മോനിഷ മലയാളത്തിന്‍റെ പുണ്യമായിരുന്നു. അത്രയും മുഖശ്രീയുള്ള, അത്രയും അഭിനയപ്രതിഭയായ, അത്രയും മലയാളിത്തമുള്ള ഒരു പെണ്‍കുട്ടിയെ നമ്മള്‍ മലയാള സിനിമയില്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. എന്നാല്‍ മോനിഷ അധികകാലം ഭൂമിയില്‍ ഉണ്ടായില്ല. ആ നഷ്ടത്തിന് മുന്നില്‍ ഇന്നും വെറുങ്ങലിച്ചുനില്‍ക്കുന്ന സഹൃദയരാണ് എവിടെയും.
മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി ആ നഷ്ടത്തിന്‍റെ കാല്‍നൂറ്റാണ്ടുകാലത്തെ വേദന അനുഭവിച്ചുതീര്‍ത്തുകഴിഞ്ഞു. അവര്‍ പക്ഷേ അഭിനയത്തിലും നൃത്തത്തിലും സജീവമാണ്. കരഞ്ഞുകൊണ്ടിരിക്കുകയല്ല തന്‍റെ ധര്‍മ്മമെന്ന് ശ്രീദേവി ഉണ്ണി ഒരിക്കല്‍ കൌമുദിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരമ്മയുടെ മനസ് എങ്ങനെയാണെന്ന് തുറന്നുകാണിക്കുന്ന ഒരഭിമുഖമായിരുന്നു അത്.
ശ്രീദേവി ഉണ്ണിയുടെ വാക്കുകള്‍ ഇതാ:
ഞാന്‍ സറണ്ടര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, അതല്ല എന്‍റെ ധര്‍മ്മം. മോനിഷ എന്ന കുട്ടി ഞാന്‍ പ്രസവിച്ചതാണെങ്കിലും... ഞാന്‍ ആക്സിഡന്‍റില്‍ പരുക്കേറ്റ് വയ്യാതെ കിടക്കുന്ന കാലത്ത് എന്‍റെ ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം എന്നേക്കാള്‍ തകര്‍ന്നുനില്‍ക്കുന്ന കാലമാണ്. 'ഇനി നമ്മളെന്തിന് ജീവിക്കണം?' എന്ന ചോദ്യവുമായി അദ്ദേഹം എന്‍റെ കിടയ്ക്കയ്ക്കരുകില്‍ വന്നതാണ്. നിസഹായനായി അദ്ദേഹം അങ്ങനെ ചോദിക്കുകയാണ്.
പുരുഷന്‍മാര്‍ക്ക് സ്ത്രീകളേക്കാള്‍ മനഃശക്തി കുറവാണ്. അച്ഛന്‍ എന്ന നിലയില്‍ അദ്ദേഹം വളരെ സോഫ്റ്റാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞ ഒരു വാചകം ഇന്നും എനിക്കോര്‍മ്മയുണ്ട് - 'നമ്മള്‍ ആ കുട്ടിയെ ഈ ലോകത്തേക്ക് കൊണ്ടുവരാനുള്ള വെറും ഇന്‍സ്‌ട്രമെന്‍റ്സ് മാത്രമായിരുന്നു എന്ന് വിചാരിക്കൂ' എന്ന്.
ആ വാക്കുകള്‍ എങ്ങനെ എന്‍റെ മനസില്‍ വന്നു എന്നറിയില്ല. നമുക്ക് ഒരു അവകാശവുമില്ല എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തെ സമാധാനിപ്പിച്ചത്.
ഈ ഇരുപത്തഞ്ചുവര്‍ഷവും സത്യം പറഞ്ഞാല്‍, എന്നും എന്നെ അരച്ചുകൊണ്ടിരിക്കുന്നതാണ് ആ വേദന. ആരും അറിഞ്ഞില്ലെങ്കിലും, അതെന്‍റെ സ്വകാര്യമായ ദുഃഖമാണ്. എന്‍റെ സ്വകാര്യമായ സ്വത്താണത്. അത് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് ഞാന്‍ എന്നെ പഠിപ്പിച്ചു.
അത് സ്പിരിച്വല്‍ ചിന്താഗതിയാണോ എന്നൊന്നും എനിക്കറിയില്ല. എന്നില്‍ നിന്നും പ്രസരിക്കുന്നത് പോസിറ്റീവ് എനര്‍ജി ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമാണ്.
ഞാന്‍ ഗാന്ധാരീവിലാപം ചെയ്തത് എന്‍റെ ഒരു തെറാപ്പിയായിരുന്നു. ആ ഡാന്‍സ് പെര്‍ഫോമന്‍സിന് ശേഷമാണ് എനിക്ക് മനസിന് കൂടുതല്‍ ശക്തി കിട്ടിയത്. നൂറുമക്കള്‍ രണഭൂമിയില്‍ മരിച്ചുകിടക്കുന്നത് കാണാനായാണ് ഗാന്ധാരി കണ്ണുതുറക്കുന്നത്. ഗാന്ധാരിയായി സ്റ്റേജില്‍ എനിക്ക് എത്രമാത്രം കരയാനാവുമോ അത്രമാത്രം ഞാന്‍ കരഞ്ഞ് അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ ഈ വിലാപം എനിക്കെന്‍റെ യഥാര്‍ത്ഥ ജീവിതത്തില്‍ പറ്റില്ല. എന്‍റെ ചുറ്റിലും എനിക്ക് വേണ്ടപ്പെട്ടവരാണ്. അവര്‍ എന്നേക്കാള്‍ കൂടുതല്‍ മനസുകൊണ്ട് കരയുകയാണ്. അവരുടെ മുമ്ബില്‍ പൊട്ടിക്കരയുന്നതല്ല എന്‍റെ ധര്‍മ്മം.
Comments