞെടുക്കണമെന്ന് പ്രതികള്‍ക്ക് അവകാശമുണ്ട്. മുപ്പതു ദിവസത്തിനകം അത് അയക്കുകയും വേണം.

 

 

മെല്പറഞ്ഞ ഡോക്യുമെന്റുകള്‍ സര്‍ട്ടിഫൈഡ് മെയിലായും റഗുലര്‍ ഫസ്റ്റ് ക്ലാസ് മെയിലായുമാണ് അയക്കുന്നത്. അതാണ് നിയമവും. സ്‌റ്റേറ്റിന്റെ സര്‍ട്ടിഫൈഡ് മെയില്‍ കാണുമ്പോള്‍, അല്ലെങ്കില്‍ പോസ്റ്റ്മാന്‍ മഞ്ഞ കാര്‍ഡ് മെയില്‍ ബോക്‌സില്‍ ഇട്ടാല്‍, പലരും ആ സര്‍ട്ടിഫൈഡ് മെയില്‍ കളക്ട് ചെയ്യാറില്ല. അഡ്രസ്സില്‍ കാണുന്ന ആള്‍ ഒപ്പിടാതെ പോസ്റ്റ്മാന്‍ അത് കൈമാറുകയുമില്ല. എന്നാല്‍, റഗുലര്‍ മെയില്‍ പ്രതിയുടെ മെയില്‍ ബോക്‌സിലുണ്ടാകും. മൂന്നു പ്രാവശ്യം സര്‍ട്ടിഫൈഡ് മെയില്‍ ഡെലിവറി ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ പോസ്റ്റ് ഓഫീസ് അത് തിരിച്ച് ലീഗല്‍ അഫയേഴ്‌സിനയക്കും. എന്തു കാരണം കൊണ്ടാണ് തിരിച്ചയക്കുന്നതെന്ന് കവറിനു പുറത്ത് എഴുതിയിട്ടുണ്ടാകും. കൂടാതെ എത്ര പ്രാവശ്യം അത് ഡെലിവറി ചെയ്യാന്‍ ശ്രമിച്ചു എന്നും, തിയ്യതികളുമുണ്ടാകും (മൂന്നു പ്രാവശ്യം ശ്രമിക്കണമെന്നാണ് നിയമം). ആ കവര്‍ ഇവിടെ കിട്ടിക്കഴിഞ്ഞാല്‍ അത് ഫയലില്‍ സൂക്ഷിക്കും. കൃത്യം 30 ദിവസം കഴിഞ്ഞ് 'ഫ്‌ലാഗ്' ചെയ്ത ഫയല്‍ നോക്കി മറുപടി വന്നോ അതോ കവര്‍ തിരിച്ചുവന്നോ എന്ന് പരിശോധിക്കും. ധമെയിലുകള്‍ തിരിച്ചു വരുന്നത് പല കാരണങ്ങളാലായിരിക്കും. "അഡ്രസില്‍ പറഞ്ഞിരിക്കുന്ന വ്യക്തി താമസം മാറ്റി, ഫൊര്‍വേഡിംഗ് അഡ്രസ് ഫയലില്‍ ഇല്ല" എന്നാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ക്ക് ചെയ്തിട്ടുള്ളതെങ്കില്‍ പുതിയ അഡ്രസ് തേടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബെയ്‌സിലേക്കാണ് അന്വേഷണം പോകുന്നത് (ലീഗല്‍ ഡിവിഷന് ഈ ഡാറ്റാബെയ്‌സിലേക്കുള്ള ആക്‌സസ് ഉണ്ട്). അവിടെയും പുതിയ അഡ്രസ് ഇല്ലെങ്കില്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബെയ്‌സില്‍ അന്വേഷിക്കും. നഴ്‌സുമാര്‍ സ്ഥലം മാറി മറ്റൊരു സ്ഥലത്ത് ജോലി തേടുമ്പോള്‍ ആ സ്ഥാപനം പുതിയ അഡ്രസ് അപ്പോള്‍ തന്നെ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിരിക്കും.

 

 

 

 

