You are Here : Home / ശുഭ വാര്‍ത്ത

കേള്‍ക്കാന്‍ കൊതിക്കുന്ന ശ്രുതിതരംഗങ്ങള്‍

Text Size  

Story Dated: Wednesday, December 11, 2013 06:43 hrs UTC

പൊതുപരിപാടികളുടെ തിരക്കുകള്‍ക്കിടയില്‍ ഒരല്‍പം ആശ്വാസം കിട്ടുന്നത് ഒരു പാട്ടുകേള്‍ക്കുമ്പോളാണ്.കേട്ടപാട്ടുകള്‍ മധുരമെന്നും ഇനി കേള്‍ക്കാന്‍
പോകുന്നത് അതിമധുരം എന്നും പറഞ്ഞ കവി ജോണ്‍ കീറ്റ്സിനെ ഓര്‍ത്തുപോകുന്നു.അതുപോലെ തന്നെയാണ് നല്ല വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോഴും. മനസിന്‌ സന്തോഷവും ആരോഗ്യവും തരുന്ന ശുഭവാര്‍ത്തകള്‍ക്കായി ഈ സ്ഥലം ഉപയോഗിക്കുമ്പോള്‍ ഉള്ളുതുറന്നു സംസാരിച്ചതിന്റെ പ്രതീതി അനുഭവപ്പെടുന്നു.

എന്നാല്‍ ഇതൊന്നും കേള്‍ക്കാത്ത,സംസാരിക്കാനാവാത്ത ഒരു കൂട്ടം ജനങ്ങളുണ്ടിവിടെ.കേള്‍വിയുടെ മധുരലോകത്ത്‌ കാലം മുഖംമറച്ച ചില
നിര്‍ഭാഗ്യവാന്മാര്‍.ജന്മനാ കേള്‍വിശക്തി നഷ്ടപ്പെട്ടവര്‍.അവരുടെ ഉള്ളിന്‍റെ വേദന ആരറിയുന്നു?.കേള്‍വി ഇല്ലാത്തവനെ കേള്‍വിയുടെ വിലയറിയു.
എന്നാല്‍ കേള്‍വിശക്തി ഉള്ളവര്‍ ബധിരരെ കേള്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ശബ്ദത്തിന്‍റെ മാസ്മരിക ലോകം അവര്‍ക്കുമുന്നില്‍ തുറക്കാന്‍ സമയമായി.ബധിരരും മൂകരുമായ പാവപ്പെട്ട കുട്ടികള്‍ക്കു കേരള സര്‍ക്കാറിന്റെ സാന്ത്വനമായ 'ശ്രുതിതരംഗം' പദ്ധതി എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നു. വളരുന്ന തലമുറകള്‍ക്ക് നല്ലകാലത്തെ സമ്മാനിക്കുന്ന സൗജന്യ കോക്ലിയര്‍ ഇംപ്ളാന്‍റേഷന്‍ പദ്ധതി അംഗീകരിക്കപ്പെടാതെ പോകരുത്.

 

 

 

 

 

 



ശബ്ദതരംഗങ്ങള്‍ ബിയാന്‍ക എന്ന മൂന്നു വയസ്സുകാരിയുടെ 'കേള്‍വിക്കു'മപ്പുറത്തായിരുന്നു.അമ്മ പാടുന്ന താരാട്ടുകേള്‍ക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല.അമ്മ അവളെ കൊഞ്ചിക്കുന്നതു കേള്‍ക്കാനുള്ള ഭാഗ്യവും അവള്‍ക്കുണ്ടായിരുന്നില്ല.നിശബ്ദതയുടെ ലോകത്ത്‌ അവള്‍ തനിച്ചായിരുന്നു. എന്നാല്‍ കരുണയുടെ വാതിലുകള്‍ ബിയാന്‍കയ്ക്ക്‌ മുന്‍പില്‍ തുറന്നു. ശ്രുതിതരംഗം പദ്ധതിയിലെ ആദ്യ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയയ്ക്ക് ബിയാന്‍ക വിധേയയായി.കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് ശസ്ത്രക്രിയയ്ക്കുള്ള കോക്ലിയാര്‍ ഇംപ്ലാന്‍റ് കിറ്റ് നമ്മുടെ കാതുകള്‍ക്ക് ഇമ്പമാര്‍ന്ന സംഗീതം പകര്‍ന്ന ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസായിരുന്നു ബിയാന്‍കയ്ക്ക് കൈമാറിയത്. ഇന്ന് അവള്‍ക്ക് എല്ലാം കേള്‍ക്കാം.ബിയാന്‍കയെ പോലെ ഒരുപാടു കുഞ്ഞുങ്ങള്‍ സര്‍ക്കാരിന്റെ കാരുണ്യം കാത്തിരിക്കുന്നുണ്ട്.

