ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബാംഗങ്ങളും അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ പ്രഖ്യാപനം നടന്നത്.
ഇതോടൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിലെ സന്ന്യാസസഭാംഗം ദുള്‍ചെ ലോപസ് പോന്തെസ് , സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭാംഗം മാര്‍ഗരീത്ത ബെയ് എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
ഇന്ത്യയില്‍ നിന്നും കര്‍ദിനാള്‍ തിരുസംഘത്തിന്റെ പ്രസിഡന്റ്, മറ്റ് അനേകം കര്‍ദിനാള്‍മാര്‍, സീറോ മലബാര്‍ സഭയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാല്‍പ്പത് ബിഷപ്പുമാര്‍ മുതല്‍ നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.
റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.ഇന്ന് രാവിലെ 7 മണിക്കു നിയന്ത്രിത പ്രവേശന വഴികളിലൂടെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പ്രവേശന സൗകര്യം ലഭിച്ചവര്‍ പ്രധാനവേദിയിലെത്തി.തുടക്കത്തില്‍ പ്രാത്ഥനയായി ജപമാലയും തുടര്‍ന്ന് 10.15ന് ഔദ്യോഗിക പ്രദക്ഷിണവും നടന്നു.
പിന്നീട് തെരഞ്ഞെടുക്കപ്പെട്ട വൈദീകരും അഭിവന്ദ്യ പിതാക്കന്മാരും പാപ്പായോടൊപ്പം ഒരുക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലേക്ക് പ്രത്യേക ക്രമത്തില്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. പൊതുവായ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം കര്‍ദ്ദിനാള്‍ ആഞ്ചലോ ബേച്ചു പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രിക സഭയുടെ തലവനുമായ ഫ്രാന്‍സിസ് പാപ്പായ്ക്കു മുന്നില്‍ വിശുദ്ധിയിലേക്കു ഉയര്‍ത്തപ്പെടാനുള്ള 5 പേരുടെയും ലഘു ചരിത്രം വായിച്ച് അപേക്ഷകള്‍ സമര്‍പ്പിച്ചതോടെയാണ് വിശുദ്ധ പ്രഖ്യാപനത്തിന് തുടക്കമായത്.
വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം അഞ്ചു വാഴ്ത്തപ്പെട്ടവരെയും മാര്‍പ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
Comments