You are Here : Home / News Plus

ഗോശ്രീ പാലം ദുരൂഹ മരണ കേന്ദ്രമായി മാറുന്നു

Text Size  

Story Dated: Sunday, May 06, 2018 09:00 hrs UTC

അടുത്തിടെ അന്തരിച്ച കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളിലെപ്പോലെ ദൂരൂഹമരണങ്ങളുടെ തുരുത്തായി മാറുകയാണ് ഗോശ്രീപാലം. എറണാകുളവും വൈപ്പിനും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോശ്രീപാലത്തില്‍ അടുത്തിടെ നടന്ന രണ്ടാമത്തെ ദൂരൂഹമരണവും അന്വേഷണ ഉദ്യോഗസ്ഥന്മാരെ കുഴക്കുന്നു. ഗോശ്രീ പാലത്തിലൂടെ ഒരു യുവതി നടന്നു നീങ്ങുന്നത് കണ്ടവര്‍ പലരും ഉണ്ട്. എന്നാല്‍ ആ യൂവതിക്ക് പിന്നീട് എന്തു സംഭവിച്ചു. ഇന്നും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ കഴിയുന്നില്ല.

വിവാഹദിവസം രാവിലെ ഒരുക്കങ്ങള്‍ക്കായി ബ്യൂട്ടി പാര്‍ലറിലേക്കു പോയ എളങ്കുന്നപ്പുഴ പെരുമാള്‍പടി ആശാരിപറമ്ബില്‍ മാനം കണ്ണേത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രീയ (21)യുടെ മൃതദേഹം പിറ്റേദിവസം വേമ്ബനാട് കായലില്‍ മുളവുകാട് സഹകരണ റോഡ് കടവിനു സമീപം കണ്ടെത്തുകയായിരുന്നു. ഇതിനു സമാനമായ സംഭവം കഴിഞ്ഞവര്‍ഷം ഗോശ്രീപാലത്തില്‍ തന്നെ നടന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2017 മാര്‍ച്ച്‌ ഏഴിനു കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനെട്ടുകാരി മിഷേല്‍ ഷാജിയുടെ മരണവുമായി ഇതിനെ കൂട്ടിവായിക്കേണ്ടി വരും. രണ്ടു ദൂരൂഹമരണങ്ങള്‍ക്കും സാമ്യങ്ങള്‍ എറെ. മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വൈകുന്നേരം ഏഴിനു മണിയോടെ മിഷേല്‍ പാലത്തിലേക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

ഹൈക്കോടതി ജംഗ്ഷന് അടുത്തുള്ള ഫ് ളാറ്റില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും നടപ്പിന്റെ രീതിയും വെച്ചാണ് മിഷേല്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. മിഷേലിനെ ഗോശ്രീ പാലത്തില്‍ വെച്ച്‌ കണ്ടതായി നേരത്തെ സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നു. ഗോശ്രി പാലത്തില്‍ കണ്ടെത്തിയതായി പറയുന്നതിനു മുന്‍പ് മിഷേല്‍ കലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പോയിരുന്നതായി അവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പറയുന്നു. എന്നാല്‍ പിന്നീട് മിഷേലിനു എന്തു സംഭവിച്ചു. ഇനിയും ഇതിനു ഉത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.

ഗോശ്രീപാലത്തില്‍ നിന്നും കാണാതായ മിഷേലിന്റെ മൃതദേഹം എറണാകുളം വാര്‍ഫിനു സമീപമാണ് കണ്ടെത്തിയത്.

പഠനത്തില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന സി.എ.വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇന്നും മിഷേലിന്റെ മാതാപിതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. പോലീസ് സംഭവം അവസാനം ആത്മഹത്യയില്‍ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. കേരള പോലീസിന്റെ ആത്മഹത്യാവാദത്തോട് യോജിക്കാത്ത മിഷേലിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും മിഷേലിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ച മരണമടഞ്ഞ കൃഷ്ണപ്രിയയുടെ കാര്യത്തിലും ദൂരൂഹതകള്‍ ഏറെ. പറവൂര്‍ കാളിക്കുളങ്ങരയിലെ യുവാവുമായി എളങ്കുന്നപ്പുഴ ബ്രഹ്മണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണ പ്രിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അന്നു രാവിലെ 6.45നു വീടിനടുത്തുള്ള ബ്യൂട്ടി പാര്‍ലറില്‍ കൃഷ്ണ പ്രിയയെ ഒരു ബന്ധു കൊണ്ടുചെന്നുവിടുകയായിരുന്നു. ബന്ധു മടങ്ങിയതിനു ശേഷം ബ്യൂട്ടീഷ്യന്‍ അല്‍പ്പനേരം കാത്തിരിക്കാന്‍ കൃഷ്ണപ്രിയയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത കുടുംബക്ഷേത്രത്തില്‍ പോയിവരാം എന്നു പറഞ്ഞു ബ്യൂട്ടിപാര്‍ലറില്‍ നിന്നും ഇറങ്ങിയ കൃഷ്ണപ്രിയ പിന്നീട് തിരിച്ചുവന്നില്ല. മരണത്തിലേക്കായിരുന്നു ആ യാത്ര.

