സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. 450 കോടി രൂപ ചെലവില്‍ 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു പ്രോജക്‌ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി തമിഴ്നാട്ടിലുള്ള സി നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തു.
ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് 56 സ്ഥലങ്ങളില്‍ ഭവനരഹിതര്‍ക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനായി സ്ഥലം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ മൂന്നു റീജിയണുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന റീജിയണ്‍ ഒന്നില്‍ 18 സ്ഥലങ്ങളിലും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ റീജിയണില്‍ 21 സ്ഥലങ്ങളിലുമാണ് ഫ്ളാറ്റ് നിര്‍മ്മിക്കുന്നത്. കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ റീജിയണില്‍ 17 സ്ഥലങ്ങളിലാണ് ഭവനസമുച്ചയം നിര്‍മ്മിക്കുന്നത്.
ഒന്നും രണ്ടും റീജിയണില്‍ 1750 ഭവനങ്ങളും മൂന്നാമത്തെ റീജിയണില്‍ 1350 ഭവനങ്ങളുമാണ് നിര്‍മ്മിക്കുന്നത്. 450 കോടി രൂപയാണ് പദ്ധതിക്കുള്ള ആകെ ചെലവ്. പദ്ധതിയുടെ പ്രോജക്‌ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചത് 23 ബിഡ്ഡുകളാണ് ലഭിച്ചത്. ഇതില്‍ ഏറ്റവും കുറഞ്ഞ ബിഡ്ഡ് സമര്‍പ്പിച്ച ചെന്നൈയിലെ ശ്രീ സി നാരായണ റാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുക്കുകയായിരുന്നു. കണ്‍സള്‍ട്ടന്‍സിക്ക് 1.95 ശതമാനം നിരക്കിലാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഫ്ളാറ്റ് നിര്‍മ്മാണ നടപടികള്‍ ഉടന്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
Comments