ബോളിവുഡ്, ഹോളിവുഡ് താരനടി പ്രിയങ്ക ചോപ്ര വളരെ ഗൗരവമായി തന്നെ ഹോളിവുഡ് ഗായകന്‍ നിക്ക് ജോനാസി(ഹോനാസി)നെ ഡേറ്റ് ചെയ്യുകയാണെന്ന് അമേരിക്കന്‍ സിനിമാ പ്രസിദ്ധീകരണങ്ങള്‍ പറയുന്നു. ഇരുവരെയും ഒന്നിച്ച് കണ്ട അവസരങ്ങളെകുറിച്ചും ഇരുവരും തമ്മിലുള്ള ഇടപെടലുകളെകുറിച്ചും വളരെ വിശദമായ വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. പ്രിയങ്കയും നിക്കും 2017 ലെ മെറ്റ്ഗാല യിലാണ് പരിചയത്തിലായതെന്നും അതിനടുത്ത ദിവസം ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് ലൈവ് ഷോയില്‍ ഹോളിവുഡ് ബൗളില്‍ ഒന്നിച്ച് കാണപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ഇപ്പോള്‍ രണ്ട്, മൂന്ന് ദിവസം മുമ്പ് ലോസ് ആഞ്ചലസ്‌ഡോഡ്‌ഴ്േസിന്റെ കളി ഇരുവരും ഒന്നിച്ചു കണ്ടതാണ് ഡേറ്റിംഗിനെകുറിച്ച് പ്രാമുഖ്യം നല്‍കി വാര്‍ത്തയും ചിത്രങ്ങളും നല്‍കാന്‍ മാധ്യമങ്ങളെ പ്രേരപ്പിച്ചത്.
25 കാരനായ നിക്ക് 7-ാം വയസ്സില്‍ നാടകത്തില്‍ അഭിനയിച്ചു. 2002 ല്‍ ഒരു പാട്ടുകാരനായി തുടങ്ങി. 2004 ലെ ആദ്യ ആല്‍ബം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ജോനാസ് സഹോദരന്മാര്‍ നാല് പേരാണ്. നിക്കിന്റെ മൂത്തവര്‍ കെവിന്‍, ജോ, ഫ്രാങ്കി എന്നിവര്‍. ടെക്‌സസിലെ ഡാലസാണ് സ്വദേശം. ജോനാസ് ബ്രദേഴ്‌സ് എന്ന പേരില്‍ ഒരു ബാന്‍ഡ് ഉണ്ടാക്കി ഇവര്‍ പ്രസിദ്ധരായി. രണ്ട് സംഗീത കമ്പനികളുമായി കരാര്‍ ഉണ്ടാക്കി. ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞു. കണ്‍സേര്‍ട്ടുകളില്‍ ആരാധകര്‍ തുളളിച്ചാടി. നിക്കിന് 2016 ലെ കണക്കനുസരിച്ച് 25 മില്യന്‍ ഡോളറിന്റെ ആസ്തി ഉള്ളതായി പറയപ്പെടുന്നു.
നിക്കിന്റെ പ്രണയകഥകള്‍ വളരെ നീണ്ടതാണ്. പ്രിയങ്കയുമായുള്ളത് പത്താമത്തെ പ്രണയമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 2006- 2007 കാലഘട്ടത്തില്‍ മൈലി സൈറസ് ആയിരുന്നു കാമുകി. ഇരുവരും പിരിഞ്ഞു. 2008 ല്‍ സെലീന ഗോമസ് നിക്കിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. മൂന്നു വര്‍ഷം സെലീനയുമായോ ഒറ്റയ്‌ക്കോ നിക്ക് കഴിഞ്ഞു. 2011 ല്‍ ഡെല്‍റ്റ ഗുഡ്‌റം നിക്കിന്റെ കാമുകിയായി. 2013 ല്‍ മുന്‍ മിസ് യൂണിവേഴ്‌സ് ഒളിവിയ കള്‍പോ അതേ വര്‍ഷം തന്നെ റീറ്റ ഓറയും നിക്കിന് പ്രിയപ്പെട്ടവരായി. പിന്നീട് ലിലി കൊളിന്‍സും 2017ലെ വിക്ടോറിയ സീക്രട്ട് മോഡല്‍ ജോര്‍ജിയ ഫൗളറും ഈ വര്‍ഷം ജനുവരിയില്‍ മാഡലീന്‍ ബ്രൂവറും കഴിഞ്ഞാണ് പ്രിയങ്കയ്ക്ക് നറുക്ക് വീണിരിക്കുന്നത്. പത്താമത്തെ പ്രണയം എത്ര നാള്‍ എന്ന ചോദ്യം പ്രസക്തമാണ്.
