You are Here : Home / EDITORS PICK

ഡിസംബര്‍ 7ന് ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാന്‍ ശ്രമം

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, November 30, 2018 11:55 hrs UTC

വാഷിംഗ്ടണ്‍: അമേരിക്ക ഭാഗിക ഭരണസ്തംഭനത്തിലേയ്ക്ക് നീങ്ങുകയാണ്, ഡിസംബര്‍ 7ന് മുമ്പ് ധനാഭ്യര്‍ത്ഥന ബില്‍ പാസ്സായില്ലെങ്കില്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് റിപ്പബ്ലിക്കന്‍ നേതാക്കളുമായി ഇതൊഴിവാക്കാന്‍ കൂടിയാലോചന നടത്തി. ചില പോംവഴികള്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ സുശക്തമായ മതില്‍ നിര്‍മ്മിക്കുമെന്ന് ട്രമ്പ് വാഗ്ദാനം നല്‍കിയിരുന്നു. മതില്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായ ചെലവിന്റെ ഒരു ഭാഗം മെക്‌സിക്കോയെക്കൊണ്ട് വഹിപ്പിക്കുമെന്നും പറഞ്ഞിരുന്നു. നിര്‍മ്മാണ ചെലവില്‍ ഒന്നും തന്നെ തങ്ങള്‍ വഹിക്കുകയില്ല എന്ന മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റെ നിലപാടിന് ശേഷം നിര്‍മ്മാണത്തിന് 5 ബില്യണ്‍ ഡോളര്‍ ധനാഭ്യര്‍ത്ഥനയുമായി പ്രസിഡന്റ് യു.എസ്. സെനറ്റിനെ സമീപിക്കുകയും സെനറ്റില്‍ അംഗീകാരം നേടുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധി സഭ 1.6 ബില്യണ്‍ ഡോളര്‍ മാത്രമേ അംഗീകരിച്ചുള്ളൂ. തന്റെ ധനാഭ്യര്‍ത്ഥന ഇരുസഭകളും പാസ്സാക്കുന്നില്ലെങ്കില്‍ ഭരണം സ്തംഭിപ്പിക്കുവാന്‍ താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ട്രമ്പ് പറഞ്ഞിരുന്നു. പ്രസിഡന്റുമായി നടത്തിയ കൂടിയാലോചനകള്‍ വളരെ ക്രിയാത്മകമായിരുന്നു എന്ന് ജനപ്രതിനിധി സഭ ഭൂരിപക്ഷ നേതാവ് റിപ്പബ്ലിക്കന്‍ കെവിന്‍ മക്കാര്‍ത്തി പറഞ്ഞു. സുരക്ഷിതമായ ഒരു അതിര്‍ത്തി വേണമെന്ന കാര്യത്തില്‍ പ്രസിഡന്റിന് വ്യക്തമായ നിലപാടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

 

ഹൗസ് മെജോരിറ്റി വിപ്പ് റിപ്പബ്ലിക്കന്‍ സ്റ്റീവ് സ്‌കാലിസ് (ലൂസിയാന) ഡെമോക്രാറ്റുകള്‍ വളരെ പെട്ടെന്ന് ഡെമോക്രാറ്റുകള്‍ തങ്ങള്‍ക്ക് അതിര്‍ത്തി മതില്‍ വേണ്ടാത്തതിനാല്‍ ഭരണസ്തംഭനത്തിന് കൂട്ട് നില്‍ക്കണോ എന്ന് തീരുമാനിക്കേണ്ടി വരുമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് തന്റെ 5 ബില്യന്‍ ധനാഭ്യര്‍ത്ഥന അംഗീകരിച്ചില്ലെങ്കില്‍ തനിക്കൊരു 'ബാക്ക് അപ്പ് പ്ലാന്‍' ഉണ്ടെന്ന് ട്രമ്പ് പറഞ്ഞു. സൈനികരെ തുടര്‍ച്ചയായി അതിര്‍ത്തിയില്‍ നിര്‍ത്തി, 'റേസര്‍വയര്‍' ഉപയോഗിച്ച് നിയമവിരുദ്ധ കുടിയേറ്റക്കാരെ അകറ്റി നിര്‍ത്തുമെന്ന് വിശദീകരിച്ചു. എന്നാല്‍ താന്‍ അക്ഷമനാണെന്ന് ട്രമ്പ് വ്യക്തമാക്കി. എന്റേത് ഉറച്ച നിലപാടാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഞാന്‍ ഒന്നും ചെയ്യാറില്ല. എന്നാല്‍ ഞാന്‍ പറയുന്നു; രാഷ്ട്രീയമായും ഇതൊരു വിജയമായിരിക്കും. സെനറ്റിലെ ന്യൂനപക്ഷനേതാവ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റ് ചക്ക് ഷൂമര്‍ ഈ ബജറ്റില്‍ അതിര്‍ത്തി മതിലിന് വേണ്ടി ഉള്‍ക്കൊള്ളിച്ച 1.6 ബില്യണ്‍ ഡോളര്‍ പോലും ട്രമ്പ് ഭരണകൂടം ഉപയോഗിച്ചിട്ടില്ല എന്നാരോപിച്ചു. റിപ്പബ്ലിക്കന്‍സിന്റെ നിയന്ത്രണത്തിലാണ് പ്രസിഡന്‍സിയും സെനറ്റും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സും. ഭരണസ്തംഭനം പൂര്‍ണ്ണമായും അവരുടെ ഉത്തരവാദിത്വമായിരിക്കും.

 

1.6 ബില്യണ്‍ ഡോളറില്‍ തന്നെ ഉറച്ചു നില്‍ക്കുക, ഷൂമര്‍ പറഞ്ഞു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുകളും ഈ വര്‍ഷമാദ്യം ഏതാണ്ട് നാലില്‍ മൂന്ന് ഭാഗം ധനാഭ്യര്‍ത്ഥനകളുടെ കാര്യത്തിലും യോജിച്ച് തീരുമാനമെടുത്തതാണ്. അതിര്‍ത്തി സംരക്ഷണചുമതലയുള്ള ഹോം ലാന്റ് സെക്യൂരിറ്റിയുടെയും മറ്റ് ചില ഏജന്‍സികളുടെയും കാര്യത്തിലാണ് തീരുമാനം ഉണ്ടാകാതിരുന്നത്. ഈ വകുപ്പുകള്‍ ഒരു സ്റ്റോപ്പ് ഗ്യാപ് സംവിധാനത്തില്‍ ഡിസംബര്‍ 7 വരെ പ്രവര്‍ത്തിക്കും. അതിര്‍ത്തി മതില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നത് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ എന്ന് അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളര്‍ കമ്മീഷന് സംരക്ഷണം നല്‍കുന്നതും ധനാഭ്യര്‍ത്ഥനകളുമായി ബന്ധിപ്പിക്കണമെന്ന ഡെമോക്രാറ്റുകളുടെ കനത്ത സമ്മര്‍ദ്ദം ആണ്. സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ക്ക് സംരക്ഷണം നല്‍കണം എന്ന് വീണ്ടും അരിസോണയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെഫ് ഫ്‌ളേക്ക് ആവശ്യപ്പെട്ടു. ട്രമ്പിന്റെ സ്ഥിരം വിമര്‍ശകനായ ഫ്‌ളേക്കിന്റെ കാലാവധി ഡിസംബറില്‍ തീരും. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫ്‌ളേക്ക് മത്സരിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.