You are Here : Home / വെളളിത്തിര

അച്ഛന്റെ ഓർമയിൽ മഞ്ജു

Text Size  

Story Dated: Sunday, June 10, 2018 09:17 hrs EDT

സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടായിരുന്നു മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ വാര്യര്‍. സാമ്ബത്തിക ഞെരുക്കള്‍ക്കിടയിലും മകളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്തുണ നല്‍കിയ ഒരു സാധാരണക്കാരനായ അച്ഛന്‍. അര്‍ബുദത്തോട് മല്ലിട്ട് മാധവന്‍ വാര്യര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ മഞ്ജുവിന് നഷ്ടമായത് ഒരു അച്ഛനെ മാത്രമല്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും താങ്ങും തണലുമായി നിന്ന ഒരു അടുത്ത സുഹൃത്തിനെയുമാണ്.

അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍കൊണ്ടു കൊരുത്തതാണ് തന്റെ ചിലങ്കയെന്ന് മഞ്ജു വാര്യര്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സമുദ്രക്കനിയുടെ തമിഴ് ചിത്രം അപ്പായ്ക്കുള്ള ഒരു പ്രമോഷന്‍ വീഡിയോയില്‍ മഞ്ജു അച്ഛനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ വികാരാധീനയായത് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാതൃഭൂമി ഡോട്ട്‌കോമിന് അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ മഞ്ജു സംസാരിച്ചതും അച്ഛനെക്കുറിച്ചായിരുന്നു.

മഞ്ജുവിന്റെ വാക്കുകള്‍

അച്ഛന്‍ ചിട്ടിപിടിച്ചിട്ടും കടം വാങ്ങിച്ചിട്ടും ഒക്കെയാണ് എന്നെ പഠിപ്പിച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള പണം നേരത്തെ കൂട്ടിവെക്കാന്‍ തുടങ്ങും. കമ്ബനി ട്രെയിന്‍ യാത്രയ്ക്ക് പൈസ കൊടുക്കുമ്ബോള്‍ അച്ഛനത് സേവ് ചെയ്തിട്ട് ബസ്സിന് പോവും. അങ്ങനെ സേവ് ചെയ്തും കമ്ബനിയില്‍നിന്ന് കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത്. അന്ന് അമ്മയുടെ സ്വര്‍ണമൊക്കെ പണയത്തിലായിരുന്നു. കുറേ കഴിഞ്ഞാണ് എനിക്കിതൊക്കെ മനസ്സിലായത്. ഈയടുത്ത കാലത്താണ് അമ്മയ്ക്കും അച്ഛനും കൈയിലിടാനൊരു മോതിരമെങ്കിലും ഉണ്ടായത്. പിന്നെ വാടകയ്ക്കാണെങ്കിലും അന്ന് ഞങ്ങള്‍ക്ക് കേറിക്കിടക്കാനൊരു വീടെങ്കിലും ഉണ്ടായിരുന്നു.

അച്ഛന്റെ ട്രാന്‍സ്ഫറിന് അനുസരിച്ച്‌ ജോലിസ്ഥലം മാറുമ്ബോള്‍ അടുത്ത് സ്‌കൂള്‍ ഉണ്ടോ എന്നതിനേക്കാള്‍, നൃത്തം പഠിപ്പിക്കാന്‍ നല്ല ആളുകളെ കിട്ടുമോ എന്നാണ് അച്ഛനും അമ്മയും അമ്ബേഷിച്ചിരുന്നത്. ഞങ്ങള്‍ കണ്ണൂരില്‍ താമസിച്ച കാലത്താണ് ഞാന്‍ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ രണ്ടു തവണ കലാതിലകമാകുന്നത്. അന്ന് പത്രങ്ങളില്‍ വന്ന ഫോട്ടോ കണ്ടിട്ടാണ് ലോഹിസാര്‍ സല്ലാപത്തിലേക്ക് വിളിക്കുന്നത്. സിനിമയില്‍ ഉണ്ടായിരുന്നപ്പോഴും ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്തിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം ഡാന്‍സിലും വലിയ ഗ്യാപ്പ് വന്നു. പിന്നീട് മകള്‍ മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാന്‍ ഗീത പദ്മകുമാര്‍ ടീച്ചര്‍ വീട്ടില്‍ വന്നപ്പോള്‍ ഒരു കൗതുകത്തിനു വേണ്ടി അവളോടൊപ്പം ഞാന്‍ വീണ്ടും ചുവടുവയ്ക്കുകയായിരുന്നു. അപ്പോള്‍ ആദ്യമേ തന്നെ ഞാന്‍ ടീച്ചറോട് പറഞ്ഞു- 'ഡാന്‍സ് ചെയ്തിട്ട് വര്‍ഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം എന്റെ കയ്യില്‍നിന്നു പോയിട്ടുണ്ടാകും. എന്നാലും ഞാനൊന്ന് ശ്രമിക്കുകയാണ്'. പക്ഷേ, രണ്ടാം ദിവസം ടീച്ചര്‍ എന്നോട് പറഞ്ഞു- 'മഞ്ജു പണ്ട് പഠിച്ചതൊന്നും എവിടെയും പോയിട്ടില്ല. ഡാന്‍സില്‍ കിട്ടിയിരിക്കുന്ന നല്ല ബെയ്സിന്റെ ഗുണമാണത്. അതുകേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. അന്നു രാത്രിതന്നെ ഞാന്‍ അമ്മയെ വിളിച്ച്‌ ഗീതടീച്ചര്‍ പറഞ്ഞതെല്ലാം പറഞ്ഞു. കുട്ടിക്കാലത്ത് ഡാന്‍സ്‌ക്ലാസില്‍ നിന്ന് വീട്ടിലെത്തിയാല്‍ ക്ലാസില്‍ പഠിപ്പിച്ചതൊക്കെ ചെയ്യിപ്പിച്ച്‌, നന്നായി പഠിച്ചുവെന്ന് അമ്മ ഉറപ്പുവരുത്തുമായിരുന്നു. എനിക്കപ്പോള്‍ കളിക്കാനും വെറുതെ ഇരിക്കാനും ഒക്കെയായിരുന്നു താല്‍പര്യം. പക്ഷേ അമ്മ എന്നെ ഇരുത്തി പ്രാക്ടീസ് ചെയ്യിക്കുമായിരുന്നു. സത്യത്തില്‍ ഗുരുക്കന്മാര്‍ പഠിപ്പിച്ചത് അമ്മ എന്നില്‍ ഇന്‍സ്റ്റില്‍ ചെയ്യുകയായിരുന്നു.'

അതെ, അമ്മയുടെ പാഷനും അച്ഛന്റെ ത്യാഗവുമാണ് എന്നെ നര്‍ത്തകിയാക്കിയത്. അമ്മയുടെ ആഗ്രഹവും എന്റെ കഴിവും അച്ഛന്‍ മനസിലാക്കി. ഞങ്ങള്‍ക്ക് പരിപൂര്‍ണമായ പിന്തുണയും പ്രോത്സാഹനവും തന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ചും ബുദ്ധിമുട്ടിയും അച്ഛന്‍ എന്നെ ഡാന്‍സ് പഠിപ്പിച്ചു. യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കാനായി ചിലപ്പോള്‍ ചിട്ടിപിടിച്ചു, സ്വര്‍ണം വിറ്റു, കടം വാങ്ങി. സാധാരണക്കാരായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ എനിക്കു തോന്നും, അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍കൊണ്ടു കൊരുത്തതാണ് എന്റെ ചിലങ്കയെന്ന്.'

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.