You are Here : Home / EDITORS PICK

ബിഷപ്പ് ഫ്രാങ്കോ മുളക്കലും ചില യാഥാര്‍ത്ഥ്യങ്ങളും

Text Size  

Story Dated: Tuesday, September 18, 2018 11:26 hrs UTC

തോമസ് കൂവള്ളൂര്‍

കേരളത്തില്‍ വച്ച് ഒരു കന്യാസ്ത്രീയെ ബലാല്‍സംഗം നടത്തി എന്ന കുറ്റത്തിന് അന്വേഷണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനു വേണ്ടി കേരളാ പോലീസ് ശ്രമം തുടങ്ങിയിട്ട് 80-ല്‍ പരം ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളക്കാരനായ ബിഷപ്പിനെ കേരളത്തില്‍ വരുത്തി തെളിവുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത് വാസ്തവത്തില്‍ അമേരിക്കന്‍ മലയാളികളായ ഈ ലേഖകനെപ്പോലുള്ളവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. കേരളാ പോലീസ് ഇത്രമാത്രം കഴിവില്ലാത്തവരാണോ? അതോ ബാലാല്‍സംഗം എന്ന വാക്കിനെപ്പറ്റിയും അതു സംബന്ധിച്ചുള്ള നിയമങ്ങളെപ്പറ്റിയും വ്യക്തമായ അറിവ് കേരളാ പോലീസിന് ഇനിയും മനസ്സിലാകാത്തതിനാലാണോ ഇങ്ങനെ ‘കള്ളനും പോലീസും’ കളിച്ച് സമയം നീട്ടിക്കൊണ്ട് പോകുന്നത്? ഇന്ത്യന്‍ ശിക്ഷാനിയമം ഐ.പി.സി. 376 വകുപ്പനുസരിച്ച് ലൈംഗികതൃഷ്ണയോടെ മറ്റൊരാളുടെ സമ്മതമില്ലാതെ ബലാല്‍ക്കാരമായി ഒരാളെ പിടിച്ച് കാമകേളികള്‍ നടത്തുകയോ, കാമപൂര്‍ത്തീകരണം നടത്തുകയോ ചെയ്താല്‍ അത് കുറ്റകരമാണ്. തെളിയിക്കപ്പെട്ടാല്‍ ചുരുങ്ങിയത് 7 വര്‍ഷം മുതല്‍ ആജീവനാന്തം വരെ ജയില്‍ശിക്ഷയ്ക്ക് ഇത്തരക്കാര്‍ അര്‍ഹരുമാണ്.

ഇന്നും കേരളക്കാര്‍, പ്രത്യേകിച്ച് പി.സി. ജോര്‍ജ്ജ് എം.എല്‍.എ, സീറോ മലബാര്‍ കാത്തലിക് ഫോറത്തിന്റെ വക്താവ് കെന്നടി കരിമ്പിന്‍കാലായില്‍ തുടങ്ങിയവരുടെ ടി. വി. മാധ്യമങ്ങളില്‍ കൂടിയുള്ള സംസാരം കേട്ടാല്‍ തോന്നും കുട്ടി ഉണ്ടാകത്തക്കവിധത്തില്‍ ലൈംഗികമായി ബന്ധപ്പെട്ടെങ്കില്‍ മാത്രമേ അത് ബലാല്‍സംഗം ആവുകയുള്ളൂ എന്ന്. ഇന്നും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കത്തോലിക്കരും ആ വിധത്തില്‍ ധരിച്ചുവച്ചിരിക്കുന്നതുപോലെ തോന്നുന്നു. ഏതായാലും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബലാല്‍സംഗം ചെയ്താല്‍ കഠിനശിക്ഷ തീര്‍ച്ച. ഇന്ത്യന്‍ ശിക്ഷാനിയമം എങ്ങിനെയാണെങ്കിലും കേരളാ പോലീസിന് ഇന്നും മുഴുവന്‍ സ്വാതന്ത്ര്യത്തോടെ ഒരു കേസ് അന്വേഷിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുള്ളതാണ് സത്യം. കേരളാ പോലീസിന് ഒരാളെ അറസ്റ്റു ചെയ്യണമെങ്കില്‍, പ്രത്യേകിച്ച് ബിഷപ്പ് ഫ്രാങ്കോയെപ്പോലുള്ള ഒരളെ അറസ്റ്റു ചെയ്യണമെങ്കില്‍, മേലുദ്യോഗസ്ഥന്മാരുടെയും, രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും അനുമതി വേണമെന്നുള്ളതാണ് വാസ്തവം.

