ആനസവാരി കേന്ദ്രത്തിലെത്തിയ ഗുജറാത്ത് സ്വദേശിനി ആനയുടെ ചവിട്ടേറ്റ് മരിച്ചു. ഗുജറാത്ത് നര്‍മ്മദ ജില്ലയിലെ രാജ്പിപലയില് നിന്നുള്ള ദീപാലി റിങ്കേഷ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച വെകുന്നേരം നാലരയോടെയാണ് സംഭവം. ഗുജറാത്തില്‍നിന്ന് എത്തിയ പതിനാലംഗസംഘത്തിലെ യുവതിയാണ് ദുരന്തത്തിന് ഇരയായത്. കൊച്ചി - മധുര ദേശീയപാതയരികിലെ അടിമാലി കല്ലാര്‍ കമ്പിലൈനിനു സമീപമുള്ള സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ ഫോട്ടോയെടുക്കുമ്പോഴാണ് സംഭവം.
ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നതിങ്ങനെ: സംഘാംഗങ്ങള്‍ ആനകളുടെ ഫോട്ടോയെടുക്കുമ്പോള്‍ ആന മുന്‍പോട്ടു വരുന്നതുകണ്ട് ദീപാലി പിന്നോട്ടു മാറി. ചവിട്ടിയിരുന്ന കല്ലിളകി കാല് വഴുതി ഇവര്‍ വീഴുകയായിരുന്നു. ഈ സമയം മുന്പോട്ടുവന്ന ആന തുമ്പിക്കൈകൊണ്ട് ഇവരുടെ ക്യാമറ തട്ടുകയും വലതു കാല് ഉപയോഗിച്ചു ദീപാലിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഭര്‍ത്താവ് റിങ്കേഷ്, ഇവരുടെ സഹോദരന് ഡോക്ടര്‍ പ്രശാന്ത് എന്നിവര്‍ പറഞ്ഞു.
Comments