അഹമ്മദാബാദ്: സര്‍ക്കാറില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്ത്. വിവരാവകാശ നിയമപ്രകാരമാണ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഭാര്യയായ തനിക്ക് സുരക്ഷയോടൊപ്പം മറ്റെന്ത് സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അതിന്‍െറ സാക്ഷ്യപ്പെടുത്തിയ കോപ്പി നല്‍കണമെന്നും മൂന്ന് പേജായി സമര്‍പ്പിച്ച അപേക്ഷയിലുണ്ട്. കൂടാതെ മോദിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിയ സുരക്ഷയുടെ വിശദീകരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്.
താന്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ തന്‍െറ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒൗദ്യോഗിക വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നതെന്നും അപേക്ഷയില്‍ പറയുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരാലാണ്. അതിനാല്‍ തന്‍െറ സുരക്ഷാ ഉദ്യാഗസ്ഥരെ കുറിച്ചുള്ള പൂര്‍ണ വിവരം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മോദിയോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് യശോദ ബെന്‍ കഴിഞ്ഞദിവസം ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോദി വരികയാണെങ്കില്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Comments