You are Here : Home / വെളളിത്തിര

മൈ സ്റ്റോറി റിവ്യൂ വായിക്കാം

Text Size  

Story Dated: Friday, July 06, 2018 11:34 hrs EDT

ലയാളത്തില്‍ മുഖ്യധാരാ സിനിമയിലേക്ക് ഉറച്ചകാല്‍വയ്പോടെ മറ്റൊരു വനിതാസംവിധായിക കൂടി, റോഷ്നി ദിനകര്‍. പുതുമുഖത്തിന്റെ ലക്ഷണങ്ങളില്ലാത്ത ക്രാഫ്റ്റ് കാഴ്ചവയ്ക്കുന്ന, വലിയ ക്യാന്‍വാസില്‍, നിറങ്ങള്‍ ചാലിച്ച ഒരു പ്രണയകഥയാണ് മൈ സ്റ്റോറി. എന്നാല്‍ ആദ്യപകുതിയിലെ ഊര്‍ജമുള്ള കഥപറച്ചിലിനുശേഷം രണ്ടാംപകുതിയിലേക്കു കടക്കുമ്ബോള്‍ ഫ്‌ളാഷ്ബാക്ക് സിനിമകളുടെ പതിവുവഴിയേ ചുറ്റിയടിച്ച്‌ ദീര്‍ഘയാത്ര നടത്തിയതുകൊണ്ട് അതൊരു സ്ഥിരം 'സ്റ്റോറി'യായി. എങ്കിലും ഇരട്ടവേഷത്തിലെത്തിയ പാര്‍വതിയുടെ ഗംഭീരപ്രകടനവും യൂറോപ്യന്‍ ട്രിപ്പിനു സമാനമായ അനുഭവവും പങ്കുവയ്ക്കുന്നതുകൊണ്ട് മൈ സ്റ്റോറി കണ്ടിരിക്കാവുന്ന കാഴ്ചയാകുന്നുണ്ട്.

'എന്നു നിന്റെ മൊയ്തീനു'ശേഷം പൃഥ്വിരാജ്-പാര്‍വതി ജോഡികളുടെ സ്‌ക്രീന്‍ പ്രസന്‍സും പ്രണയകഥയുടെ സൂത്രവാക്യം എളുപ്പമാക്കുന്നുണ്ട്. ഒരിക്കല്‍കൂടി സിനിമയാണ് പശ്ചാത്തലം. സിനിമയ്ക്കുള്ളിലെ സിനിമയിലെ സൂപ്പര്‍സ്റ്റാറാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജയ്. മധ്യവയസ്സ് പിന്നിട്ട അയാള്‍ കരിയറിന്റെ തുടക്കത്തിലെ പ്രണയത്തെ ഓര്‍ത്തെടുക്കുന്നതാണ് സിനിമ. ആ കഥയിലെ നായികയാണ് പാര്‍വതി അവതരിപ്പിക്കുന്ന താര. സിനിമയുടെ ഏറിയപങ്കും യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണ്. ലിസ്ബണില്‍ ആദ്യസിനിമയുടെ ഷൂട്ടിങ്ങിനെത്തുന്ന ജയ് എന്ന നടന്റെയും വേര്‍പിരിഞ്ഞ കാമുകി താരയെ തേടി 20 വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന ജയ് എന്ന കാമുകന്റെയും രണ്ടുകാലങ്ങളിലെ കഥ തുടര്‍ച്ചയായി ഇടകലര്‍ത്തിയാണ് മൈ സ്റ്റോറി പറയുന്നത്. ബോളിവുഡ് സിനിമകളിലൊക്കെ കണ്ടുമടുത്ത പ്രമേയമായിട്ടും എളുപ്പത്തില്‍ പ്രവചിക്കാവുന്ന വഴിയില്‍തന്നെ സിനിമ സഞ്ചരിച്ചുതീര്‍ന്നിട്ടും മുഷിപ്പുതോന്നാതിരിക്കുന്നത് കാലങ്ങള്‍ ഇടകലര്‍ത്തിപ്പറയുമ്ബോള്‍ കാണിക്കുന്ന ഈ ശൈലിയാണ്.