ഭരിക്കുന്ന കക്ഷിയുടെ നേതാക്കന്മാരുടെ അനുമതി കൂടാതെ ഒരാളെ അറസ്റ്റു ചെയ്താല്‍ ആ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിക്കുമെന്നു മാത്രമല്ല ചിലപ്പോള്‍ അവരുടെ ജോലി വരെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നും കേരളത്തിലുള്ളത് എന്നുള്ളത് ലജ്ജാവഹമാണ്. കേരളാ പോലീസിന്റെ തലപ്പത്തിരിക്കുന്ന ഐ.പി.എസ് കാര്‍ വരെ നിയമകാര്യങ്ങള്‍ നടപ്പാക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികളുടെ മുമ്പില്‍ തലകുനിക്കുന്നതു കാണുമ്പോള്‍ കേരളത്തിലെ നിയമം ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് ഊഹിക്കാമല്ലോ. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമായി പഞ്ചാബില്‍ പോയ കേരളാ പോലീസ് സംഘം പഞ്ചാബില്‍ നിന്നും നാടകീയമായി തടിതപ്പി പോരുന്ന കാഴ്ച ടി.വി. മാധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഒരുവിധത്തില്‍ കേരളക്കാരായ അമേരിക്കന്‍ മലയാളികള്‍ക്കു വരെ അത് അപമാനകരമായി തോന്നി എന്നതാണ് വാസ്തവം. ഇത്രയും എഴുതിയ സ്ഥിതിക്ക് ഒരു അമേരിക്കന്‍ മലയാളിയായ ഞാന്‍ ഇത്തരത്തില്‍ ഒരു ലേഖനം എഴുതാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്ന സാഹചര്യം കൂടി എഴുതിയില്ലെങ്കില്‍ മറ്റു പലരെയും പോലെ ഏതെങ്കിലും ഒരു സൈഡു പിടിച്ച് ഞാന്‍ എഴുതുന്നതായി പലരും തെറ്റിദ്ധരിച്ചേക്കും. ജലന്ധര്‍ രൂപതയുടെ ആദ്യത്തെ ബിഷപ്പ് തോമസ് കീപ്രത്ത് പിതാവ് എന്റെ ജന്മനാട്ടുകാരനും, എന്റെ പിതാവിന്റെ സഹപാഠിയും, ഒരിക്കല്‍ ഞങ്ങളുടെ വീടു വെഞ്ചരിക്കാന്‍ വന്ന അവസരത്തില്‍ എനിക്കു നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരു പുണ്യാത്മാവ് ആയിരുന്നു.

ഇപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അധീനതയിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സഭയുടെ സ്ഥാപകനും കീപ്രത്ത് പിതാവായിരുന്നു. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ അഭിമാനഭാജനമായിരുന്നു കീപ്രത്തു മെത്രാന്‍. ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഢിപ്പിച്ചു എന്നു പറയുന്ന കന്യാസ്ത്രീയെ അദ്ദേഹത്തിന്റെ ജന്മനാടിനടുത്തുള്ള നാടുകുന്ന് എന്ന സ്ഥലത്തുള്ള കന്യാസ്ത്രീമഠത്തിന്റെ മദര്‍ സുപ്പീരിയറായി നിയോഗിച്ചതും കീപ്രത്ത് മെത്രാന്‍ ആയിരുന്നു. പ്രസ്തുത നാടുകുന്ന് കുറവിലങ്ങാടിനടുത്തായതിനാല്‍ കേസ് പൊന്തി വന്നതോടെ നാടുകുന്നിനു പ്രസക്തിയില്ലാതായി. കുറവിലങ്ങാട് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ജലന്ധര്‍ രൂപതയുടെ അധികാരപരിധി പഞ്ചാബിലും, ബീഹാറിലും കേരളത്തിലുമായി വ്യാപിച്ചു കിടക്കുന്നു. മിഷണറീസ് ഓഫ് ജീസസ് എന്ന പേരിലുള്ള സന്യാസിനി സമൂഹത്തിനു പുറമെ നിരവധി സ്ഥാപനങ്ങള്‍ ജലന്ധര്‍ രൂപതയുടെ അധികാരപരിധിയിലുണ്ട്. കോടാനുകോടി രൂപയുടെ സമ്പത്തുള്ള ഒരു രൂപതയാണ് ജലന്ധര്‍ രൂപത എന്നുള്ള കാര്യം വളരെക്കുറച്ച് മലയാളികള്‍ക്കു മാത്രമേ അറിയൂ. ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3 കന്യാസ്ത്രീ മഠങ്ങള്‍ (എം.ജെ.) കേരളത്തിലുണ്ട്. ബിഷപ്പ് ഫ്രാങ്കോ ആണ് ഇതിന്റെയെല്ലാം പരമാധികാരി. 4

