You are Here : Home / എന്റെ പക്ഷം

പീഡിപ്പിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോ ?

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, June 30, 2017 10:32 hrs UTC

കൊച്ചിയില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയേയും നടന്‍ ദിലീപിനേയും ചേര്‍ത്ത് നിരവധി വാര്‍ത്തകളാണ് നാം ദിനം‌പ്രതി കേട്ടുകൊണ്ടിരിക്കുന്നത്. കേസിന്റെ അന്വേഷണവും, തെളിവെടുപ്പും തകൃതിയായി നടക്കുമ്പോള്‍, പള്‍സര്‍ സുനി എന്ന ഈ കുറ്റവാളി ജയിലിനകത്തു കിടന്ന് കേസ് വഴിതിരിച്ചുവിടാനുള്ള എല്ലാ പ്ലാനുകളും പദ്ധതികളും തയ്യാറാക്കുന്നു. പോലീസാകട്ടേ സുനി പറയുന്നത് മുഖവിലയ്ക്കെടുത്ത് നിരന്തരം വിവിധ പ്രസ്താവനകളുമിറക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോയത് സുനിയുടെ സ്വന്തം ആവശ്യപ്രകാരമല്ല, സിനിമാ ഫീല്‍ഡില്‍ തന്നെയുള്ള പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ക്വട്ടേഷനാണ് സുനിയെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നും സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട്.

 

 

എന്നാല്‍, നാളിതുവരെ ആരാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് സുനി പറഞ്ഞിട്ടില്ല, പകരം മൊഴികള്‍ മാറ്റിപ്പറഞ്ഞ് പോലീസിനെ വട്ടം കറക്കുകയായിരുന്നു. ഇപ്പോള്‍ ദിലീപിന് എഴുതിയെന്നു പറയുന്ന കത്ത് മാധ്യമങ്ങള്‍ വഴി പുറത്തായപ്പോഴാണ് ജനങ്ങള്‍ സംശയിച്ചത് ഏറെക്കുറെ സത്യമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാന്‍ തുടങ്ങിയത്. പക്ഷെ, അപ്പോഴും ഏതോ "പ്രമുഖന്‍, അല്ലെങ്കില്‍ പ്രമുഖര്‍" ദിലീപിനു വേണ്ടി അണിയറയില്‍ ചരടു വലിക്കുന്നുണ്ടെന്നുള്ള സത്യം പുറത്തുവരുന്നത് സുനിക്കുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ രംഗപ്രവേശം ചെയ്തതോടെയാണ്. സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. സുനിയുടെ നിലവിലെ അഭിഭാഷകനെ മാറ്റി ആളൂരിന് തന്റെ വക്കാലത്ത് കൈമാറണമെന്ന് സുനി ജയില്‍ സുപ്രണ്ടിന് കത്തു നല്‍കിയിരുന്നു. ഈ അപേക്ഷ ജയില്‍ സുപ്രണ്ട് കോടതിയില്‍ നല്‍കും. അഭിഭാഷകനെ മാറ്റാനുള്ള അനുമതി കോടതി നല്‍കിയാല്‍ ആളൂരാകും സുനിക്കുവേണ്ടി കോടതിയില്‍ ഹാജരാവുക. ജയിലില്‍ യാതൊരു വരുമാനവുമില്ലാതെ കഴിയുന്ന സുനി ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങുന്ന ആളൂരിനെ തന്റെ അഭിഭാഷകനായി നിയമിക്കണമെങ്കില്‍ ആരായിരിക്കും ആളൂരിന്റെ ഫീസ് നല്‍കുക എന്ന ചോദ്യത്തിനാണ് ഇവിടെ പ്രസക്തി. കുപ്രസിദ്ധമായ സൗമ്യവധക്കേസ് പ്രതി ഗോവിന്ദ ചാമി, ബണ്ടിചോര്‍, ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം, സോളാര്‍ കേസില്‍ സരിതാ നായര്‍ എന്നിവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി മാധ്യമ ശ്രദ്ധ നേടിയ അഭിഭാഷകനാണ് ബി എ ആളൂര്‍ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂര്‍. ഇവരില്‍ സരിതാ നായരൊഴിച്ച് ബാക്കിയെല്ലാവരും യാതൊരു വരുമാനവുമില്ലാത്തവരാണ്.

