രാജ്യ തലസ്ഥാനത്തിന്‍െറ ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍. എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍ സംസ്ഥാനത്തെ ഏഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കെജ് രിവാളിനൊപ്പം ക്യാമ്പിനറ്റ് മന്ത്രിമാരായി ആറു പേരും സത്യപ്രതിജ്ഞ ചെയ്തു. മനീഷ് സിസോഡിയ, സോമനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്, ഗിരീഷ് സോണി, സൗരവ് ഭരദ്വാജ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍.
രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നെജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് കെജ് രിവാളും മന്ത്രിമാരും സത്യവാചകം ചൊല്ലിയത്. കൂടാതെ സത്യവാചകം ചൊല്ലുന്നതിന് മുമ്പ് രാഖി ബിര്‍ള ഭാരത് മാതാ കീ ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കി വ്യത്യസ്ഥയായി.
എ.എ.പി പ്രവര്‍ത്തകരും അനുഭാവികളും അടക്കം വന്‍ ജനാവലി സത്യപ്രതിജ്ഞ ചടങ്ങില്‍ സാന്നിധ്യമായി. സത്യപ്രതിജ്ഞാ ചെയ്യുന്നവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ദേശീയ പതാകകള്‍ വീശുകയും കരഘോഷം നടത്തുകയും ചെയ്തു.
ദല്‍ഹിയില്‍ ഓരോ പൗരനുമാണ് അധികാരമേറ്റതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.
Comments