ഫോട്ടോഗ്രാഫര്‍ എസ് ബര്‍മൗല എന്ന ബര്‍മന്‍ ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ മധുര്‍ ഭണ്ഡര്‍കറുടെ 'ഫാഷന്‍' എന്ന സിനിമ സംഭവിക്കുമായിരുന്നോ എന്ന് സംശയമാണ്. കാരണം ഫോട്ടോഗ്രാഫര്‍ എസ് ബര്‍മൗലയുടെ ക്യാമറയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി പതിഞ്ഞ ഗീതാഞ്ജലി നാഗ്പാല്‍ എന്ന മോഡലിന്റെ ചിത്രമാണ് പിന്നീട് ബോളിവുഡ് ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പിന്നാമ്ബുറക്കഥകള്‍ പറഞ്ഞ ഫാഷന്‍ എന്ന സിനിമയ്ക്ക് നിയോഗമായി മാറിയത്. ബര്‍മന്റെ ആ ഒരൊറ്റ ക്ലിക്കില്‍ ഫാഷന്‍ ലോകത്തെ ഗ്ലാമറിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നു വീഴുകയായിരുന്നെന്നു പറയാം.
1990 കളില്‍ ബോളിവുഡിലെ സെലിബ്രിറ്റികള്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍, ജ്വലിക്കുന്ന വേദികളില്‍ ചുവടുവെച്ച മോഡലായിരുന്നു ഗീതാജ്ഞലി നാഗ്പാല്‍. എന്നാല്‍ മദ്യവും മയക്കുമരുന്നുകളും ഗീതാഞ്ജലിയുടെ ജീവിതത്തിലെ വില്ലനായി. നാവികസേന ഓഫീസറുടെ മകളായിരുന്ന ഗീതാഞ്ജലി വീടും പ്രതാപവുമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ ഡല്‍ഹിയുടെ തെരുവുകളിലെത്തപ്പെട്ടു. ജീവിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടുന്ന ഭിക്ഷാടകയായി ഗീതാഞ്ജലി മാറി.
റാംപിന്റെ വെള്ളി വെളിച്ചത്തില്‍ നിന്നും തെരുവിലേക്ക് മാനസികരോഗിയായും ഭിക്ഷാടകയായുമൊക്കെ എടുത്തറിയപ്പെട്ട മോഡല്‍ ഗീതാജ്ഞലിയുടെ ഇരുളടഞ്ഞ ജീവിതം ലോകമറിയുന്നത് ബര്‍മന്റെ പ്രശസ്തമായ ആ ഫോട്ടോഗ്രാഫിലൂടെയായിരുന്നു. തുടര്‍ന്ന് ഗീതാജ്ഞലിയുടെ ജീവിതം വാര്‍ത്തകളില്‍ ഏറെ ആഘോഷിക്കപ്പെട്ടു. ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ അറിയപ്പെടാത്ത കാഴ്ചകളുടെ കഥ പറയുന്ന 'ഫാഷന്‍' എന്ന ചിത്രമൊരുക്കാന്‍ മധുര്‍ ഭണ്ഡര്‍കര്‍ക്ക് പ്രചോദനമായതും ആ ഫോട്ടോഗ്രാഫായിരുന്നു.
എന്നാല്‍ പിന്നീട് അതുമാത്രമല്ല ഫാഷന് പ്രചോദനമായതെന്ന് സംവിധായകന്‍ മധുര്‍ ഭണ്ഡര്‍ക്കര്‍ തന്നെ നിഷേധിച്ചിരുന്നു. എന്നിരുന്നാലും ഫാഷന്‍ ലോകത്തിന്റെ ഇരുട്ട ഉള്ളറകളിലേക്ക് വെളിച്ചം വീശിയ ഫോട്ടോ തന്നെയായിരുന്നു അത്. ഗീതാഞ്ജലിയുടെ കഥ ഗ്ലാമര്‍ ലോകത്തിനു പിന്നിലെ ഇരുട്ട ലോകത്തേക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ കാരണമായി.
Comments