 

 

 

 



രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയിലൂടെയാണ്‌ കോക്ലിയര്‍ ഇംപ്ലാന്റ്‌ ഘടിപ്പിക്കുന്നത്‌.കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി നടത്തിയതുകൊണ്ടുമാത്രം കുട്ടി സംസാരിക്കാന്‍ സാധ്യതയില്ല. ഇതിനുശേഷം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഓഡിയോ വെര്‍ബല്‍ ഹാബിലിറ്റേഷന്‍ വഴിയാകും കുട്ടി സംസാരിക്കാന്‍ പഠിക്കുക. ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് മുടങ്ങാതെ ഓഡിയോ വെര്‍ബല്‍ ഹാബിലിറ്റേഷന്‍ നല്‍കാനുള്ള എല്ലാ സജ്ജീകരണങ്ങളും ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. കോക്ലിയര്‍ ഇംപ്ളാന്‍റ് ചികില്‍സയ്ക്കു ഒരു കുട്ടിക്ക്‌ പത്തുലക്ഷം രൂപ ചെലവ് വരും.എന്നാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്‌യുന്ന കമ്പനികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇപ്പോള്‍ 4,56,521 രൂപയായി ചെലവ്‌ കുറഞ്ഞു.രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഓഡിയോ വെര്‍ബല്‍ തെറാപ്പിക്കായി 50,000 രൂപ വേണം. ഇത്രയും തുക സര്‍ക്കാര്‍ നല്‍കും.

 

 

 



അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.അഞ്ചുവയസ്സിനുമേല്‍ പ്രായമുള്ള കുട്ടികള്‍ ഓഡിയോ വെര്‍ബല്‍ ഹാബിലിറ്റേഷനോട് പ്രതികരിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് ശ്രുതിതരംഗം പദ്ധതിയില്‍ ഗുണഭോക്താക്കളുടെ പ്രായം അഞ്ചുവയസ്സായി നിജപ്പെടുത്തിയത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയില്‍ ആദ്യവര്‍ഷം 200 പേര്‍ക്കു പദ്ധതിയുടെ ഗുണം ലഭിച്ചു.

കേരള സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതി യുപിഎയുടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.പദ്ധതിയുടെ വിജയവും ആവശ്യകതയുമാണ് യുപിഎയുടെ പ്രകടന പത്രികയില്‍ ശ്രുതിതരംഗം' ഇടംപിടിക്കാനുള്ള കാരണം.കഴിഞ്ഞ തവണ കേരളത്തിലെത്തിയ യുപിഎ അധ്യക്ഷ സോണിയഗാന്ധി പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദിച്ചു മനസിലാക്കിയിരുന്നു. സോണിയഗാന്ധിയുടെ മണ്ഡലത്തിലും ഇതേ അവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ സഹായം തേടി വരുന്നുണ്ടത്രേ.എന്നാല്‍ ശരിയായ പദ്ധതികളില്ലാത്തതിനാല്‍ സഹായം നല്‍കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.പദ്ധതിയുടെ വിശദാംശങ്ങള്‍ സോണിയ തേടിയ സോണിയാ ഗാന്ധിക്ക് വിശദാംശങ്ങള്‍ മന്ത്രി എം.കെ. മുനീര്‍ അയച്ചുകൊടുത്തതിരുന്നു. പിന്നീട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ് ലി ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി.പദ്ധതിയുടെ ഗുണം  സോണിയാ ഗാന്ധി മനസിലാക്കിയതോടെയാണ് ശ്രുതിതരംഗത്തിന് പ്രകടനപത്രികയില്‍ ഇടംതേടാന്‍ വഴിതെളിഞ്ഞത്.

ഓഡിയോളജിസ്റ്റുകളുടെയും വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും ഇതിനായി മുന്നിട്ടിറങ്ങിയ എല്ലാവരെയും അഭിനന്ദിക്കുന്നു.ഇന്ത്യയുടെ ചലനങ്ങള്‍
കേള്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ ശ്രുതിതരംഗം പദ്ധതി ഏറ്റെടുക്കട്ടെ. കാരുണ്യം നിറയ്ക്കട്ടെ...


ജയ്‌ ഹിന്ദ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.