 

ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീ കുറവിലങ്ങാട് നാടുകുന്നു മഠത്തിന്റെ മദര്‍ സുപ്പീരിയര്‍ ആയി 9 വര്‍ഷം സേവനം ചെയ്ത, ചെറുപ്പക്കാരിയായ ഒരു സന്യാസിനി ആയിരുന്നു എന്ന് പി.സി. ജോര്‍ജ്ജിനോ കെന്നടി കരിമ്പിന്‍ കാലായ്‌ക്കോ അറിയാമായിരുന്നു എന്നു തോന്നുന്നില്ല. ദൈവത്തിന്റെ കുഞ്ഞാടുകളെപ്പോലെ, യേശുക്രിസ്തുവിന്റെ മണവാട്ടിയെപ്പോലുള്ള ഒരു മാടപ്പിറാവിനെയാണ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചത് എന്നോര്‍ക്കണം. ബലാല്‍സംഗത്തെ പലരും പലവിധത്തിലും വ്യാഖ്യാനിക്കാനിടയുണ്ടെന്നുള്ള കാര്യം എടുത്തുപറയേണ്ടതില്ലല്ലോ- പ്രത്യേകിച്ച് മലയാളികള്‍. ഇവിടെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കത്തോലിക്കാ വിശ്വാസിയായ ഞാന്‍ ചെറുപ്പം മുതല്‍ പഠിച്ചിരിക്കുന്നത് യേശുക്രിസ്തുവിന്റെ തന്നെ വാക്കുകളില്‍ അറിവില്ലാത്തവര്‍ക്കു വേണ്ടി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. മത്തായിയുടെ സുവിശേഷത്തില്‍ അദ്ധ്യായം 5-ല്‍ വാക്കുകള്‍ 27 മുതവ് 30 വരെ സംശയമുള്ളവര്‍ക്ക് നോക്കാവുന്നതാണ്: “ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു. വലത്തു കണ്ണ് നിനക്ക് പാപഹേതുവാകുന്നുവെങ്കില്‍ അത് ചൂഴ്‌ന്നെടുത്തുകളയുക. ശരീരമാകെ നരകത്തിലേയ്ക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് അവയവങ്ങളില്‍ ഒന്നു നഷ്ടപ്പെടുന്നതാണ്. വലത്തുകരം നിനക്കു പാപഹേതു ആകുന്നുവെങ്കില്‍ അതു വെട്ടി ദൂരെയെറിയുക.” കത്തോലിക്കര്‍ ദൈവമായി വണങ്ങുന്ന യേശുക്രിസ്തുവിന്റെ തന്നെ വാക്കുകളാണിവ. വാസ്തവത്തില്‍ ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ ഏതെങ്കിലും ഒരു മുസ്ലീം രാജ്യത്താണ് ഈ ബലാല്‍സംഗം നടക്കുന്നതെങ്കില്‍ ബിഷപ്പ് ഫ്രാങ്കോയുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. ഇത്രയും ക്രൂരമായി ഒരു സഹോദരിയോട് ചെയ്തിട്ടും അതിനെ ന്യായീകരിക്കാന്‍ എന്റെ സ്വന്തം ജനങ്ങളും, ഏതാനും ചില പുരോഹിതന്മാരും, എന്തിനേറെ മിഷണറീസ് ഓഫ് ജീസസ് വിഭാഗത്തില്‍പ്പെട്ട ചില കന്യാസ്ത്രീകളും ഫ്രാങ്കോയെ രക്ഷിക്കാന്‍ ശ്രമം നടത്തിയതു കാണുമ്പോള്‍ യേശുക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം മറന്ന് അന്ധരെപ്പോലെ അവര്‍ പെരുമാറുന്നതു കാണുമ്പോള്‍ വളരെ വേദനയുണ്ട്. ഇത്തരക്കാര്‍ മരണാനന്തരജീവിതത്തെ അപ്പാടെ മറക്കുന്നതു പോലെ തോന്നുന്നു. ഇവര്‍ക്കെങ്ങിനെ കത്തോലിക്കാ സഭയില്‍ തുടരാനാവും.

