കൊച്ചി : ചാലക്കുടിയിൽ ഇന്നസന്റിനെ തന്നെ ഇടതുപക്ഷത്തിനായി വീണ്ടും രംഗത്തിറക്കാൻ സിപിഎം .ജയിച്ചാലും തോറ്റാലും ഇന്നസന്റ് സ്വന്തം മണ്ഡലത്തിൽ തന്നെ മൽസരിക്കുന്നതാകും രാഷ്ട്രീയമായി ശരി എന്നായിരുന്നു വാദം. അല്ലാത്തപക്ഷം സ്വന്തം മണ്ഡലത്തിലെ വോട്ടർമാരുടെ എതിർപ്പു ഭയന്ന് മാറിയതാണെന്ന ആരോപണം ഉയർന്നേക്കാം എന്ന വിലയിരുത്തലുമുണ്ടായി. അതേസമയം മണ്ഡലത്തിൽ ആരോഗ്യരംഗത്തും മറ്റുമായി ഇന്നസന്റ് മികച്ച പ്രവർത്തനം കാഴ്ച വച്ചതായും പാർട്ടി വിലയിരുത്തുന്നു. സിറ്റിങ് എംപിയെ തന്നെ മൽസരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിച്ചെങ്കിലും ചാലക്കുടി മണ്ഡലം കമ്മിറ്റിക്ക് അത് സ്വീകാര്യമായിരുന്നില്ല. ഇന്നസന്റ് മൽസരിച്ച് തോറ്റാൽ ഉത്തരവാദിത്തം ഏൽക്കാനാവില്ലെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ ആദ്യ പ്രതികരണം. തോറ്റാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാനക്കമ്മിറ്റിക്കായിരിക്കുമെന്നും ഇതോടൊപ്പം വ്യക്തമാക്കി.
ഇന്നസന്റിനു പകരം പി.രാജീവിന്റെ പേര് ഒരാൾ മണ്ഡലം കമ്മിറ്റിയിൽ ഉന്നയിച്ചെങ്കിലും പുതിയ പേരുവേണ്ട, നിർദേശിച്ച പേരു തന്നെ ചർച്ച ചെയ്താൽ മതിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ കർശനമായി വിലക്കിയതോടെയാണ് ഇന്നസന്റിനു വഴിയൊരുങ്ങിയത്. സ്ഥാനാർഥി ചർച്ചകൾ ചൂടു പിടിക്കും മുമ്പ് ആരോഗ്യകാരണങ്ങളാൽ മൽസരത്തിനുണ്ടാവില്ലെന്ന ഇന്നസന്റിന്റെ പ്രഖ്യാപനമായിരുന്നു വാർത്ത. സിറ്റിങ് എംപി എന്ന നിലയിൽ ഇന്നസന്റ് തന്നെ മൽസരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും മൽസരിക്കാൻ താൽപര്യമില്ലെന്നു അദ്ദേഹം തന്നെ തുറന്നുപറഞ്ഞതോടെയാണ് പിന്നെ ആര് എന്ന ചർച്ച ഉയർന്നത്. സിപിഎം എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ പേരായിരുന്നു അന്ന് ഏറെ ചർച്ച ചെയ്തതും. എറണാകുളത്തും പിരാജീവിന്റെ പേര് സജീവമായി ഉണ്ടായിരുന്നെങ്കിലും ചാലക്കുടിയിലും പലരും സാധ്യത പ്രവചിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണെന്ന് ഇന്നസന്റ് പിന്നാലെ വ്യക്തമാക്കിയതോടെ എറണാകുളത്തോ ചാലക്കുടിയിലോ ഇന്നസെന്റ് മൽസരിക്കുമെന്നായി. ഒടുവിൽ എറണാകുളത്ത് രാജീവെന്നും ചാലക്കുടിയിൽ ഇന്നസന്റ് തന്നെ മൽസരിക്കണമെന്നും പാർട്ടി തന്നെ തീരുമാനിക്കുകയായിരുന്നു. ഇന്നസന്റ് മണ്ഡലം മാറി മൽസരിക്കുന്നതിനോട് പാർട്ടിയിൽ തന്നെ പലർക്കും താൽപര്യമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. എംപി