ഓരോ രാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരവരുടെ ഇഛയ്ക്കനുസരിച്ച് ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. ചിലര്‍ പാര്‍ട്ടികളുടെ താല്പര്യത്തിനനുസരിച്ചും, ചിലര്‍ സ്വന്തം മനോധര്‍മ്മത്തിനനുസരിച്ചും ഭരണത്തില്‍ മാറ്റം വരുത്തും. മറ്റു ചിലരാകട്ടേ പൊതുസമൂഹത്തിന്റെ അഥവാ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഭരണപരിഷ്ക്കാരങ്ങള്‍ നടത്താറുണ്ട്. അവരവരുടെ സ്വത്വം ഓരോ ഭരണാധികാരികളുടേയും പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. എന്നാല്‍, ഒരു ദേശത്തിന്റെ അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ 'ചരിത്ര'ത്തെത്തന്നെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ അറിയപ്പെടുന്നത് 'സ്വേഛാധിപതികള്‍' എന്നാണ്. അങ്ങനെയുള്ളവരെ ഭരണകര്‍ത്താക്കളായോ, ഭരണനിപുണരായോ ലോകം അംഗീകരിച്ചിട്ടില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നു. അവരുടെ ചെയ്തികളെല്ലാം തേച്ചുമായ്ച്ചു കളയാനാകാത്ത വിധം ആലേഖനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ലോകത്തില്‍ മാതൃകാ ജനാധിപത്യ രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഉന്നതിയില്‍ നിലകൊള്ളുന്ന ഇന്ത്യയും അമേരിക്കയും മേല്പറഞ്ഞ സ്വേഛാധിപത്യ രാഷ്ട്രങ്ങളായി മാറുകയാണോ എന്നാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും നടക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇന്ത്യയുടെ ചരിത്രമെടുത്തു നോക്കിയാല്‍ മതനിരപേക്ഷതക്കും മതസഹിഷ്ണുതക്കും പേരു കേട്ട രാജ്യമാണ്. എന്നാല്‍, ആ സഹിഷ്ണുതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലാണ് അടുത്ത കാലങ്ങളിലെ സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. മതനിരപേക്ഷതക്കും മതസഹിഷ്ണുതക്കും ഭീഷണി മാത്രമല്ല ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പുനഃസ്ഥാപിക്കുന്നതിലൂടെ മനസ്സിലാകുന്നത്. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോദ്സേയുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, ഗോദ്സേയെ പൂജിക്കുകയും, ഗോദ്സേയുടെ ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നതൊക്കെ വരാന്‍ പോകുന്ന വിപത്തുകള്‍ക്കുള്ള മുന്നറിയിപ്പായി കരുതണം. ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിക്കുന്നതിന് ഗാന്ധിജി ഇന്ത്യന്‍ ജനതയെ ഐക്യപ്പെടുത്തുകയും സമരത്തിലിറക്കുകയും ചെയ്യാന്‍ ശ്രമിച്ചിരുന്ന കാലഘട്ടത്തില്‍, ഗാന്ധിജിയുടെ ആശയങ്ങളെ ചെറുത്തു തോല്‍പ്പിക്കാനായിരുന്നു ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരുന്നതെന്ന് ചരിത്രം പറയുന്നു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യ സ്വതന്ത്രയാക്കുക എന്നതിനേക്കാള്‍ അവര്‍ക്ക് വേണ്ടിയിരുന്നത് ഇന്ത്യയിലെ ജാതിവ്യവസ്ഥയും, പഴയ നാടുവാഴി വ്യവസ്ഥയും നിലനിര്‍ത്തുകയും അങ്ങനെ ഇന്ത്യയെ സവര്‍ണര്‍ക്ക് ആധിപത്യമുള്ള ഒരു ജാതി ജന്മി നാടുവാഴി വ്യവസ്ഥയില്‍ നിര്‍ത്തുകയും ചെയ്യുക എന്നുള്ളതായിരുന്നു.