 

സത്യത്തിനും നീതിക്കും വേണ്ടി ബലാല്‍സംഗത്തിനിരയായ സഹോദരിയോടൊപ്പം ധൈര്യപൂര്‍വ്വം നില്ക്കാന്‍ തയ്യാറായ മിഷണറീസ് ഓഫ് ജീസസിലെ സഹോദരിമാര്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്ക് ഇഹലോകത്തിലും പരലോകത്തിലും രക്ഷയുണ്ടാവുകയില്ല എന്ന് യേശുക്രിസ്തുവില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നു. യേശുവിന്റെ വാക്കുകളെ മറന്ന് നിങ്ങള്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കു കൂട്ടുനിന്നാല്‍ കേരളം കണ്ട മഹാമാരിയെക്കാള്‍ വലിയ ശിക്ഷയായിരിക്കും നിങ്ങള്‍ക്ക് വരാനിരിക്കുക എന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഓരോ പ്രവര്‍ത്തികളും ലോകം ഇന്ന് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പേരുകേട്ട ബ്രിട്ടീഷ് മിഷണറിയായ റവ. ഫാ. മാര്‍ക്ക് ബാണ്‍സ് എന്ന വൈദികന്റെ കൊലപാതകവുമായി വള9രെ അടുത്ത ബന്ധമുള്ള ആളാണ് എന്ന് അറിയാന്‍ കഴിയുന്നു. ഇതു സംബന്ധിച്ചുള്ള പല വാര്‍ത്തകളും ഇന്ന് പരസ്യമായിക്കഴിഞ്ഞു. കൊല്ലപ്പെട്ട മിഷണറി ഫാ. മാര്‍ക്കിന്റെ പേരിലുണ്ടായിരുന്ന കോടാനുകോടി രൂപയുടെ സ്വത്ത് ഇന്നു കൈകാര്യം ചെയ്യുന്നത് ബിഷപ്പ് ഫ്രാങ്കോയും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണെന്ന് അറിയാന്‍ കഴിയുന്നു. കൂടാതെ എം.ജെ. സിസ്റ്റേഴ്‌സിന്റെ സമൂഹത്തിനു ജന്മം നല്കിയ ബിഷപ്പ് കീപ്രത്തിന്റെ പെട്ടെന്നുള്ള രാജി, പിന്നീട് ജലന്ധര്‍ രൂപതാദ്ധ്യക്ഷനായി വന്ന ഗോവക്കാരനായ ബിഷപ്പ് ഡോ. അനില്‍ ജോസ് തോമസ് കൊറ്റൊയെ അധികനാള്‍ തുടരുന്നതിനു മുമ്പ് തല്‍സ്ഥാനത്തു നിന്നും മാറ്റി. ഫാ. മാര്‍ക്ക് കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളും, രക്തം പുരണ്ട മുറിയിലെ ചോരപ്പാടുകളുമെല്ലാം പോലീസില്‍ റിപ്പോര്‍ട്ടു പോലും ചെയ്യാതെ മാറ്റിയതും, ഇന്നും സംശയാസ്പദമായ ഒന്നാണ്.

 