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയ്ക്ക് കണ്ടുമടുത്ത ബോളിവുഡ് സിനിമകളെ ആവര്‍ത്തിക്കുന്ന മികവേയുള്ളു. ഒരു വേള സിനിമ പശ്ചാത്തലമാക്കിയ ടൈറ്റാനിക്കോ എന്നുതോന്നിപ്പോകും. സാഹിത്യഭാഷ കൂടിയതെങ്കിലും സുന്ദരമായി എഴുതിയ സംഭാഷണങ്ങള്‍ സന്ദര്‍ഭത്തിനൊത്തുനില്‍ക്കുന്നതുകൊണ്ട് മികവുപുലര്‍ത്തുന്നുണ്ട്. അല്ലെങ്കില്‍ ഊതിവീര്‍പ്പിച്ച ഒരു ബലൂണാണ് സിനിമയുടെ സ്‌ക്രിപ്റ്റ്. അതുപൊട്ടാതെ കാക്കുന്നത് മലയാളത്തില്‍ കണ്ടുപരിചയമില്ലാത്ത വിഷ്വലുകളും പൃഥ്വി-പാര്‍വതി ജോഡികളുടെ പ്രകടനവുമാണ്.

ജയ് എന്ന നായകന്റെ ഓര്‍മകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും താര എന്ന നായികയും പോര്‍ച്ചുഗലില്‍ വളര്‍ന്ന ഹിമ എന്ന മകളുമാണ് മൈ സ്റ്റോറിയുടെ മുഴുവന്‍ സ്റ്റോറിയും. സമ്ബന്നനായ കാമുകനില്‍നിന്നു രക്ഷപ്പെടാനുള്ള 'ക്ലീഷേ' സിനിമാനടി കാമുകിയായും അത്രപരിചിതമല്ലാത്ത യൂറോപ്യന്‍ ഹിപ്പി യുവതിയായും പാര്‍വതി തകര്‍ത്തഭിനയിച്ചു. 

എന്തുകൊണ്ടാണ് തന്റെ സമകാലികരെക്കാളും മുന്‍ഗാമികളെക്കാളും പാര്‍വതിയുടെ ക്ലാസ് വേറെയായി നില്‍ക്കുന്നത് എന്നു തെളിയിക്കുന്ന മറ്റൊരു പ്രകടനം. ഏറക്കുറെ ഒരു പുതിയ പാര്‍വതിയാണ് ഹിമ. വിരസമായിപ്പോകുന്ന രണ്ടാംപകുതിയെ രക്ഷിച്ചെടുക്കുന്നത് പാര്‍വതിയുടെ എനര്‍ജി സ്ഫോടനമുള്ള പ്രകടനമാണ്. സിനിമ ഏറക്കുറെ മെലോഡ്രാമാറ്റിക് ആണെങ്കിലും €ക്ലോസപ്പുകളില്ലാത്ത പാര്‍വതിയുടെ പ്രകടനമാണ് ആ ഡ്രാമ സിനിമയില്‍നിന്ന് പ്രത്യക്ഷത്തില്‍ ഒഴിവാക്കുന്നത്. തന്റെ പ്രണയം ജയ് എന്ന നായകനോടു താര പറയുന്ന സ്റ്റേജ് രംഗം അങ്ങേയറ്റം നാടകീയമാണെങ്കിലും പാര്‍വതിയുടെ ഇടപെടലുകള്‍ അതു വേറിട്ടതാക്കുന്നുണ്ട്.

മധ്യവയസ്സുപിന്നിട്ട സൂപ്പര്‍സ്റ്റാറായും അരങ്ങേറ്റക്കാരനായ നടനായും പൃഥ്വി മോശമാക്കിയിട്ടില്ല. സമ്ബന്നനായ, അധോലോകവില്ലനായ നടിയുടെ പ്രതിശ്രുതവരനായി തമിഴ്നടന്‍ ഗണേഷ് വെങ്കിട്ടരാമനാണ് എത്തുന്നത്. മണിയന്‍പിള്ള രാജു, മനോജ് കെ. ജയന്‍, നന്ദു എന്നിവരാണ് മറ്റുവേഷങ്ങളില്‍. ജയ്, താര, ഹിമ എന്നീ മൂന്നുകഥാപാത്രങ്ങളില്‍ സിനിമ ചുറ്റിത്തിരിയുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് ആര്‍ക്കും കാര്യമായ പ്രാധാന്യമില്ല. ചെന്നൈ എക്‌സ്പ്രസിന്റെ ഛായാഗ്രാഹകനായിരുന്ന ഡുഡ്ലി വിനോദ്പെരുമാളാണ് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More