 

 

 

 

ഇവര്‍ക്കുവേണ്ടി ആരാണ് പണം മുടക്കുന്നതെന്ന് ഒരു അഭിഭാഷകനെന്ന നിലയില്‍ വ്യക്തമാക്കേണ്ട കടമ ആളൂരിനില്ല. നിയമപരമായി അഭിഭാഷകന്‍-കക്ഷി ബന്ധത്തില്‍ അത് അനുശാസിക്കുന്നുമില്ല. എന്നിരുന്നാലും, കേസില്‍ ഹാജരാവണമെന്ന് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്ന ആളൂരിന്റെ പ്രസ്താവന ഈ കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. പള്‍സര്‍ സുനിക്ക് ബി എ ആളൂരിനെപ്പോലുള്ള ഒരു അഭിഭാഷകനെ നിയമിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നിരിക്കെ നടിയെ ആക്രമിച്ച കേസില്‍ പങ്കുള്ളവരായിരിക്കാം ആളൂരിനെ നിയമിച്ചതെന്ന സംശയവും ബലപ്പെടുന്നു. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. അതുവരെ ഈ കേസ് പുകമറയ്ക്കുള്ളിലായിരുന്നു. കത്ത് പുറത്തുവന്നതോടെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും സം‌വാദങ്ങളും വാര്‍ത്തകളും പുറത്തു വരാന്‍ തുടങ്ങി. അതോടെയാണ് പോലീസും സടകുടഞ്ഞെഴുന്നേറ്റത്. ദിലീപിനെയും സന്തതസഹചാരി നാദിര്‍ഷായേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതും അതുകൊണ്ടുതന്നെ. പള്‍സര്‍ സുനി സഹതടവുകാരനിലൂടെ ദിലീപിനേയും നാദിര്‍ഷായേയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയിലെ മൊഴിയെടുക്കാനാണ് ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചിരിക്കുന്നതെന്നായിരുന്നു ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോലീസ് മൊഴിയെടുക്കുന്നത് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചാണെന്ന് അവിടെ ചെന്നപ്പോഴാണ് ദിലീപ് അറിഞ്ഞത്.

 

 

 

ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി കത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ ഗൂഢാലോചനയെക്കുറിച്ചാക്കിയത്. നടിയേയും പള്‍സര്‍ സുനിയേയും ബന്ധപ്പെടുത്തി ചാനലില്‍ ദിലീപ് നല്‍കിയ പ്രസ്താവനയാണ് ഇപ്പോള്‍ ദിലീപിനു തന്നെ വിനയായി ഭവിച്ചത്. നടിയും പ്രതിയായ സുനില്‍കുമാറും നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു എന്ന് ദിലീപ് പറഞ്ഞതാണ് വിവാദമായത്. നടിയും കുടുംബവും ഇതിനെതിരെ രംഗത്തു വരികയും ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യപ്പെട്ട ദിലീപ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പതറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ ദിലീപ് പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണെന്ന സൂചനയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വ്യക്തമാകുന്നതത്രേ. ഭീഷണിപ്പെടുത്താനായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന വെളിപ്പെടുന്നതാണ് പൊലീസിന് ലഭിക്കുന്ന വിവരങ്ങളെന്നു പറയുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് മുന്നില്‍ തയ്യാറല്ലെന്ന മറുപടിയാണ് ദിലീപ് നല്‍കിയത്.