എന്ന നിലയിൽ ലഭിച്ച ഫണ്ട് നല്ല നിലയിൽ ഇന്നസെന്റ് ഇവിടെ ഉപയോഗപ്പെടുത്തി. എന്നാൽ ആരോഗ്യകാരണങ്ങളാൽ പാർലമെന്റിൽ കൃത്യമായി പങ്കെടുക്കുന്നതിന് സാധിച്ചില്ലെന്നും ഇംഗ്ലീഷ് ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ വശമില്ലാത്തതിനാൽ മണ്ഡലത്തിനായി സഭയിൽ ഇന്നസെന്റ് ശബ്ദം ഉയർത്തിയില്ലെന്നുമായിരുന്നു എതിർപക്ഷത്തിന്റെ ആരോപണം. ഇത്തവണ വിജയിക്കുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്ന സീറ്റുകളിലൊന്നാണിവിടം. കഴിഞ്ഞ തവണ ചാലക്കുടിയിൽ സ്വന്തം സ്ഥാനാർഥി വിജയിക്കുമെന്നു തന്നെയാണ് ഭൂരിഭാഗം യുഡിഎഫുകാരും പ്രതീക്ഷിച്ചത്. എന്നാൽ 13,884 വോട്ടുകൾക്കാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോയെ ഇടതു സ്വതന്ത്രൻ ഇന്നസന്റ് വീഴ്ത്തിയത്. തൃശൂരിന്റെ സിറ്റിങ് എംപി കൂടിയായിരുന്ന പി.സി.ചാക്കോ സ്ഥലംമാറി ചാലക്കുടിയിൽ എത്തിയതാണ് മണ്ഡലം നഷ്ടപ്പെടാൻ ഇടയാക്കിയത് എന്നായിരുന്നു കോൺഗ്രസ് നേതൃത്വം ഇതു പഠിക്കാൻ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. അതു തന്നെ തൃശൂർ മണ്ഡലത്തിലും തിരിച്ചു സംഭവിച്ചെന്നും വിലയിരുത്തലുണ്ടായി. ചാലക്കുടി എംപിയായിരുന്ന കെ.പി. ധനപാലൻ തൃശൂരിലാണ് പരാജയപ്പെട്ടത്. സീറ്റുകൾ വച്ചുമാറിയത് സമ്മതിദായകർക്കു അത്ര ബോധിച്ചില്ലെന്ന വിലയിരുത്തലിലായിരുന്നു കോൺഗ്രസ് മുഖം രക്ഷിച്ചത്. 2014 ൽ ചാലക്കുടിയുടെ സ്വന്തം ഇന്നസന്റ് മൽസരിക്കാൻ എത്തിയപ്പോൾ ഇടതുപക്ഷം പോലും ജയം പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. ജനപ്രിയനും മികച്ച ഹാസ്യതാരവുമൊക്കെയാണ് ഇന്നസന്റ് എന്ന് എല്ലാവരും സമ്മതിക്കും. ശത്രുപക്ഷത്തുള്ളവർ പോലും ഇന്നസന്റിനെ ഇഷ്ടപ്പെടുന്നവർ. എന്നാൽ ഹിന്ദി പോയിട്ട് ഇംഗ്ലീഷ് പോലും അത്ര വശമല്ലാത്ത ഇന്നസന്റിനെ ചാലക്കുടിക്കാർ പാർലമെന്റിലേക്ക് അയക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. പ്രബുദ്ധരായ സമ്മതിദായകർ താരമൂല്യം നോക്കി ഒരാളെ സഭയിൽ അയയ്ക്കില്ലെന്നു വരെ കുറ്റംപറഞ്ഞവർ നിരവധി. എന്നാൽ അവസാന നിമിഷം ചാലക്കുടിക്കാർ തിരഞ്ഞെടുത്തത് ഇന്നസന്റിനെ. സിനിമ മാത്രമല്ല, രാഷ്ട്രീയവും വഴങ്ങും എന്നു കാട്ടുന്നതായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഇന്നസന്റിന്റെ പ്രകടനം. തിരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങി അധികം വൈകും മുമ്പേ തന്നെ ഇന്നസെന്റ് ആളു വേറെ ലെവലാണെന്ന് എതിരാളികൾക്ക് ബോധ്യപ്പെടുകയും ചെയ്തു.
Comments