ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തിന് പിന്നില്‍ മരുന്നില്‍ കലര്‍ന്ന വിഷാംശമാകാമെന്ന സംശയം ബലപ്പെടുന്നു. മരുന്നില്‍ സിങ്ക് ഫോസ്ഫൈഡ് കലര്‍ന്നിട്ടുണ്ടാകാം എന്നത് സംബന്ധിച്ച സൂചന ലഭിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എലിവിഷം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സിങ്ക് ഫോസ്ഫൈഡ്.
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് സിപ്രോസിന്‍ 500 എന്ന ഗുളിക നല്‍കിയിരുന്നു. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്നുകമ്പനി നിര്‍മ്മിച്ച ഗുളികകളാണ് നല്‍കിയത്. കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മരുന്ന് നിര്‍മ്മിക്കുന്ന സ്ഥലത്ത് സിങ്ക് ഫോസ്ഫൈഡ് കണ്ടെത്തിയിരുന്നു. ഗുളികകളുടെ ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുകയാണ് അധികൃതര്‍. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന എല്ലാ മരുന്നുകളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
Comments