 

 

 

 

നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ തണുപ്പിക്കാനായി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വെറുതെ പറഞ്ഞതാണെന്നും ദിലീപ് സമ്മതിച്ചിട്ടുണ്ട്. അന്വേഷണസംഘം ദിലീപിനെ ആക്രമിക്കപ്പെട്ട നടിയുടെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരം കാണിക്കുകയും ഈ വസ്തുവില്‍ ദിലീപിന് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. തുടക്കത്തില്‍ ഇല്ല എന്ന് ഉത്തരം നല്‍കിയിരുന്ന ദിലീപ് ചോദ്യങ്ങള്‍ മുറുകിയതോടെ പ്രസ്തുത വസ്തുവില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചു. ഇത്തരം ഇടപാടുകള്‍ക്ക് സാക്ഷിയായിരുന്നുവെന്ന മഞ്ജു വാര്യരുടെ മൊഴിയെ അടിസ്ഥാനമാക്കിയും അന്വേഷണസംഘം ദിലീപില്‍ നിന്നും വിവരങ്ങളാരാഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഫോണില്‍ വിളിച്ചെന്നും അവരുടെ പേരിലുള്ള തന്റെ ബിനാമി സ്വത്തുക്കള്‍ സുഹൃത്തും പാര്‍ട്ണറുമായ നാദിര്‍ഷായുടെ പേരില്‍ എഴുതിക്കൊടുക്കണമെന്നു ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടി ദിലീപിന്റെ ആവശ്യം നിരസിച്ചു.

 

 

 

 

അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി പറയാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. ചില ചോദ്യങ്ങള്‍ക്ക് ആദ്യം നല്‍കിയ ഉത്തരങ്ങളില്‍ നിന്നും നടന്‍ പിന്നീട് വ്യതിചലിച്ചുവെന്നും പറയുന്നു. ചില ഘട്ടങ്ങളില്‍ പരസ്പരബന്ധമില്ലാതെയാണ് ദിലീപ് മറുപടികള്‍ നല്‍കിയിരിക്കുന്നതത്രേ. ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ആക്രമിക്കപ്പെട്ട നടി കാരണമാണ് തന്റെ ജീവിതത്തില്‍ വിവാഹമോചനം നടന്നത് എന്ന ദിലീപിന്റെ മൊഴിയില്‍ തന്നെ ഈ കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മറഞ്ഞു കിടപ്പുണ്ടെന്നു തന്നെ ഊഹിക്കാവുന്നതേ ഉള്ളൂ. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാവ്യാ മാധവനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ഗോസിപ്പ് വാര്‍ത്തകള്‍ ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യരെ അറിയിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നും ദിലീപ് പറഞ്ഞുവത്രേ. മഞ്ജുവിന് അക്രമിക്കപ്പെട്ട നടി അയച്ച വാട്ട്‌സാപ്പ് സന്ദേശം ദിലീപ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരുപക്ഷെ യാദൃശ്ചികമാകാം ഇതിനിടയില്‍ താര സംഘടന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും പൊതുയോഗവും വിളിച്ചുകൂട്ടിയത്. കേസ് കോടതിയിലാകയാല്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസന്റ് പ്രസ്താവനയിറക്കിയെങ്കിലും ചര്‍ച്ച നടന്നു എന്നും, ദിലീപിനെ പ്രതിയാക്കാത്തിടത്തോളം അമ്മ എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിവ്. ആരോപണത്തിന്റെ മുള്‍മുന ദിലീപിലേക്കും, നാദിര്‍ഷായിലേക്കും നീണ്ടതോടെ സംഘടനക്കുള്ളില്‍ തന്നെ രണ്ടഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ടെന്നാണ് അറിവ്. തുടക്കത്തില്‍ ദിലീപിനൊപ്പം നിന്നിരുന്ന പല പ്രമുഖരും നിലപാട് മയപ്പെടുത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ നടിയെ അപമാനിക്കുന്ന തരത്തില്‍ ദിലീപ് പരാമര്‍ശം നടത്തിയതാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്. അമ്മയിലെ അംഗങ്ങള്‍ കൂടിയായ നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വനിതാ സംഘടന ഇപ്പോള്‍ തന്നെ ദിലീപിനെതിരെ രംഗത്തുണ്ട്.