അദ്ദേഹത്തിന്റെ ശവശരീരം മൂന്നാലു വൈദീകരുടെ നേതൃത്വത്തില്‍ മാന്തിയെടുത്ത് മൂന്നിടങ്ങളില്‍ മറവു ചെയ്യാന്‍ ശ്രമിച്ചതും ഒടുവില്‍ അദ്ദേഹത്തിന്റെ ബ്രിട്ടീഷ്‌കാരിയായ സഹോദരിയുടെ പരാതി പ്രകാരം ഗവണ്‍മെന്റിടപെട്ട് ശവശരീരം കണ്ടെടുത്തതും അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായി വന്നതാണ്. സ്ഥലവും, നിരവധി സ്ഥാപനങ്ങളും, സമ്പത്തുമുണ്ടായിരുന്ന ഫാ. മാര്‍ക്കിന്റെ സ്വത്തു മുഴുവനും കേരളക്കാരായ ആള്‍ക്കാര്‍ തട്ടി എടുത്തു എന്ന് 2005-ല്‍ അദ്ദേഹം കൊല്ലപ്പെട്ട ശേഷം ഗാര്‍ഡിയന്‍ വാര്‍ത്തയെ ആധാരമാക്കി കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ അന്വേഷണം തിരിച്ചു വിടേണ്ടതാണ്. ഞലള. (2005 ജനുവരി 17 ഗാര്‍ഡിയന്‍) നെറ്റിയില്‍ തിലകക്കുറിയുമിട്ട്, തലയില്‍ ഓറഞ്ചു നിറമുള്ള തലപ്പാവും വെച്ച് ഒരു ആള്‍ദൈവത്തെപ്പോലെ പഞ്ചാബിലും, ബീഹാറിലും വിലസി നടന്നിരുന്ന ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനശക്തി കണ്ട് കേരളാ പോലീസ് ഞെട്ടി എന്നുതന്നെ പറയാം. എന്നുതന്നെയല്ല ബിഷപ്പുമാരെ അറസ്റ്റു ചെയ്തിട്ടുള്ള ചരിത്രവുമില്ല. കേരളത്തിലും കേന്ദ്രത്തിലും, എന്തിനേറെ റോമിലും ശക്തമായ പിടിപാടുള്ള ഫ്രാങ്കോയ്‌ക്കെതിരെ ശബ്ദിക്കാന്‍ തുടക്കത്തില്‍ ആരും തന്നെ തയ്യാറായില്ല. ഒരുവിധത്തില്‍ പറഞ്ഞാല്‍ സീറോ മലബാര്‍ സഭയുടെ നെടുംതൂണായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. അദ്ദേഹത്തെപ്പോലെ ഇത്രമാത്രം പിടിപാടുള്ള ഒരൊറ്റ ബിഷപ്പുമാരും സീറോ മലബാര്‍ സഭയ്ക്കില്ല എന്നതാണ് സത്യം.

 

പക്ഷേ, കന്യാസ്ത്രീകള്‍ക്ക് ദൈവം കൂട്ടുണ്ടെന്നുള്ളത് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. മനഃസാക്ഷിയുള്ള, ദൈവഭയമുള്ള വൈദികരും, കന്യാസ്ത്രീകളും എന്തിനേറെ ചില ബിഷപ്പുമാര്‍ വരെ ഫ്രാങ്കോ ഒരു കുറ്റക്കാരനാണെന്നും, അതിനാല്‍ അന്വേഷണം വേണ്ടതാണെന്നും, കന്യാസ്ത്രീയുടെ ഭാഗത്ത് സത്യമുണ്ടെന്നും മനസ്സിലാക്കിക്കഴിഞ്ഞു. സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ത്രീജനങ്ങള്‍ ജാതി-മത-വര്‍ഗ്ഗ-രാഷ്ട്രീഭേദമന്യേ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയ്ക്ക് സഹായഹസ്തവുമായി മുമ്പോട്ടു വന്നപ്പോള്‍ അത് അന്വേഷണോദ്യോഗസ്ഥന്മാരുടെ ഇടയിലും ഉണര്‍വ്വുണ്ടാക്കിത്തുടങ്ങി. കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാസഭയിലെ ഒരു ബിഷപ്പ്മാരെയും അറസ്റ്റു ചെയ്തിട്ടില്ല എന്ന ഒരു ഭയമാണ് കേരളത്തിലെ അന്വേഷണോദ്യോഗസ്ഥന്മാര്‍ക്ക് ഇന്നും വിഘാതമായി നില്ക്കുന്നത്. അക്കാരണത്താല്‍ അവര്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അന്വേഷണം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. ആയിരക്കണക്കിന് ബിഷപ്പുമാരും, പതിനായിരക്കണക്കിന് വൈദീകരും, കാലാകാലമായി ലക്ഷോപലക്ഷം കുട്ടികളെയും, സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ച ചരിത്രം കത്തോലിക്കാ സഭയ്ക്കുണ്ട്. വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടുകൂടി ബിഷപ്പ്മാരെ അറസ്റ്റു ചെയ്യാതിരിക്കാന്‍ കാരണം പണം കൊടുത്ത് കേസ് ഒഴിവാക്കുന്ന നയമായിരുന്നു കത്തോലിക്കാ സഭ ഇത്രയും കാലം തുടര്‍ന്നുപോന്നിരുന്നത് എന്നാണ്.

