ഭഗവാന് ശ്രീക്രിഷ്ണനെപ്പറ്റിക്രിസോസ്റ്റം തിരുമേനി ഒരു കഥ പറഞ്ഞു. ഭഗവാന് വെണ്ണ വളരെ ഇഷ്ടമാണ്, അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ ഒക്കെ എവിടെ വച്ചാലും എടുത്തു തിന്നും. അമ്മ ഒരു വഴി കണ്ടുപിടിച്ചു , ഇനി മുതല്‍ വെണ്ണ ഉയരത്തില്‍ ഉറിയില്‍ വയ്ക്കാം അപ്പോള്‍ ഭഗവാന് എടുക്കാന്‍ പറ്റില്ലല്ലോ. അമ്മ പണി പറ്റിച്ചു , വെണ്ണ ഉറിയില്‍ കയറ്റി വച്ചു, പക്ഷെ ഭഗവാന്‍ വിട്ടുകൊടുക്കുമോ, അമ്മ പോയ തക്കം നോക്കി ഉറിയില്‍ ചാടി പിടിച്ച് വെണ്ണ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉറി പൊട്ടിപ്പോയി. വെളിയില്‍ പോയിട്ട് വന്നപ്പോള്‍ അമ്മ കാണുന്നത് ഭഗവാന്‍ വെണ്ണ തിന്നുന്നതാണ്. അമ്മ ചോദിച്ചു "നീ എങ്ങനെയാണ് ഞാന്‍ ഉയരത്തില്‍ വച്ചിരുന്ന വെണ്ണ എടുത്തത്?" ഭഗവാന്‍ പറഞ്ഞു "എത്ര പ്രാവശ്യം അമ്മയോട് പറഞ്ഞിട്ടുള്ളതാ, വെണ്ണ ഉറിയില്‍ വൈക്കനുള്ളതല്ല, കുഞ്ഞുങ്ങള്‍ക്ക് തിന്നാനുള്ളതാണ് എന്ന് " തിരുമേനി സാമ്പത്തിക അസമത്വം ഇല്ലാതാക്കാനുള്ള തന്‍റെ ആശയം ഇങ്ങനെ സമര്‍തിച്ചു, പണം ബാങ്കില്‍ ഇട്ടു വയ്ക്കാന്‍ ഉള്ളതല്ല, എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉള്ളതാണ് എന്ന്" എല്ലാവരുംകൂടി കൈയ്യടിച്ചു ഇവിടെ അതേ കഥ ഞാനും ഉപയോഗിക്കുകയാണ്. പല പള്ളികളും ഇടവകകളും മെംബെര്‍ഷിപ് ഫീസ് എന്ന പേരില്‍ ഈടാക്കുന്നത് സാധാരണക്കാരന് താങ്ങാവുന്നതില്‍ അധികമായ സംഖ്യയാണ്. വിശ്വാസികളില്‍ ഒരാള്‍ പൈഡ് മെമ്പറും, വേറൊരുത്തന്‍ വലിഞ്ഞുകയറി വന്നവനും. ക്രിസ്തുവിന്‍റെ ശരീരത്തിലെ അംഗങ്ങള്‍ ആയ മക്കളെ വേര്‍തിരിക്കുന്നത് നിര്‍ത്തണം. സഭയില്‍ നിന്നാണ് ഒരു വിശ്വാസി മിക്കപ്പോഴും നീതി നിഷേധം നേരിടുന്നത്. മരണശേഷം പോലും അത് നിലനിര്‍ത്തുന്നു എന്നത് അത്യന്തം വേദനാജനകമാണ്. ഈ ഉറി പൊട്ടിക്കാതെ സഭയില്‍ വിശ്വാസികള്‍ പരസ്പര സമാധാനത്തിലും സന്തോഷത്തിലും കഴിയില്ല. സഭാ നേതൃത്വം കൊടുക്കുന്നവര്‍ ഇനിയും കണ്ണടച്ചിരുന്നാല്‍, പണ്ടത്തെ കാലമല്ല, വിശ്വാസികളും പുതിയ തലമുറയും ഒന്നും ഈ അവഗണന സഹിച്ചു നില്‍ക്കില്ല, അവര്‍ സഭ വിട്ടുപോകും എന്ന് മാത്രമല്ല, നിങ്ങള്‍ എന്തിനുവണ്ടി പരിശ്രമിച്ചോ അതിനു വിപരീത ഫലം മാത്രം അനുഭവിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള നിക്കൊളവാസ് തിരുമേനിയുടെ ഒരു പത്രക്കുറിപ്പ് മാദ്ധ്യമങ്ങളില്‍ കൂടി കാണുവാന്‍ ഇടയായി. മലയാളം അറിയാന്‍ പറ്റാത്തതുകൊണ്ടാണ് പലരും സഭ വിട്ടുപോകുന്നത് എന്ന രീതിയിലാണ് പല മാധ്യമങ്ങളും ഈ വാര്‍ത്ത കൊടുത്തത്. എന്നാല്‍ ആത്മാര്‍ഥമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്, പുതിയ യുവ തലമുറ ആഗ്രഹിക്കുന്ന ഒന്നും സഭക്ക് കൊടുക്കാനില്ല, പെരുന്നാള് നടത്തുക, സഭാ വഴക്കിന് കൊടി പിടിക്കുക, കൂടുതല്‍ മതിലുകള്‍ പണിയുന്ന സമീപനം തുടരുക. പുതിയ തലമുറയോട് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തെന്ന് കേള്‍ക്കുവാന്‍ പോലും തയ്യാറാകാതെ, അവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ അവരെ സമൂഹ മദ്ധ്യത്തില്‍ ചിത്രീകരിക്കുക. അപ്പോള്‍ അവരെ സഭയില്‍ നിന്ന് ഇറക്കി വിടുന്നതിന് കാരണക്കാര്‍ നാം ഓരോരുത്തരും ആണ്. ഇത് സ്വയം അംഗീകരിക്കാതെ, മാറ്റം വരുത്താന്‍ ഓരോരുത്തരും തീരുമാനിക്കാതെ സഭയില്‍ മാറ്റം ആരും പ്രതീക്ഷിക്കേണ്ട. സഭയില്‍ ഉപയോഗിക്കുന്ന പ്രാര്‍ത്ഥന പുസ്തകങ്ങളില്‍ പോലും പല വാക്കുകളും വിട്ടു പോകുകയോ , തെറ്റായി പ്രിന്‍റ് ചെയ്യുകയോ ചെയ്തിരിക്കുന്നു. അതുപോലും തിരുത്തുവാന്‍ സമയം കണ്ടെത്താന്‍ സഭാ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇതൊക്കെ കൂട്ടായ പരിശ്രമത്തിലും സഹകരണത്തിലും കൂടെ മാത്രമേ മാറ്റുവാന്‍ സാധിക്കൂ. ഈ പുതിയ വര്‍ഷം ഇത്തരം ഉറികള്‍ പൊട്ടിച്ചു മാറ്റി സാഭയെയും കൃസ്തുവിനെയും എല്ലാവര്‍ക്കും അനുഭവിക്കാവുന്ന രീതിയില്‍ വീതിച്ചുനല്‍കാന്‍ പരിശ്രമിക്കുക. നാം ഉറികെട്ടി പള്ളി വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുക. ലോകം ഇന്ന് കടന്നുപോകുന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ കൂടിയാണ്, സമൂഹത്തിലെ എല്ലാവരെയും കരുതുന്ന ഭരണാധികാരികള്‍ ഇനി ഇല്ല. ഇവിടെ നാം എല്ലാവരും ഒരു തൊട്ടിയില്‍ തന്നെയാണ് എന്നുള്ളത് ഇന്നല്ലെങ്കില്‍ നാളെ മനസ്സിലാകും. ഈ വൈകിയ വേളയില്‍ എങ്കിലും ഒരു മാറ്റത്തിനു വേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുക.
Cherian Jacob , Arizona
Comments