 

 

 

 

 

കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്നതിനിടയിലാണ് ആളൂര്‍ രംഗപ്രവേശം ചെയ്തതും വക്കാലത്ത് ഏറ്റെടുത്തതും. നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ആളൂര്‍ പറയുന്നത്. വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നതെന്നും വേണ്ടിവന്നാല്‍ സെക്ഷന്‍ 164 പ്രകാരം ഇക്കാര്യങ്ങള്‍ സുനി കോടതിയില്‍ രഹസ്യ മൊഴിയായി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂരിനെ ഈ ഉന്നതര്‍ തന്നെയാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് പ്രത്യക്ഷത്തില്‍ തോന്നുകയില്ലെങ്കിലും, കേസിന്റെ നാള്‍‌വഴികളിലൂടെ സഞ്ചരിച്ചാല്‍ അത് സത്യമാണെന്ന് വ്യക്തമാകും. പ്രമാദമായ സൗമ്യ വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയെ സുപ്രീം കോടതിയില്‍ നിന്ന് പുഷപം പോലെ ഇറക്കിക്കൊണ്ടുവന്ന ആളൂരിന്റെ വൈദഗ്ധ്യം നാമെല്ലാം കണ്ടതാണ്. ആ കേസില്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്ന് കണ്ടവര്‍ ആരുമില്ല, ട്രെയിനില്‍ നിന്ന് വീണതുകൊണ്ടാണ് മരണം സംഭവിച്ചതെന്നതിന് തെളിവുകളില്ല എന്നീ കാരണങ്ങളാണ് ആളൂര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. സര്‍ക്കാരാകട്ടേ വിശ്വസനീയമായ തെളിവുകളോ സാക്ഷികളെയോ ഹാജരാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്?

 

 

 

കേസ് അന്വേഷിച്ച പോലീസിന്റെ പിടിപ്പുകേടായിരുന്നു അത്. നേരാം‌വണ്ണം കേസ് അന്വേഷിക്കാനോ തെളിവെടുക്കാനോ സാക്ഷിമൊഴിയെടുക്കാനോ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. ഏതാണ്ട് അതേ രീതിയില്‍ തന്നെയാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിനും സംഭവിക്കാന്‍ പോകുന്നത്. നടിയെ പീഡിപ്പിച്ചെന്നും, വീഡിയോ എടുത്തെന്നും, ഫോട്ടോ എടുത്തെന്നുമൊക്കെ പോലീസ് എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിലും വിശ്വസനീയമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് ഈ കേസിന്റെ ദൗര്‍ബല്യം. തന്നെയുമല്ല, പോലീസ് തന്നെ എഫ്‌ഐ‌ആറില്‍ പല പഴുതുകളും സൃഷ്ടിച്ചിട്ടുണ്ടാകാം. അതെന്തൊക്കെയാണെന്ന് ആളൂരിനറിയാം. ആ പഴുതുകള്‍ ഉപയോഗിച്ച് കോടതിയില്‍ കേസ് വാദിക്കുകയും സുനിയും സുനിയെ നിയോഗിച്ച 'ഉന്നതരെയും' രക്ഷപ്പെടുത്തുകയും ചെയ്യും. കേസ് വിചാരണ തുടങ്ങുമ്പോഴായിരിക്കും ആ പഴുതുകള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ അറിയുക. വിചാരണ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് എഫ്‌ഐ‌ആര്‍ മാറ്റാനോ തിരുത്താനോ കഴിയില്ല. ഇപ്പോള്‍ പോലീസ് മേധാവിയും അന്വേഷണ സംഘവും ചോദ്യം ചെയ്യല്‍ തകൃതിയായി നടത്തുന്നുണ്ടെങ്കിലും, അതെല്ലാം പോലീസും ദിലീപും അന്വേഷണ സംഘവുമൊക്കെ എഴുതിയുണ്ടാക്കിയ തിരക്കഥയാണ്.

