കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 169 റണ്‍സിന്‍െറ ജയം. ഇന്ത്യ ഉയര്‍ത്തിയ 364 റണ്‍സിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക 39.2 ഓവറില്‍ 194 റണ്‍സിന് ഓള് ഓട്ടാവുകയായിരുന്നു. ഇന്ത്യന്‍ സീമര്‍ ഇഷാന്ത് ശര്‍മ്മ വിതച്ച കൊടുങ്കാറ്റില്‍ ദ്വീപുകാരുടെ നാലു വിക്കറ്റുകള്‍ വീണു. ഇഷാന്തിനു പിന്തുണയുമായി ഉമേഷ് യാദവും അഷ്കര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.
43 റണ്‍സ് എടുത്ത മഹേല ജയവര്‍ധനയാണ് ലങ്കന്‍ നിരയിലെ ടോപ്സ്കോറര്‍. തിസാര പേരെര (29), ഉപുല്‍ തരങ്ക(28) എന്നിവരും ലങ്കക്കായി രണ്ടക്കം കണ്ടു.
നേരത്തെ, സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍െറയും (111) അജിങ്ക്യ രഹാനയുടെയും (113) മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. സുരേഷ് റെയ്ന 52 റണ്‍സും നേടി. ഇവരിലൂടെ കട്ടക്കിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഇന്ത്യ നേടിയത്. ലങ്കന്‍ നിരയില്‍ മികച്ച ബൗളിങ് കാഴ്ച വെച്ച സൂരജ് രണ്‍ദീവ് മൂന്ന് വിക്കറ്റ് കരസ്ഥമാക്കിയിരുന്നു.
Comments