 

കത്തോലിക്കാസഭ അത്രമാത്രം സമ്പന്നമായിരുന്നു. വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ പിന്‍ഗാമികള്‍ ബലാല്‍സംഗത്തിനുവേണ്ടിയും അവരുടെ സുഖത്തിനു വേണ്ടിയുമാണ് പണം വിനിയോഗിച്ചുകൊണ്ടിരുന്നത്. ഇതിന് ഒരു വ്യതിയാനം വരാന്‍ സമയമായി. ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്ന സമയം ബിഷപ്പ് ഫ്രാങ്കോ കേരളാ പോലീസിനു കീഴടങ്ങാന്‍ തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഡി.എന്‍.എ. ടെസ്റ്റിനും മറ്റു പല ടെസ്റ്റുകള്‍ക്കും അദ്ദേഹം വിധേയനായേക്കും. മേലില്‍ കേരളത്തിലെ വൈദിക മേലദ്ധ്യക്ഷന്മാരോ, വൈദീകരോ വ്യഭിചാരത്തിനു കൂട്ടുനിന്നാല്‍ അത്തരക്കാരെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ വെറുതെ വിടുമെന്നു തോന്നുന്നില്ല. കേരളത്തിലെ ജനവികാരം അത്രമാത്രം ആളികത്താന്‍ തുടങ്ങി. സ്വന്തം മാതാപിതാക്കളെയും സ്വന്തക്കാരെയുമെല്ലാം ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി രോഗികളെയും, അശരണരെയും ശുശ്രൂഷിച്ച് ദൈവവേല ചെയ്തു ജീവിക്കുന്ന കന്യാസ്ത്രീകള്‍ നമ്മുടെ സ്വന്തം സഹോദരിമാരാണെന്ന് അവരെ കുറ്റാരോപണം നടത്തുന്നവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍. നമ്മുടെ സമൂഹത്തില്‍ ഇന്നും സ്ത്രീകള്‍ക്ക് വേണ്ടവിധത്തില്‍ നീതി ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം. മറ്റൊരു കാര്യം കത്തോലിക്കാസഭയില്‍ ലൈംഗികപീഡനം വര്‍ദ്ധിച്ചുവരാന്‍ കാരണം വൈദികരെ കുടുംബജീവിതം നയിക്കാന്‍ അനുവദിക്കുന്നില്ലെന്നുള്ളതാണ്.

 

മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വിവാഹം കഴിക്കാനുള്ള അനുമതി കൊടുത്താല്‍ ഒരു പരിധി വരെ ഇക്കൂട്ടരുടെ ലൈംഗിക പീഡനത്തിന് ശമനം വരുത്താന്‍ കഴിഞ്ഞേക്കും. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വികാരം നിയന്ത്രിക്കാന്‍ പ്രയാസമുണ്ടായിരുന്നുവെങ്കില്‍ അത് സഭയില്‍ നിന്നും പുറത്തു ചാടിയ ശേഷം ആകാമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. അതുപോലെ തന്നെ കന്യാസ്ത്രീമഠങ്ങള്‍ക്ക് ഇനി മുതല്‍ പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാന്‍ സഭാമേലദ്ധ്യക്ഷന്മാര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്നും കന്യാസ്ത്രീമഠങ്ങള്‍ വൈദീകരുടെയും ബിഷപ്പിന്റെയും കീഴിലാണെന്നതാണു വാസ്തവം. കന്യാസ്ത്രീമഠങ്ങള്‍ ബിഷപ്പുമാര്‍ക്കും, വൈദീകര്‍ക്കും വിശ്രമിക്കാനുള്ള വഴിയമ്പലങ്ങളാക്കി മാറ്റാതെ മഠങ്ങളെ സ്വതന്ത്രമാക്കി അവര്‍ക്ക് പൂര്‍ണ്ണ അവകാശം വിട്ടുകൊടുക്കുക. കന്യാസ്ത്രീകളും സ്ത്രീകളാണെന്നും, അവരും വികാരവും വിചാരവുമുള്ള ജീവികളാണെന്നും തിരിച്ചറിയുക. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനങ്ങള്‍ക്കു വിധേയരായ എല്ലാ സഹോദരിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നീതി ലഭിക്കാന്‍ വേണ്ടിയുള്ള ഈ കൂട്ടായ്മയില്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ എല്ലാവിധ പിന്‍തുണയും വാഗ്ദാനം ചെയ്തുകൊള്ളുന്നു.

തോമസ് കൂവള്ളൂര്‍, ചെയര്‍മാന്‍, ജസ്റ്റീസ് ഫോര്‍ ഓള്‍, Website : www.jfaamerica.com Phone: 914-409-5772, Email: tjkoovalloor@live.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.