ഈ ചരിത്രം എങ്ങനെ തിരുത്തിയെഴുതാന്‍ സാധിക്കും? ഏത് പാര്‍ട്ടി ജയിച്ചാലും, ഏത് ഭരണാധികാരി ഭരിച്ചാലും ചരിത്രം ചരിത്രസത്യമായിത്തന്നെ നിലകൊള്ളും. 2017 ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്, വിജയിക്കുമെന്നുറപ്പില്ലെങ്കിലും. ഭരണകക്ഷികളെ നൂറു ശതമാനം അംഗീകരിക്കുന്ന ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഈ ഭൂമിയിലില്ല. ഒരു പാര്‍ട്ടി ചെയ്യുന്നത് മറുവശത്തുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ക്ക് ഇഷ്ടവുമാകില്ല എന്ന സത്യം നിലനില്‍ക്കേ തന്നെ, 'താന്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി' എന്ന് ധരിച്ചുവശായി ഏതൊരു ഭരണാധികാരിക്കും മുന്നോട്ടുപോകാനുമാവില്ല. അമേരിക്കയുടെ നല്പത്തിയഞ്ചാം പ്രസിഡന്റായി അധികാരത്തില്‍ വന്ന ട്രംപ് ഏഴു ദിവസം കൊണ്ട് നാല്പത്തിയഞ്ച് കാര്യങ്ങളാണ് ചെയ്തതെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ സാംഗത്യം വെളിപ്പെടുത്തുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അവസാന ദിവസങ്ങളില്‍ നടപ്പിലാക്കിയ പല ഉത്തരവുകളും റദ്ദാക്കിയതും, ഇനി അമേരിക്ക ലോക പോലീസ് വേഷം കെട്ടാനും തയ്യാറല്ല എന്ന തീരുമാനവും, അമേരിക്കന്‍ നികുതിദായകരുടെ പണമുപയോഗിച്ച് ലോകത്ത് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് 'പ്രോത്സാഹനം' നല്‍കുന്ന പരിപാടി റദ്ദ് ചെയ്തതും, അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ നാടു കടത്തുന്നതും, അഭയാര്‍ത്ഥികളുടെ പേരില്‍ നുഴഞ്ഞു കയറുന്നവരെ പിടികൂടുകയോ അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെ.
എന്നാല്‍, ആ പേരില്‍ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നത് അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിന് അറുതി വരുമോ? സത്യത്തില്‍ ഈ ഏഴു രാജ്യങ്ങളിലെ പൗരന്മാരാണോ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയത്? തീവ്ര മുസ്ലീം ചിന്താഗതിക്കാരടങ്ങുന്ന രാജ്യത്തെ പൗരന്മാരെന്ന് അമേരിക്ക ആരോപിക്കുന്ന ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് വിസ അനുവദിക്കണമെങ്കില്‍ കടമ്പകളേറെ കടക്കാനുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ അനുവദിക്കുന്നതിനു മുന്‍പ് അവരുടെ ബാക്ക്‌ഗ്രൗണ്ട് ചെക്ക് നടത്തിയതിനുശേഷമാണല്ലോ വിസ നല്‍കുന്നത്? എന്നാല്‍ അഭയാര്‍ത്ഥികളുടെ കാര്യം നേരെ തിരിച്ചാണ്. ട്രംപിന്റെ ഉത്തരവില്‍ പ്രത്യേകമായി പരാമര്‍ശിച്ചിരിക്കുന്ന മറ്റൊരു കാര്യമാണ് സിറിയിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ പലായനം ചെയ്യുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുകയെന്ന്. ”ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മാര്‍ഗമാണിത്. അത്തരക്കാരെ ആവശ്യമില്ലെന്നും അമേരിക്കയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും” അദ്ദേഹം പറയുന്നു. ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ഡെമോക്രാറ്റുകളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ട്രംപിന്റെ വിവാദ ഉത്തരവ് നൂറു കണക്കിന് യാത്രക്കാരെയാണ് രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ അധികൃതര്‍ തടഞ്ഞു വെച്ചത്. ബോസ്റ്റണിലെ ലോഗന്‍, ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. എന്നീ വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ട്രംപ്പിന്റെ ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ പോയി തിരിച്ചു വന്നവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചത്. അവരില്‍ നിയമപരമായി അഭയാര്‍ത്ഥി സ്റ്റാറ്റസ് ഉള്ളവരും ഗ്രീന്‍ കാര്‍ഡുള്ളവരുമൊക്കെയുണ്ട്, സ്റ്റഡി ടൂറിനു പോയ അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്, എന്തിനു പറയുന്നു ഗൂഗിളിലെ ഉദ്യോഗസ്ഥര്‍ വരെയുണ്ട്. യാത്രയിലായിരുന്ന 200 ഉദ്യോഗസ്ഥരെയാണ് ഗൂഗിള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ഏതായാലും ഫെഡറല്‍ കോടതി ട്രംപിന്റെ ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തതുകൊണ്ട് തല്‍ക്കാലം പ്രശ്നം പരിഹരിച്ചേക്കാം. വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ച 200 ഓളം പേര്‍ക്ക് കോടതി ഉത്തരവിന്റെ പ്രയോജനം കിട്ടുമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന്‍ പറയുന്നത്. വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരെയാണ് ഉത്തരവ് വന്നതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ചത്. സാധുവായ വിസയുണ്ടായിട്ടും തങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തതിനെതിരെയാണ് വിമാനത്താവളങ്ങളില്‍ പ്രതിഷേധം നടന്നത്. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് മറുപടിയുമായി ഇറാനും ഇപ്പോള്‍ രംഗത്തെത്തി.
മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഓരോ രാജ്യത്തും അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചാലത്തെ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ഈ അകല്‍ച്ച സൃഷ്ടിക്കുന്നത് അമേരിക്ക പോലെയുള്ള ഒരു ജനാധിപത്യ രാഷ്‌ട്രത്തിന് ചേര്‍ന്നതല്ല. അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തവര്‍ മേല്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരല്ല എന്നും ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങി. ഈ രാജ്യങ്ങളിലെല്ലാം ട്രംപിന് ബിസിനസ് സാമ്രാജ്യമുണ്ടെന്നും അതുകൊണ്ടാണ് അവരെ ഒഴിവാക്കിയതെന്നുമാണ് വിവിധ സംഘടനകള്‍ പറയുന്നത്. കൂടാതെ ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍ യെമന്‍ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരുടെ ഭാവി എന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്ന് എസിഎല്‍യു വക്താവ് പറഞ്ഞു. നാളെ ഇന്ത്യക്കാര്‍ക്കെതിരെയും ട്രംപ് തിരിയുകയില്ലെന്നെന്താണുറപ്പ്? തീവ്രവാദികളില്ലെങ്കിലും ഔട്ട്സോഴ്സിംഗില്‍ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുകൊണ്ടായിരിക്കും ആ നീക്കം. ലക്ഷക്കണക്കിന് പേരെ അത് ബാധിക്കുകയും ചെയ്യും.
കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ് അമേരിക്ക എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഈ കുടിയേറ്റ ചരിത്രം. 'റെഡ് ഇന്ത്യക്കാര്‍' ഏഷ്യയില്‍ നിന്ന് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക് കുടിയേറിയതോടെ അമേരിക്കന്‍ കുടിയേറ്റ ചരിത്രം ആരംഭിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളാണ് ഇതര മനുഷ്യസമൂഹങ്ങള്‍ അമേരിക്കയുടെ അസ്തിത്വം അറിയാതെ ഇവിടെ ജീവിച്ചത്. 1492-ല്‍ സ്പാനിഷ് സര്‍ക്കാരിന്റെ കീഴില്‍ കപ്പിത്താനായി സേവനം ചെയ്തിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് ഇന്നത്തെ ബഹാമാസ് ദ്വീപുകള്‍ കണ്ടെത്തിയതോടെയാണ് അമേരിക്കയില്‍ യൂറോപ്പിന്റെ അധിനിവേശം തുടങ്ങുന്നത്. യൂറോപ്യന്‍ കുടിയേറ്റത്തോടെയാണ് റെഡ് ഇന്ത്യക്കാര്‍ക്ക് സാംസ്കാരിക സ്വഭാവങ്ങള്‍ ഉരുത്തിരിഞ്ഞു തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. യൂറോപ്യന്മാര്‍ എത്തുമ്പോള്‍ ജനസംഖ്യയില്‍ അവര്‍ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യന്‍ കുടിയേറ്റത്തോടെയാണ്. ആ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങള്‍ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കയില്‍ തന്നെ ഏതാനും പ്രദേശങ്ങളില്‍ നേറ്റീവ് ഇന്ത്യക്കാര്‍ (Indian Reservations) സ്വയംഭരണത്തില്‍ ഒതുങ്ങി കഴിയുന്നു. കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ട്രംപിന്റെ അമ്മ മേരി ആന്‍ തന്നെ ഒരു കുടിയേറ്റക്കാരിയായിരുന്നില്ലേ? 1912 ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച മേരി സ്വന്തം രാജ്യത്തെ അരാജകത്വം മൂലവും, ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നു ആ രാജ്യം പട്ടിണിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോള്‍, പട്ടിണി സഹിക്കാനാകാതെ വിസിറ്റിംഗ് വിസ തരപ്പെടുത്തിയാണ് ന്യൂയോര്‍ക്കിലേക്കു 'രക്ഷപ്പെട്ട'ത്. മേരി ആന്‍ എന്ന ട്രംപിന്റെ ആ അമ്മയും ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അത് മാറ്റിയെഴുതാന്‍ ട്രംപിനെന്നല്ല ആര്‍ക്കും കഴിയില്ല.
ലോംഗ് ഐലന്റില്‍ വീട്ടു ജോലിക്കാരിയായി ജീവിതമാരംഭിച്ച് 1936-ല്‍ ട്രംപിന്റെ പിതാവ് ഫ്രഡ് ട്രംപിനെ വിവാഹം കഴിക്കുന്നതുവരെ മേരിയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. 1912-ല്‍ അമേരിക്കയിലെത്തിയ മേരിക്ക് 1942-ലാണ് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. അങ്ങനെ ഒരു കുടിയേറ്റക്കാരിയുടെ മകന്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ തീവ്രവാദികളുടെ പേരു പറഞ്ഞ് കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കുടിയേറ്റവിരുദ്ധമായാണ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടത്. "എന്റെ പൂര്‍വ്വികര്‍ ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയവരാണ്. എന്റെ ഭാര്യയായ പ്രിസില്ലയുടെ രക്ഷിതാക്കളും ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. നമ്മളതില്‍ അഭിമാനിക്കണം" സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുന്നു. "പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളെ കുറിച്ച് നിങ്ങളെല്ലാവരെയും പോലെ എനിക്കും ആശങ്കയുണ്ട്. രാജ്യം സുരക്ഷിതമായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് പക്ഷേ അത് ഭീഷണി ഉയര്‍ത്തുന്നവരെ കേന്ദ്രീകരിച്ചാവണം. നമ്മുടെ സഹായം ആവശ്യമുള്ളവരെയും അഭയാര്‍ഥികളെയും നമ്മള്‍ സ്വീകരിക്കണം. ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നമ്മള്‍ അത് നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രിസില്ലയുടെ കുടുംബം അമേരിക്കയില്‍ ഉണ്ടാവുകയില്ലായിരുന്നു. നമ്മള്‍ കുടിയേറ്റക്കാരുടെ രാജ്യമാണ്. ലോകം മുഴുവനുമുള്ള സമര്‍ഥരും ബുദ്ധിമാന്‍മാരുമായ ആളുകള്‍ ഇവിടേക്ക് വരികയും തൊഴിലവസരം തേടുകയും ചെയ്യുമ്പോള്‍ നമ്മുക്കാണ് അത് ഗുണം ചെയ്യുകയെന്നും" സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റിലൂടെ പറയുന്നു. കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്കയില്‍ കുടിയേറ്റത്തിന് തടയിടാന്‍ പൂര്‍വ്വികര്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഡോണാള്‍ഡ് ട്രംപിന്റെ അമ്മ അമേരിക്കയിലെത്തുകയുമില്ല ട്രംപ് പ്രസിഡന്റുമാകുമായിരുന്നില്ല. ട്രംപിന്റെ ഭാര്യ, അമേരിക്കയുടെ 'പ്രഥമ വനിത' മെലാനിയ (46) യും ഒരു കുടിയേറ്റക്കാരിയാണ്. വിദേശത്ത് ജനിച്ച രണ്ടാമത്തെ അമേരിക്കന്‍ പ്രഥമ വനിത.
ഇതിനു മുന്‍പ് പ്രസിഡന്റ് ജോണ്‍ ക്വിന്‍സി ആഡംസിന്റെ (1825-29) ഭാര്യ ലൂസിയ ആയിരുന്നു "പ്രഥമ വനിതാ പട്ടം" അലങ്കരിച്ച വിദേശ വനിത. ഇംഗ്ലണ്ടിലായിരുന്നു ലൂസിയ ജനിച്ചത്. യൂഗോസ്ലോവിയയുടെ ഭാഗമായിരുന്ന സ്ലോവേനിയയില്‍ ജനിച്ച മെലാനിയ 1996-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഫാഷന്‍ രംഗത്തെ സൂപ്പര്‍ മോഡലായ അവര്‍ 1998-ല്‍ ട്രംപിനെ കണ്ടുമുട്ടുകയും 2005-ല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് അമേരിക്കയുടെ സ്വന്തം പൗരന്മാരെന്ന് പറയാന്‍ ആരുണ്ടിവിടെ? ഇപ്പോഴുള്ളവരെല്ലാം തന്നെ കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ പിന്‍തലമുറക്കാരോ ആണ്. അമേരിക്കയില്‍ ജനിച്ചതുകൊണ്ടും, പൗരത്വമെടുത്തതുകൊണ്ടും അവരെ "അമേരിക്കന്‍" പൗരന്‍ എന്ന് വിളിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അമേരിക്കയിലേക്ക് നിത്യേനയെന്നോണം കുടിയേറ്റ പ്രവാഹം നടന്നുകൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ചില തീവ്ര ചിന്താഗതിക്കാരും അവര്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങളെ ദുരുപയോഗം ചെയ്ത് രാജ്യത്ത് നാശങ്ങള്‍ വിതയ്ക്കുന്നു. അക്കൂട്ടരെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യാന്‍ മുന്‍ ഗവണ്മെന്റുകള്‍ക്ക് കഴിയാതെ പോയത് കുടിയേറ്റക്കാരുടെ കുറ്റമല്ല. ട്രംപ് പ്രഖ്യാപിച്ച ഏഴു രാജ്യങ്ങളില്‍ തീവ്രവാദികള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ അവരില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ പാലായനം ചെയ്യുന്നവര്‍ കൃസ്ത്യാനികള്‍ മാത്രമല്ല മുസ്ലീങ്ങളുമുണ്ട്. കലാപകാരികളില്‍ നിന്ന് രക്ഷപ്പെട്ടോടി വരുന്നവരോട്, അല്ലെങ്കില്‍ അവര്‍ക്ക് അമേരിക്കയില്‍ അഭയം കൊടുത്ത് പുതിയ നിയമം കൊണ്ടുവന്ന് ഇനി 'കൃസ്ത്യാനികള്‍ക്ക്' മാത്രമേ അഭയമുള്ളൂ എന്നു പറഞ്ഞ് മറ്റുള്ളവരെ വീണ്ടും കലാപകാരികള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് മനുഷ്യത്വപരമായ സമീപനമല്ല. ഇനി 'കൃസ്ത്യാനികളായ 'അഭയാര്‍ത്ഥികളുടെ' കൂട്ടത്തില്‍ മുസ്ലിം തീവ്രവാദികള്‍ വേഷപ്രഛന്നരായി കടന്നുകൂടുന്നില്ലെന്ന് എന്താണുറപ്പ്.