 

 

 

 

അതായത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. അല്ലെങ്കില്‍ ഒരുതരം കണ്ണുകെട്ടിക്കളിയാണ്. കേസ് കോടതിയിലെത്തിയാല്‍ അവിടെ ശക്തമായ തെളിവുകളും ഹാജരാക്കേണ്ടി വരും. സാക്ഷികളുടെ മൊഴിമാറ്റവും, പ്രതിഭാഗം വക്കീലിന്റെ വിസ്താരവും ക്രോസ് വിസ്താരവുമൊക്കെയാകുമ്പോള്‍ പോലീസും മലക്കം മറിയും. ഗോവിന്ദച്ചാമിയുടെ കേസില്‍ ആളൂര്‍ എടുത്ത തുറുപ്പുചീട്ട് ഇവിടെയും എടുക്കുമെന്നുറപ്പ്. ഇപ്പോഴത്തെ ചോദ്യം ചെയ്യലും ബഹളവുമൊക്കെ കൂടി വന്നാല്‍ ഒരാഴ്ച കഴിയുമ്പോള്‍ മന്ദീഭവിക്കും. സുനി പിടിക്കപ്പെടാതിരിക്കേണ്ടത് ആളൂര്‍ പറഞ്ഞ 'ഉന്നതരുടെ' ആവശ്യമാണ്. അതിനവര്‍ ലക്ഷങ്ങളോ കോടികളോ ചിലവഴിക്കുകയും ചെയ്യും. തങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് നീതി ലഭിക്കില്ലെന്ന തിരിച്ചറിവുണ്ടായതോടെയാണ് 'വിമന്‍ ഇന്‍ കളക്ടീവ്' എന്ന സംഘടനക്ക് വനിതാ താരങ്ങള്‍ രൂപം നല്‍കിയത്. അതുകൊണ്ടാണ് ഈ സംഘടനയെ അമ്മയിലെ പുരുഷ താരങ്ങള്‍ തള്ളിപ്പറഞ്ഞതും. ഇപ്പോള്‍ അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദിലീപിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടായിരിക്കും കൈക്കൊള്ളുക എന്നത് ഏറെക്കുറെ ഉറപ്പാണ്. തൊട്ടും തൊടാതെയും വിഷയം അവതരിപ്പിച്ച് തടി തപ്പാനായിരിക്കും സംഘടനാ നേതാക്കളുടെ ശ്രമം. പ്രത്യക്ഷമായി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും ദിലീപിന്റെ ആശങ്ക കൂടി കേള്‍ക്കണമെന്നായിരിക്കും സംഘടനയുടെ പൊതു നിലപാട്.

 

 

 

 

 

അതേസമയം നടി അക്രമിക്കപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള നീക്കം അണിയറയില്‍ സജീവമാണത്രെ. ഇതിന്റെ ഭാഗമായി ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ തലസ്ഥാനത്ത് യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു അനൗദ്യോഗിക യോഗം. പ്രമുഖരായ എട്ടോളം നിര്‍മ്മാതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ഭൂരിഭാഗം നിര്‍മ്മാതാക്കളുടേയും നിലപാട്. ദിലീപിനൊപ്പം തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് നടിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. അമ്മയുടെ യോഗത്തിന് ശേഷം യോഗം ചേര്‍ന്ന് ദിലീപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കമെന്നും കേള്‍ക്കുന്നു.

 

 

ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെങ്കില്‍ ഈ കേസ് സിബിഐ തന്നെ ഏറ്റെടുക്കണം. കാരണം, കേസ് അന്വേഷിച്ച കേരള പോലീസില്‍ തന്നെ സിനിമയിലെ ഉന്നതരുമായുള്ള അടുപ്പവും സ്വാധീനവും ഉള്ളവര്‍ ഏറെയാണ്. മുഖ്യമന്ത്രി പോലും അവര്‍ക്കനുകൂലമായി പ്രസ്താവന ഇറക്കിയ സാഹചര്യത്തില്‍ രാഷ്‌ട്രീയപരമായും ഈ ഉന്നതര്‍ സം‌രക്ഷിക്കപ്പെടും. അഡ്വ. ആളൂരിനെ സുനിയുടെ അഭിഭാഷകനായി നിയമിച്ചതും, അമ്മ എന്ന താരസംഘടനയുടെ നിലപാടും കൂട്ടി വായിച്ചാല്‍ സുനി ഈ കേസില്‍ നിന്ന് 'നിരപരാധി'യായി പുറത്തുവരും. ആക്രമിക്കപ്പെട്ട നടി ജീവിതകാലം മുഴുവനും അപമാനഭാരവും പേറി ജീവിക്കേണ്ടി വരികയും ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More