You are Here : Home / News Plus

'ഫ്ലവേഴ്സ്' ചാനല്‍ ഫെബ്രുവരിയില്‍

Text Size  

Story Dated: Saturday, November 22, 2014 06:26 hrs UTC

തിരുവനന്തപുരം:പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന എന്‍റര്‍ടെയിന്‍മെന്‍റ് ടി.വി.ചാനല്‍ 'ഫ്ലവേഴ്സ്'വരുന്ന ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും.ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതാണ്‌ വിനോദ ടെലിവിഷന്‍ ചാനല്‍ 'ഫ്ലവേഴ്സ്'.2015 ഫെബ്രുവരി ആദ്യവാരം കൊച്ചിയില്‍ നിന്ന് സംപ്രേഷണം തുടങ്ങും.മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ തിരുവനന്തപുരത്തുനിന്ന് ഏപ്രിലിലും,അന്താരാഷ്ട്ര മാധ്യമ കോളേജ് സെപ്തംബറില്‍ കൊച്ചിയില്‍ നിന്നും ആരംഭിക്കാനാണ് പദ്ധതി.തിരുവനന്തപുരം താജ്‌ വിവാന്‍റ ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍സൈറ്റ് മീഡിയ സിറ്റി ഭാരവാഹികള്‍ അറിയിച്ചതാണ് ഇക്കാര്യം.
കേരളീയതയില്‍ കാലുറപ്പിക്കുന്ന ഫ്ലവേഴ്സ് ടെലിവിഷന്‍ സംപ്രേഷണത്തില്‍ ലോകനിലവാരം കാത്തുസൂക്ഷിക്കുമെന്ന് ഫ്ലവേഴ്സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു.സാങ്കേതിക വിദ്യയിലും ഉള്ളടക്കത്തിലും ലോക ടെലിവിഷനില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാവും പരിപാടികള്‍ നിര്‍മ്മിക്കുക.
മാധ്യമരംഗത്ത് പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യമുള്ള നൂറോളം പ്രൊഫഷണലുകളും സ്വന്തം പ്രവര്‍ത്തനമേഖലകളില്‍ വിജയകിരീടം ചൂടിയ സാമൂഹ്യ വീക്ഷണമുള്ള ഒരു സംഘം സംരംഭകരുമാണ് ഫ്ലവേഴ്സ് ചാനലിന് പിന്നില്‍.ഹൈഡെഫിനിഷന്‍ സാങ്കേതിക വിദ്യയിലായിരിക്കും പരിപാടികള്‍ തയ്യാറാക്കുക.
ആദ്യഘട്ടത്തില്‍ 500 കോടി മുതല്‍ മുടക്കുള്ള അഭിമാനകരമായ ഈ സംരംഭത്തിന് പിന്നില്‍ ഇന്‍സൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡാണ്.ലോകത്തിലെ മൂന്നാമത്തതും ഇന്ത്യയില്‍ തന്നെ ആദ്യത്തേതുമായ ഇന്‍സൈറ്റ് മീഡിയ സിറ്റിയില്‍ പതിനാല് മാധ്യമ സംരംഭങ്ങളാണ് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കുക.എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ 27 ഏക്കറിലാണ് മീഡിയ സിറ്റി സമുച്ചയം ഉയരുന്നത്.
ടി.വി.ചാനലുകള്‍ക്കും,മീഡിയ കോളേജിനും പുറമെ ചലച്ചിത്രനിര്‍മ്മാണ ഡിവിഷനും,വിവിധ രാജ്യങ്ങളില്‍ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ ലക്‌ഷ്യം വെക്കുന്ന വേള്‍ഡ് ഇവന്‍റ് സെന്‍ററും മീഡിയ സിറ്റിയിലുണ്ടാകും.
ഇന്‍സൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രൊമോട്ടേഴ്സായ,ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍,ദുബായിലെ സ്റ്റഡിവേള്‍ഡ് എഡ്യൂക്കേഷന്‍ ഹോള്‍ഡിംഗ് ചെയര്‍പേഴ്സണും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.വിദ്യ വിനോദ്,സൗദി അറേബ്യയിലെ അല്‍അബീര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആലുങ്കല്‍ മുഹമ്മദ്‌,ഭീമ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.ഗോവിന്ദന്‍,ഗള്‍ഫാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ്‌ ജി.പിള്ള,ഇന്‍സൈറ്റ് മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍,മീഡിയ സിറ്റി സാമ്പത്തിക ഉപദേഷ്ടാവ് എം.ബി.സനില്‍കുമാര്‍ എന്നിവരും പ്രത്യേക അതിഥിയായി സൗദി അറേബ്യയിലെ 'അറബ്ന്യൂസി'ന്‍റെ മുന്‍ പത്രാധിപര്‍ ഖാലിദ് എ.അല്‍മഈനയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തയായ ഗായിക ശ്രീ ഗൗരിയുടെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഫ്ലവേഴ്സിന്‍റെ ലോഗോ പ്രകാശനം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.