അരമണിക്കൂര്‍ കഴിഞ്ഞിട്ടും യുവതി എത്താതിരുന്നതിനെ തുടര്‍ന്നു ബ്യൂട്ടീഷ്യന്‍ വിവരം വീട്ടൂകാരെ അറിയിച്ചു. തുടര്‍ന്നു പോലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ചയാണ് കൃഷ്ണപ്രിയയുടെ മൃതഹേം പോലീസിനു ലഭിക്കുന്നത്. കൃഷ്ണപ്രിയയുടെ മൊബൈലില്‍ വന്ന കോളുകള്‍ അനുസരിച്ചു അന്വേഷണം നടത്തണമെന്നു വീട്ടുകാര്‍ അവശ്യപ്പെട്ടു. എന്നാല്‍ പോലീസിനു കാര്യമായ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ നമ്ബരുകളില്‍ നിന്നും ലഭിച്ചിട്ടില്ല.

ഇതേ പോലെയാണ് മിഷേല്‍ ഷാജിയുടെ കാര്യത്തിലും സംഭവിച്ചത്. മിഷേലിന്റെ മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വീട്ടുകാര്‍ മിഷേലുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മിഷേലിന്റെ മൊബൈല്‍ ഫോണ്‍ പിന്നീട് കണ്ടെത്താനായില്ല. മിഷേലിനെ ഒരാള്‍ സ്ഥിരമായി ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. എന്നാല്‍് ഇയാള്‍ നിരപരാധിയാണെന്നു പൊലീസ് പറയുന്നു.

കൃഷ്ണപ്രിയയുടെ കാര്യത്തില്‍ മിഷേലിന്റെ മരണവുമായി കൂട്ടിയോജിപ്പിക്കുന്ന മറ്റൊരുവിവരം കൂടി പോലീസിനു ലഭിച്ചു. കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കാണപ്പെടുന്നതിനു ഏതാനും ദിവസം മുന്‍പ് മരിച്ച മിഷേലിനെക്കുറിച്ച്‌ കൃഷ്ണപ്രിയ തന്റെ സഹോദരിയുമായി സംസാരിച്ചിരുന്നു. അധികം ആരുമായും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു കൃഷ്ണപ്രിയ എന്ന് പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ കൂട്ടുകാരികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ല. കൃഷ്ണപ്രിയയുടെ മുന്‍കാമുകനായി പറയപ്പെടുന്ന യുവാവിനെയും വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെയും ഞാറയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ മുന്‍കാമുകനുമായുള്ള ബന്ധം ആറ് മാസം മുന്‍പ് അവസാനിച്ചിരുന്നു. വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്ന യുവാവുമായി തുടര്‍ച്ചയായി ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ കൃഷ്ണപ്രിയയുടെ സമ്മതത്തോടെയാണ് വിവാഹത്തിനു വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതെന്നു കരുതണം. ആത്മഹത്യ ചെയ്യാനുള്ള സാധ്യത അതുകൊണ്ട് കൃഷ്ണപ്രിയക്ക് ഇല്ലെന്നു വീട്ടുകാര്‍ വിശ്വസിക്കുന്നു.

എന്നാല്‍, അവസാന മിനിറ്റില്‍ എന്തുകൊണ്ടാണ് കൃഷ്ണപ്രിയ വിവാഹം വേണ്ടെന്നുവെച്ചു ഗോശ്രീ പാലത്തിലൂടെ മരണത്തിലേക്കു നടന്നുപോയതെന്നു ആര്‍ക്കും കണ്ടെത്താനായിട്ടില്ല. കൃഷ്ണപ്രിയയുടെ മാതാപിതാക്കളെയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കുന്ന ചോദ്യമായി ഇത് അവശേഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.