അഭിനേത്രിയും ഗായികയും സിനിമാനിര്‍മ്മാതാവും പരോപകാര തല്പരയും യൂണിസെഫിന്റെ ഗുഡ് വില്‍ അബാസിഡറും എല്ലാമായി അറിയപ്പെടുന്ന പ്രിയങ്ക 2000 ല്‍ മിസ് വേള്‍ഡായി. തുടര്‍ന്ന് ഹിന്ദി സിനിമയില്‍ അവസരങ്ങള്‍ക്ക് ക്ഷാമം ഉണ്ടായില്ല. ജോലി സ്ഥലത്ത് പുരുഷന്മാര്‍ക്കെതിരായ ലൈംഗിക ചൂഷണത്തെകുറിച്ച് ഒരു ഹോളിവുഡ് ചിത്രം പുറത്ത് വന്നിരുന്നു. അതിന്റെ നിലവാരം ഇല്ലാത്ത ഹിന്ദി റീമേക്കില്‍ കീഴ് ജീവനക്കാരനെതിരെ(അക്ഷയ്കുമാറിനെതിരെ) ആരോപണം ഉന്നയിക്കുന്ന കമ്പനി ഉടമയായി ശരീരപ്രദര്‍ശനവും ധീരതയും പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്. 'എത് രാസ്' എന്ന ഈ ചിത്രത്തിന് ശേഷം മധു ഭണ്ഡാര്‍ക്കറുടെ 'ഫാഷനി' ലും പ്രിയങ്കയുടെ അഭിനയം പ്രശംസിക്കപ്പെട്ടു. എത് രാസിലെ പ്രകടനം കടുത്ത വെല്ലുവിളിയായിരുന്നു എന്ന് പ്രിയങ്ക പിന്നീട് പറഞ്ഞു.
സെപ്റ്റംബര്‍ 2015 ല്‍ ആരംഭിച്ച ടെലിവിഷന്‍ ഷോ ക്ലാന്റികോയില്‍ പ്രധാന വേഷത്തില്‍ പ്രിയങ്ക ശ്രദ്ധിക്കപ്പെട്ടു. എഫ്ബിഐയിലേയ്ക്ക് റിക്രൂട്ട് ചെയ്ത് വെര്‍ജീനിയയിലെ ക്വാന്റികോയില്‍ ട്രെയിനിംഗ് നടത്തുന്നവരുടെ കഥയാണ് ടിവിഷോ പറയുന്നത്. പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം ബോവാച്ചിലെ അവരുടെ അഭിനയത്തിന് തീരെ പ്രശംസ ലഭിച്ചില്ല. ചിത്രവും വളരെ മോശമായിരുന്നു എന്ന് നിരൂപകര്‍ വിധിയെഴുതി. ഇനി പ്രദര്‍ശനത്തിനെത്തുക എ കിഡ് ലൈക്ക് ജേക്ക്, ഈസന്റ് ഇറ്റ് റൊമാന്റിക്, ഭാരത് എന്നീ ചിത്രങ്ങളാണ്. പ്രിയങ്കയുടെ ആല്‍ബങ്ങള്‍ വിജയകരമായി വിപണിയിലെത്തുകയും അമേരിക്കയിലെയും ഇന്ത്യയിലെയും ആരാധകര്‍ വലിയ തോതില്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ആരംഭകാലത്ത് ഹോളിവുഡില്‍ പ്രിയങ്കയെ പ്രമോട്ട് ചെയ്യാന്‍ മാനേജര്‍മാര്‍ അഹോരാത്രം പണിയെടുത്തു. ടെലിവിഷന്‍ ചാനലുകളില്‍ ഇന്റര്‍വ്യൂകളും കണ്ടു. പക്ഷെ ഇതൊരു തരംഗമായി നിലനിന്നില്ല.
പ്രിയങ്കയുടെ ആസ്തി 8 മില്യന്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബോളിവുഡില്‍ പ്രിയങ്കയും ദീപിക പദുകോണും തമ്മില്‍ കിട മത്സരമാണെന്ന് മുംബൈ മാധ്യമങ്ങള്‍ ആണയിടുന്നുണ്ട്. ഓരോ ചിത്രത്തിനും വലിയ പ്രതിഫലം(ചിലപ്പോള്‍ നായക നടന്മാരെക്കാള്‍ കൂടുതല്‍) വാങ്ങുന്ന ദീപികയുടെ ആസ്തി 25 മില്യന്‍ ഡോളറാണെന്നാണ് കണക്ക്. ഇരുവരും ഒന്നിച്ച് അടുത്തവര്‍ഷങ്ങളില്‍ അഭിനയിച്ച 'ബാജി റാവു മസ്താനി' യിലെ പ്രിയങ്കയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഓതര്‍ ബാക്ക്ഡ് റോളില്‍ ഏറെ തിളങ്ങിയത് ദീപിക ആയിരുന്നു.
സിനിമാതാരങ്ങളുടെ പ്രണയബന്ധങ്ങള്‍ പലപ്പോഴും താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്. പ്രത്യേകിച്ച് നെറ്റ് വര്‍ക്കിംഗ് സര്‍വപ്രധാനമായ അമേരിക്കന്‍ സംവിധാനത്തില്‍ ഈ ബന്ധം പ്രിയങ്കയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും മുന്നേറാനും സഹായിച്ചേക്കും.
Comments