അതുപോലെ തന്നെയാണ് നഴ്‌സസ് എയ്ഡ്‌സും. അവരുടെ അഡ്രസ് നഴ്‌സസ് എയ്ഡ് രജിസ്ട്രിയിലായിരിക്കും കൊടുക്കുക. ഇതെഴുതുവാന്‍ പ്രത്യേക കാരണവുമുണ്ട്. പലരും അഡ്രസ് മാറുന്നത് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാറില്ല. എന്നാല്‍, അങ്ങനെയുള്ളവരെ കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് പല സംവിധാനങ്ങളുമുണ്ട്. അത് അടുത്ത ലക്കത്തില്‍.പ ഇനി മുകളില്‍ പറഞ്ഞിരിക്കുന്ന അറ്റാച്‌മെന്റിലെ ആദ്യത്തെ ഫോം ആണ് ഒപ്പിട്ട് അയച്ചിട്ടുള്ളതെങ്കില്‍ കേസില്‍ കൂടുതല്‍ സമയം ചിലവഴിക്കില്ല. പ്രതിയുടെ ഒപ്പോടുകൂടിയുള്ള രേഖ പ്രകാരം അറ്റോര്‍ണി ഒരു "Stipulation And Order" (ഉടമ്പടി) തയ്യാറാക്കുന്നു. അതിലും മേല്പറഞ്ഞ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ അക്കമിട്ട് എഴുതിയിട്ടുണ്ടാകും. നാലു പേജോളം വരുന്ന ഈ ഉടമ്പടി പ്രതിക്ക് അയച്ചുകൊടുക്കും. 30 ദിവസത്തിനകം അവരതില്‍ ഒപ്പു വെച്ച് അറ്റോര്‍ണിക്ക് തിരിച്ചയച്ചുകൊടുക്കണം. പിഴ കൊടുക്കണമെങ്കില്‍ പിഴ സംഖ്യയും എഴുതിയിട്ടുണ്ടാകും. പ്രതിയുടെ ഒപ്പോടുകൂടിയുള്ള ഉടമ്പടി തിരിച്ചുകിട്ടിക്കഴിഞ്ഞാല്‍ അറ്റോര്‍ണി അതില്‍ ഒപ്പ് വെച്ച് കമ്മീഷണറുടെ ഓഫീസിലേക്ക് കൊടുക്കും. കമ്മീഷണര്‍ അതില്‍ ഒപ്പു വെച്ചു കഴിഞ്ഞാല്‍ അതൊരു ലീഗല്‍ ഡോക്യുമെന്റ് ആയി. അത് ഡിസ്‌പൊസിഷന്‍ ഡാറ്റാബേസിലേക്ക് സ്കാന്‍ ചെയ്യുകയും ഒറിജിനല്‍ ഫയലില്‍ സൂക്ഷിക്കുകയും ചെയ്യും. കേസുകളുടെ വകുപ്പനുസരിച്ച് വിവിധ ഏജന്‍സികള്‍ക്കും, ബ്യൂറോകള്‍ക്കും, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും അതിന്റെ ഇലക്ട്രോണിക് കോപ്പികള്‍ അയച്ചുകൊടുക്കും. അതില്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, അറ്റോര്‍ണി ജനറല്‍, റീജനല്‍ ഓഫീസ്, സ്‌റ്റേറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (നഴ്‌സസ് ആണെങ്കില്‍), നഴ്‌സസ് എയ്ഡ് രജിസ്ട്രി എന്നിവയൊക്കെ ഉള്‍പ്പെടും. രണ്ടാമത്തെ ഡോക്യുമെന്റ് (PRE-HEARING CONFERENCE REQUEST FORM) ആണ് അയക്കുന്നതെങ്കില്‍ അറ്റോര്‍ണി പ്രതിയുമായി നേരിട്ട് ടെലഫോണില്‍ സംസാരിക്കും. ആ സമയത്ത് എന്തു ചോദ്യവും പ്രതിക്ക് അറ്റോര്‍ണിയോട് ചോദിക്കാം. നേരിട്ട് മുഖാമുഖം സംസാരിക്കണമെങ്കില്‍ അതിനും അറ്റോര്‍ണി സമ്മതിക്കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ ദിവസം തിരഞ്ഞെടുത്ത് ഏത് റീജനല്‍ ഓഫീസിന്റെ പരിധിയിലാണോ കേസ് ഉള്‍പ്പെട്ടിരിക്കുന്നത് ആ ഓഫീസിലായിരിക്കും കോണ്‍ഫറന്‍സിന് സൗകര്യം ചെയ്യുന്നത്.

 

 

 

പ്രതിക്ക് പറയാനുള്ളത് എല്ലാം അപ്പോള്‍ പറയാം. കുറ്റകൃത്യം നിഷേധിക്കുകയാണെങ്കില്‍ എന്തുകൊണ്ട് എന്നതിന്റെ വിശദാശംങ്ങളും, വേണ്ടിവന്നാല്‍ തെളിവുകളും നല്‍കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില ധാരണകളോടെ പല കേസുകളും ഒത്തുതീര്‍പ്പാക്കാറുണ്ട്. കാരണം, കേസ് വാദിക്കാന്‍ നിന്നാല്‍ ഇരുകൂട്ടര്‍ക്കും പല നഷ്ടങ്ങളും ഉണ്ടാകുമെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ. കേസിന്റെ ഗൗരവമനുസരിച്ച് ചില കേസുകളില്‍ നഴ്‌സുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യാറുണ്ട്. ചിലര്‍ക്ക് പിഴ ചുമത്തും. ചിലര്‍ക്ക് രണ്ടുമുണ്ടാകും. എല്ലാം അറ്റോര്‍ണിയുടെ മുമ്പാകെ പ്രതിയുടെ സമീപനത്തേയും തെളിവുകള്‍ നല്‍കുന്നതിനേയും വിവരങ്ങള്‍ പറയുന്നതിനേയും ആശ്രയിച്ചിരിക്കും. മൂന്നാമത്തെ HEARING REQUEST FORM ആണ് അയക്കുന്നതെങ്കില്‍ അതില്‍ പ്രതിയുടെയോ പ്രതിഭാഗം വക്കീലിന്റേയോ പൂര്‍ണ്ണ വിവരങ്ങളെല്ലാം വ്യക്തമായി നല്‍കിയിരിക്കണം. ഈ ഫോറം ലഭിച്ചുകഴിഞ്ഞാല്‍ ബ്യൂറോ ഓഫ് അഡ്ജുഡിക്കേഷനില്‍ വിവരമറിയിക്കും. അവിടെയാണ് ജഡ്ജിമാര്‍. അവരുടെ ലഭ്യതയും പ്രൊസിക്യൂഷന്‍ അറ്റോര്‍ണിയുടെ ലഭ്യതയും കൂടി നോക്കിയിട്ടാണ് വിചാരണയ്ക്കുള്ള തിയ്യതി അറ്റോര്‍ണി നിശ്ചയിക്കുന്നത്. വിചാരണ നേരിടാന്‍ തയ്യാറാകുന്ന പ്രതികള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേക്കുറിച്ചും ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുന്ന നഴ്‌സസ് എയ്ഡുമാരെക്കുറിച്ചും അടുത്തതില്‍....... (തുടരും....)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More