ഫ്രാന്‍സിലും ജര്‍മ്മനിയിലുമൊക്കെ അതുതന്നെയല്ലേ നടന്നത്? മേല്പറഞ്ഞ രാജ്യങ്ങളില്‍ തീവ്രവാദികള്‍ കൊന്നുതള്ളുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ തന്നെയാണ്. ആ കൊലയാളികളെ ഈ ഭൂമിയില്‍ നിന്നുതന്നെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? തീവ്രവാദികള്‍ മുസ്ലീങ്ങളല്ല, മുസ്ലീങ്ങള്‍ തീവ്രവാദികളുമല്ല. മതത്തിന്റെ 'സംരക്ഷകരെന്ന്' വിശേഷിപ്പിക്കുന്നവര്‍ ഭൂരിഭാഗവും താത്വികമായി മതവിരുദ്ധരാണ് എന്നതാണ് ആധുനിക ലോകത്തിന്റെ വലിയ ദുരന്തങ്ങളില്‍ ഒന്ന്. ബോംബും മാരകായുധങ്ങളുമായി ഇസ്ലാമിന്റെ സംരക്ഷകരാണെന്ന് സ്വയം പ്രഖ്യാപിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടം വികാരജീവികള്‍. യാഥാസ്ഥിതിക ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ അവരുടെ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തി, അവരുടെ ഇഛയ്ക്ക് വിലങ്ങുതടിയാകുന്നവരെയെല്ലാം അവര്‍ കൊന്നൊടുക്കുന്നു, കൂട്ടത്തോടെ അഗ്നിക്കിരയാക്കുന്നു, നിരപരാധികളെ പച്ചയ്ക്ക് കഴുത്തറുക്കുമ്പോള്‍ അവര്‍ വിളിക്കുന്നത് 'അല്ലാഹു അക്‌ബര്‍' എന്നാണ്. അറവു മാടുകളെപ്പോലെ മനുഷ്യരെ ട്രക്കുകളില്‍ കുത്തിനിറച്ച് വിജനമായ മരുഭൂമിയില്‍ കൊണ്ടുപോയി വൈക്കോല്‍ കൂനകള്‍ കൂട്ടിയിടുന്നത് പോലെ കൂട്ടിയിട്ട ശേഷം തുരുതുരാ വെടിവെച്ച് കൊല്ലുമ്പോള്‍ വിളിക്കുന്നതും 'അല്ലാഹു അക്ബര്‍' എന്നു തന്നെ. ചന്തകളിലും പൊതുസ്ഥലങ്ങളിലും വരുന്ന നിരപരാധികളുടെ ഇടയില്‍ ചാവേറായി പൊട്ടിത്തെറിക്കുമ്പോഴും വിളിക്കുന്നത് അല്ലാഹു അക്ബര്‍ എന്നുതന്നെ. മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൂടുന്ന വെള്ളിയാഴ്ചകളില്‍ ചാവേറുകളായി ഈ മനുഷ്യപിശാചുക്കള്‍ വന്ന് പൊട്ടിത്തെറിച്ച് നൂറു കണക്കിന് നിരപരാധികളെ കൊല്ലുന്നു. സ്വയം പൊട്ടിത്തെറിക്കുന്നതിനു മുന്‍പ് വിളിക്കുന്നതും 'അല്ലാഹു അക്ബര്‍' എന്ന്. അകാരണമായി ഒരു മനുഷ്യനെ കൊല്ലുന്നവന്‍ ഈ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും കൊന്നവന് സമാനനനാണെന്ന വിശുദ്ധ ഖുര്‍ആന്റെ സുവ്യക്തമായ അധ്യാപനങ്ങളെ ഭ്രാന്തമായി തമസ്കരിച്ചുകൊണ്ടാണ് ഈ അല്ലാഹു അക്ബര്‍ വിളി ഉയരുന്നത്.
ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ എന്ന വിശുദ്ധ കല്പനക്കെതിരിലാണ് ഈ മനുഷ്യപ്പിശാചുക്കളുടെ കഠാരകള്‍ ഉയരുന്നത്. മനുഷ്യത്വത്തിന്റെ ഒരു കണികപോലുമില്ലാത്ത നിഷ്ഠൂരരാണവര്‍. തന്റെ ആദര്‍ശത്തോട് നൂറുശതമാനം പ്രതിബദ്ധത പുലര്‍ത്തുമ്പോഴും അന്യരുടെ വിശ്വാസത്തില്‍ മുഹമ്മദ് നബി (സ്വ) കൈകടത്തിയിട്ടില്ല. തന്റെ അധികാര പരിധിയില്‍ അവര്‍ക്ക് എന്നും ആരാധനാ സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. മദീന സന്ദര്‍ശിക്കാനെത്തിയ ക്രിസ്ത്യന്‍ സംഘത്തിന് പ്രാര്‍ത്ഥിക്കാന്‍ സ്വന്തം പള്ളിയില്‍ സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. സമാധാനത്തോടെ ജീവിക്കുന്ന അന്യ മതസ്ഥനായ സഹോദരനെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും അവിവേകികള്‍ ചെയ്യുന്ന തെററുകള്‍ക്ക് ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുന്നവര്‍ അറിയേണ്ടതാണ് ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍. ബഹുസ്വര സമൂഹങ്ങളില്‍ ഒരു മുസ്‌ലിം എങ്ങനെ വര്‍ത്തിക്കണമെന്നതിന് ഇനിയും ചരിത്രത്തില്‍ ഒട്ടേറെ നല്ല മാതൃകകളുണ്ട്. ഇസ്‌ലാമേതര ഭരണകൂടങ്ങളെ പ്രവാചകരും ഖലീഫമാരും എന്നും മാനിച്ച് ആദരിച്ചിരുന്നു. മൃഗങ്ങളോടും വൃക്ഷലതാദികളോടും ആകാശഭൂമിയോടും ആര്‍ദ്രതയോടെ വര്‍ത്തിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സമവായത്തിന്റെയും അനശ്വര പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്ത ആ മഹാത്മാവിന്റെ പേരില്‍ അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കോപ്പു കൂട്ടുന്നവര്‍ ഇസ്‌ലാമിന്റെ പേരു പോലും ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. ഇവര്‍ കാണിക്കുന്ന അവിവേകത്തിന് മുസ്‌ലിംകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരുടെയും ഉദ്ദേശ്യശുദ്ധിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇതെല്ലാം ഒരു നഗ്നസത്യമാണെന്നിരിക്കെ അമേരിക്കയുടെ കുടിയേറ്റനിയമത്തില്‍ മാറ്റം വരുത്തുന്നു എന്ന പേരില്‍ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സത്യത്തിനു നേരെ മുഖം തിരിക്കുന്നതിനു തുല്യമാണ്. ട്രംപ് പ്രസിഡന്റായി അവരോധിതനായപ്പോള്‍ ഇന്ത്യക്കാരില്‍ ഒരു വിഭാഗത്തിന്റെ അമിത ആവേശപ്രകടനങ്ങളും കാണാനിടയായി. അമേരിക്കയെ രക്ഷിക്കാന്‍ 'ദൈവം രക്ഷകനെ' അയച്ചു എന്നുവരെ പോയി കമന്റുകള്‍. ഫെയ്സ്ബുക്കു വഴി പരസ്പരം പഴിചാരിയും ചെളിവാരിയെറിഞ്ഞും അവര്‍ ആഘോഷിച്ചു. ആര് ആരോട് എന്താണ് പറയുന്നതെന്നുപോലും ആലോചിക്കാതെ അര്‍മാദിച്ചു. ലേഖകനേയും ഒരു മിലിറ്റന്റ് അല്ലെങ്കില്‍ ഒരു തീവ്രവാദിയായി മുദ്രകുത്താനും ചിലര്‍ മടിച്ചില്ല. ഒബാമ കെയര്‍ റദ്ദു ചെയ്ത നടപടി ശരിയായില്ല എന്ന ഫെയ്സ്ബുക്കിലെ എന്റെ ഒരു ചെറിയ പോസ്റ്റിന് കമന്റുകളായി വന്നതില്‍ ചിലത് തീര്‍ത്തും അധിക്ഷേപം തന്നെയായിരുന്നു.
ഒരുപക്ഷേ ട്രംപിന്റെ പ്രസ്താവനയില്‍ ഭ്രമിച്ചുവശായി എഴുതിയാകാം. പക്ഷെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റ് എഴുതിയത് ഒരു പ്രമുഖ സഭയിലെ പുരോഹിതനായാലോ? എന്നെ ഒരു അനധികൃത കുടിയേറ്റക്കാരനായും, അമേരിക്കയിലെ ക്രിസ്ത്യന്‍ പൗരന്മാരെ ചൂഷണം ചെയ്ത് ജീവിക്കുന്നവനും, നികുതി കൊടുക്കാത്തവനും, ഭീകരപ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്നവനെന്നുമൊക്കെ എഴുതുകയും, ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയാണെങ്കില്‍ എന്നെ എഫ്ബിഐ പിടിക്കും എന്നുവരെ ആ പുരോഹിതന്‍ തട്ടിവിട്ടു. തീര്‍ന്നില്ല, എന്നോട് മക്കയിലേക്ക് പോകാനും അദ്ദേഹം ഉപദേശിച്ചു. ഒരു പുരോഹിതന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കടുത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ആ സഭയിലെ എനിക്കറിയാവുന്ന പുരോഹിതരേയും നിരവധി സുഹൃത്തുക്കളേയും കുടുംബസുഹൃത്തുക്കളേയുമോര്‍ത്ത് ഞാന്‍ സംയമനം പാലിച്ചു. എന്റെ അന്വേഷണത്തില്‍ ഫെയ്സ്ബുക്കില്‍ രണ്ട് അക്കൗണ്ടുകളാണ് ഈ പുരോഹിതനുള്ളത്. ഒന്നില്‍ മാന്യമായ ആശയവിനിമയങ്ങളും ഫാമിലി ഫോട്ടോകളും കുറച്ച് ഫ്രണ്ട്സും, മറ്റൊന്നില്‍ രാഷ്‌ട്രീയപരമായ പോസ്റ്റുകളും, തീവ്ര സ്വഭാവമുള്ള ചിത്രങ്ങളും മറ്റും. ഇത്രയും വര്‍ഗീയത ആ അച്ചന്റെ മനസ്സില്‍ കടന്നുകൂടിയത് ട്രംപിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും ഉത്തരവുകളുമാണെന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള അച്ചന്മാര്‍ സഭയ്ക്ക് തന്നെ ശാപമാണ്.
Comments